ഓരോ ഫയലിന് പുറകിലും ഒരു ജീവിതമുണ്ട് - വലിയ ഡയലോഗ് കാച്ചിയിരുന്നല്ലോ, പക്ഷെ ഫയലിന്റെ പുറകില്‍ ജീവിതമല്ല കൈക്കൂലി കാത്തിരിക്കുന്ന ഉദ്യോഗസ്ഥന്മാരാ; പിണറായിക്കെതിരെ നടന്‍ ജോയി മാത്യു
Aug 18, 2020, 16:10 IST
തിരുവനന്തപുരം:(www.kvartha.com 18.08.2020) അധികാരത്തിലേറിയപ്പോള്‍ ഓരോ ഫയലിന് പുറകിലും ഒരു ജീവിതമുണ്ട് എന്നൊക്കെ വലിയ ഡയലോഗ് കാച്ചിയ മുഖ്യമന്ത്രി പിണറായി വിജയനോട്, ഫയലിന്റെ പുറകില്‍ ജീവിതമല്ല കൈക്കൂലി കാത്തിരിക്കുന്ന ഉദ്യോഗസ്ഥന്മാരാണെന്ന് ഓരോ കേരളിയനും ഇപ്പോള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കയാണ് നടനും സംവിധായകനും എഴുത്തുകാരുമായ ജോയി മാത്യു പറയുന്നു. അതിനാല്‍ ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട, ജനങ്ങള്‍ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും എന്നും ജോയി മാത്യു മുന്നറിയിപ്പ് നല്‍കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മുന്നില്‍ നില്‍ക്കെയാണ് ജോയി മാത്യു സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും വിലയിരുത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
സ്വര്‍ണവും സ്വപ്നയും വിഹരിക്കുന്ന അധികാരത്തിന്റെ ഇടനാഴികളില്‍ കണ്ണ് മഞ്ഞളിച്ചു നില്‍ക്കുകയാണ് മലയാളി. ഇത്രയും പറയാന്‍ കാര്യം, ഇന്നലെ രാത്രി എന്റെ കാഴ്ചയില്‍ തടഞ്ഞ ദുഖകരമായ ഒരു വീഡിയോ ആണെന്നും ഇടത് അനുഭാവിയായ ജോയി മാത്യു പറയുന്നു. കേരളത്തിലെന്നല്ല ലോകത്ത് തന്നെ അറിയപ്പെടുന്ന ഒരു ആര്‍ക്കിടെക്ടാണ് ശങ്കര്‍. ചെലവ് കുറഞ്ഞ കെട്ടിട നിര്‍മാണ പദ്ധതികളുടെ അമരക്കാരന്‍. മെട്രോ ശ്രീധരനെപ്പോലെ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന, പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടം എന്ന സങ്കല്പം യാഥാര്‍ഥ്യമാക്കിയ ആള്‍. മാറി മാറി വന്ന ഗവര്‍മ്മന്റുകള്‍ക്കെല്ലാം സ്വീകാര്യനായ ശങ്കറിന്റെ നേതൃത്വത്തിലുള്ളതും ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന ഹെബിറ്റാറ്റ് ഗ്രൂപ്പ് പാവപ്പെട്ടവര്‍ക്കായി ആയിരക്കണക്കിന് വീടുകളാണ് വിവിധ പ്രോജക്ടുകളുടെ ഭാഗമായി നിര്‍മ്മിച്ച് നല്‍കിയിട്ടുള്ളത്.കൂടാതെ ഗവര്‍മെന്റിന്റെ തന്നെ വിവിധ കെട്ടിടങ്ങള്‍ ഏറ്റവും ചെലവ് കുറച്ചും കാലാവസ്ഥാനയോജ്യമായ രീതിയിലും,പരിസ്ഥിതിക്കിണങ്ങുന്ന രീതിയിലും നിര്‍മ്മിച്ച് നല്‍കി ലോകശ്രദ്ധ നേടിയ, ഇന്ത്യാ ഗവര്‍മെന്റ് പതമശ്രീ നല്‍കി ആദരിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥ അതി ദയനീയമാണ് എന്ന് നമ്മള്‍ അറിയണം.
ഭരണം എന്നാല്‍ പൊലീസിനെ വിട്ട് പേടിപ്പിക്കുകയാണെന്ന് തെറ്റിദ്ധരിച്ച മുഖ്യമന്ത്രി അറിയുക, താങ്കളുടെ കീഴിലുള്ള ഏതാനും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ കാരുണ്യരഹിതമായ പ്രവൃത്തിമൂലം ഒരു സ്ഥാപനം മുടിയുന്നു, തൊഴിലാളികള്‍ ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നു. യോഗ്യതയില്ലാത്ത കമ്പനികള്‍ക്ക് കാരാര്‍ നേടിക്കൊടുത്ത് കോടികള്‍ കമ്മീഷന്‍ പറ്റുന്ന സ്വപ്ന സുന്ദരികളില്ലാത്തതതിനാലാവാം ശങ്കര്‍ എന്ന പ്രതിഭാശാലി പണിമുഴുമിപ്പിച്ച ഗവര്‍മെന്റ് കെട്ടിടങ്ങളുടെ പണിക്കൂലിയായ കോടിക്കണക്കിനു രൂപ കുടിശ്ശിഖയാക്കിയത്. ശങ്കറിന്റേത് ഒരു ഒറ്റപ്പെട്ട സംഭാവമല്ല എന്നുകൂടി അറിയുക. കോവിഡ് വിതച്ച ദുരിതത്തിലാണെങ്കിലും മനുഷ്യര്‍ക്ക് ഭക്ഷണമെങ്കിലും ഈ ഓണക്കാലത്ത് കഴിക്കണ്ട സാര്‍?
അല്ലാതെ അദ്ദേഹത്തെയും ആ സ്ഥാപനത്തിലെ തൊഴിലാളികളെയും പാതാളത്തിലേക്ക് ചവിട്ടിത്തതാഴ്ത്തുന്ന വാമനന്‍ ആകരുത് താങ്കള്‍ എന്നുകൂടി അപേക്ഷിക്കട്ടെ. അധികാരത്തില്‍കയറിയപ്പോള്‍ 'ഓരോ ഫയലിന് പുറകിലും ഒരു ജീവിതമുണ്ട്' എന്നൊക്കെ വലിയ ഡയലോഗ് ഒക്കെ കാച്ചിയിരുന്നല്ലോ പക്ഷെ ഫയലിന്റെ പുറകില്‍ ജീവിതമല്ല കൈക്കൂലി കാത്തിരിക്കുന്ന ഉദ്യോഗസ്ഥന്മാരാണെന്ന് ഓരോ കേരളിയനും ഇപ്പോള്‍ മനസിലാക്കിക്കൊണ്ടിരിക്കയാണ്. അതിനാല്‍ ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട, ജനങ്ങള്‍ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും എന്നും പറഞ്ഞാണ് ജോയി മാത്യു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Keywords: Actor and writer Joy Mathew criticizes CM Pinarayi Vijayan, Joy Mathew, Criticism, File, Habitat Sankar, Gold Smuggling, Corridor of Power, Labourers, Suicide, Covid, Onam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.