ഇനി രണ്ടു ദിവസം, 91 ചിത്രങ്ങള്‍

 


തിരുവനന്തപുരം: (www.kvartha.com 12.12.2017) 22ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീഴാന്‍ രണ്ടുനാള്‍ മാത്രം ശേഷിക്കെ സുവര്‍ണ ചകോരം നേടുന്ന ചിത്രം ഏതെന്ന് അറിയാന്‍ ആകാംക്ഷാഭരിതരായി ചലച്ചിത്രപ്രേമികള്‍. മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളും ഇതിനോടകം പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു. നിശാഗാന്ധി ഉള്‍പ്പെടെ 14 തിയേറ്ററുകളില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നൂറിലധികം ചിത്രങ്ങളാണ് ഇതുവരെ പ്രദര്‍ശിപ്പിച്ചത്. 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ചിത്രങ്ങളാണ് ഇത്തവണ മേളയിലുള്ളത്.

ഇനി രണ്ടു ദിവസം, 91 ചിത്രങ്ങള്‍


ലബനീസ് ചിത്രം ദി ഇന്‍സള്‍ട്ടിലൂടെ തുടങ്ങിയ മേളയ്ക്ക് മുന്‍വര്‍ഷങ്ങളേക്കാള്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മത്സരവിഭാഗത്തില്‍ ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകപ്രീതി നേടി. ആദ്യപ്രദര്‍ശനത്തില്‍ തന്നെ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് റോള്‍പെക്കിന്റെ ദ യംഗ് കാള്‍മാര്‍ക്‌സ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയുടെ പിറവിയാണ് ചിത്രത്തിന്റെ ഉള്ളടക്കം.

മത്സരവിഭാഗത്തില്‍ ജോണി ഹെന്‍ഡ്രിക്‌സിന്റെ കാന്‍ഡലേറിയയും ഇന്ത്യന്‍ ചിത്രം ന്യൂട്ടണും പ്രേക്ഷകരുടെ കൈയ്യടി നേടി. റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറോവ്, ചാഡ് സാംസ്‌കാരിക വകുപ്പ് മന്ത്രിയും സംവിധായകനുമായ മെഹമ്മദ് സാലെ ഹാറൂണ്‍, ബംഗാളി ചലച്ചിത്രകാരി അപര്‍ണ സെന്‍, മാധബി മുഖര്‍ജി എന്നിവരടക്കം പ്രമുഖ സിനിമാപ്രവര്‍ത്തകര്‍ മേളയിലെത്തി. ഇനി വരുന്ന രണ്ട് ദിവസങ്ങളില്‍ 14 തിയേറ്ററുകളിലായി 91 പ്രദര്‍ശനങ്ങള്‍ നടക്കും.

ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ബുധനാഴ്ച ഒരു പ്രദര്‍ശനം കൂടി

തിരുവനന്തപുരം: ആറാം ദിവസമായ ബുധനാഴ്ച മത്സര വിഭാഗത്തിലെയും ലോകസിനിമ വിഭാഗത്തിലെയും പല ചിത്രങ്ങളുടെയും അവസാന പ്രദര്‍ശനമാകും. ലോക