ഒരുപാട് നാടകം ചെയ്തെങ്കിലും കാസര്‍കോട്ടെ തെരുവ് നാടകം മാറ്റിമറിച്ചു, തൊണ്ടിമുതല്‍ മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ നടന്‍ അലന്‍സിയര്‍ ഓര്‍മിക്കുന്നു
Jul 3, 2020, 19:06 IST
തിരുവനന്തപുരം: (www.kvartha.com 03.07.2020) ' ജാതിയും മതവും ഭക്ഷണവും നോക്കി ആളുകളെ വേര്‍തിരിക്കുകയും അവരെല്ലാം പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ഫാസിസ്റ്റ് ശക്തികള്‍ ആഹ്വാനം ചെയ്തപ്പോഴാണ് അതിനെതിരെ പ്രതികരിക്കണമെന്ന് തോന്നിയത്. അങ്ങനെയാണ് ഞാന്‍ കാസര്‍കോട് ബസ്റ്റാന്‍ഡില്‍ എത്തിയത്'- അലന്‍സിയര്‍ കെവാര്‍ത്തയുമായി തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ അനുഭവങ്ങള്‍ കെവാര്‍ത്തയുമായി പങ്കുവെച്ചു. ദേശീയ പുരസ്‌ക്കാരം ലഭിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയും പുറത്തിറങ്ങിയിട്ട് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചനടക്കുന്നു. അതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
കാസര്‍കോട്ടെ കുട്ടികളുടെ ബേബിച്ചായന്‍
ബീഫ് കഴിക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകണം എന്ന് പറഞ്ഞതിനെതിരെ പ്രതികരിക്കാന്‍ തെരുവ് നാടകം കളിക്കാനായി കാസര്‍കോട് ബസ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ആരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ല. അമേരിക്കയുടെ കൊടി അടക്കമുള്ള പ്രോപ്പര്‍ട്ടീസ് സ്റ്റാന്‍ഡിലുള്ള കടയില്‍ നിന്നാണ് വാങ്ങിയത്. വേഷവിധാനം ചെയ്ത് നാടകം കളിക്കാനായി സ്റ്റാന്‍ഡിലേക്ക് ഇറങ്ങിയപ്പോള്‍ ഏതോ തെരുവ് സര്‍ക്കസ്സുകാരനാണെന്നാണ് പലരും ധരിച്ചിരുന്നത്. അതിനിടെ സ്‌കൂള്‍ വിട്ട് വന്ന കുട്ടികള്‍ വിളിച്ചുപറഞ്ഞു, ദേ... നമ്മുടെ ബേബിച്ചായന്‍, മഹേഷിന്റെ പ്രതികാരത്തിലെ... അപ്പോഴേക്കും ചാനലുകാരെത്തി. പിന്നീടാണ് ഞാന്‍ സിനിമാ നടനാണെന്ന് കുട്ടികളൊഴികെയുള്ളവര്‍ മനസ്സിലാക്കിയത്.
ജീവിതത്തില്‍ ഒരുപാട് വേദികളില്‍ ഒറ്റയ്ക്കും അല്ലാതെയും നാടകം ചെയ്തിട്ടുണ്ട്. പക്ഷെ, കാസര്‍കോട് തെരുവ് നാടകം ചെയ്തപ്പോള്‍ കിട്ടിയ ജനശ്രദ്ധയും ചര്‍ച്ചയും മറ്റെങ്ങും ലഭിച്ചിട്ടില്ല. അതുകൊണ്ട് കാസര്‍കോടാണ് എന്റെ വലിയ വേദി. ആദ്യമായാണ് കാസര്‍കോട്ട് ചെന്നത്. അവിടെ അങ്ങനെ ഷൂട്ടിംഗൊന്നും ഇല്ലാത്ത പ്രദേശമാണ്. പക്ഷെ, ഒരാളുപോലും ചിത്രീകരണത്തിന് തടസ്സം നില്‍ക്കുകയോ, എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുകയോ ചെയ്തില്ല. ഞങ്ങളവിടെ ക്യാമറ വയ്ക്കുകയാണേ... ഒന്നു മാറി നില്‍ക്കണേ... എന്ന് പറഞ്ഞാല്‍ നാട്ടുകാര്‍ അന്നേരം മാറുമായിരുന്നു.
പൊലീസുകാര്‍ ജീവിതത്തിലും ഞാന്‍ സിനിമയും അഭിനയിക്കുന്നു
തൊണ്ടിമുതലിലെ എ.എസ്.ഐ ചന്ദ്രനെ അവതരിപ്പിക്കാന്‍ വിളിപ്പിച്ചപ്പോള്‍ ക്യാമറാമാന്‍ രാജീവ് രവിയോട് പറഞ്ഞു; അന്നയും റസൂലും ഞാന്‍ സ്റ്റീവ് ലോപ്പസ്, വൈ എല്ലാത്തിലും പൊലീസ് വേഷമായിരുന്നു. ഇത് വേണോ? ' നമുക്ക് നോക്കാം' എന്ന് രാജീവ്. സിനിമയില്‍ ഞാനൊഴികെ അഭിനയിക്കുന്ന പൊലീസുകാരെല്ലാം യഥാര്‍ത്ഥ ജീവിതത്തില്‍ പൊലീസുകാരാണ്. അവരുടെ അനുഭവങ്ങള്‍ എന്നോട് പങ്കുവയ്ക്കുമായിരുന്നു. അത് കഥാപാത്രത്തിന് ഗുണം ചെയ്തു. ഒരു ദിവസം കൂടെ അഭിനയിക്കുന്ന പൊലീസുകാരോട് പറഞ്ഞു; നിങ്ങളൊക്കെ എത്ര നല്ല നടന്‍മാരാണ്. ' അത് ഞങ്ങള് ജീവിതത്തില്‍ എല്ലാദിവസവും അഭിനയിക്കുകയല്ലേ' എന്നായിരുന്നു മറുപടി. അതില്‍ പൊലീസുകാരുടെ ആത്മസംഘര്‍ഷങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അവര്‍ ഭരണകൂടത്തിന്റെ ഉപകരണങ്ങള്‍ മാത്രമാണ്. അവര്‍ക്കൊരു മനുഷ്യാവകാശവുമില്ല. പൊലീസുകാരുടെ മനുഷ്യാവകാശത്തെ പറ്റി ആരെങ്കിലും എവിടെയെങ്കിലും പറഞ്ഞതായി അറിയില്ല. പുരോഹിതന്റെ ളോഹ പോലെയല്ല കാക്കി. അത് ഇടുന്നയാളെ കഠിനഹൃദയമുള്ളവരാക്കും. യൂണിഫോം ഇട്ടാപ്പിന്നെ ചിലപ്പോള്‍ മൂത്രം ഒഴിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ടാണ് എ.എസ്.ഐ ചന്ദ്രന്‍ സ്വന്തം ജോലി സംരക്ഷിക്കാന്‍ ഭാര്യയുടെ മാല കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത്.
വരണ്ട മണ്ണിലും ജീവിതത്തിന്റെ പച്ചിപ്പ്
സിനിമയിലെ ഒരു പ്രധാനകഥാപാത്രം ആ പ്രദേശമാണ്. സാധാരണ സിനിമകള്‍ക്ക് ഒരുപാട് സെറ്റ് ഇടുമെങ്കിലും തൊണ്ടിമുതലില്‍ കുറവാണ്. ഒരു സ്‌കൂളിന്റെ പരിസരത്ത് പൊലീസ് സ്റ്റേഷന്‍ സജ്ജീകരിച്ചു. കടകളും ബസ്റ്റോപ്പുമെല്ലാം അവിടെ തന്നെയുള്ളതാണ്. മാല മോഷണം പോകുന്നതോടെ പ്രസാദിന്റെയും (സുരാജ്) ഭാര്യയുടെയും (നിമിഷ) ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അവസാനം കൃഷി ആരംഭിക്കാന്‍ കുഴല്‍ കിണറില്‍ നിന്ന് വെള്ളം പുറത്ത് വരുന്നതോടെയാണ് അവസാനിക്കുന്നത്. അതിനാല്‍ കാസര്‍കോട്ടെ ഭൂപ്രകൃതി വരണ്ടതാണെങ്കിലും അവിടെ ജീവിത്തിന്റെ പച്ചിപ്പ് തളിര്‍ക്കുമെന്ന് പറയുന്ന സിനിമ കൂടിയാണ് തൊണ്ടിമുതല്‍.
പൊലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന സംഭവങ്ങളും സംഭാഷണങ്ങളുമാണ് സിനിമയിലുള്ളത്. എഴുതിവെച്ച സംഭാഷണങ്ങള്‍ അത് പോലെ പറയുകയായിരുന്നില്ല. നമ്മള്‍ സാധാരണ പെരുമാറുന്നത് പോലെ അഭിനയിക്കുകയായിരുന്നു. മാല കാണാതെ പോയ ശേഷം പ്രസാദും ഭാര്യയും പൊലീസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ മൊഴി എടുക്കുന്ന സീന്‍ കാണുന്ന പ്രേക്ഷകര്‍ക്ക് മനസ്സിലാകും അവിടെ നടക്കുന്ന തരികിടകള്‍
സ്റ്റീവ് ലോപ്പസ് എന്റെ അച്ഛന്‍
ഞാന്‍ സ്റ്റീവ്‌ലോപ്പസ് എന്ന സിനിമയില്‍ ക്രൂരനായ ഒരു പൊലീസ് ഓഫീസറെയാണ് അവതരിപ്പിച്ചത്. മകനോട് സ്‌നേഹമുണ്ടെങ്കിലും അത് പോലും പ്രകടിപ്പിക്കാന്‍ പോലും കഴിയാത്തയാളാണ് അയാള്‍. എന്റെ അച്ഛന്‍ ഒരു പൊലീസുകാരനായിരുന്നു. ചെറുപ്പത്തില്‍ അദ്ദേഹം എന്നോട് പെരുമാറിയിരുന്നത് ആലോചിച്ചാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. നിയമവും അനീതിയും കുടുംബവും എല്ലാം സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് നടുവിലാണ് ആ പൊലീസുകാരന്‍.
Keywords: Alencier, Rajive Ravi, Thondimuthalum Driksakshiyum, Street Drama, Suraj Venjaramood, Police station, Human rights, Borewell, Annayum Rasulum, Social media, Actor Alancieor Remembering Shooting days of Tondimuthalum Driksakhiyum.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.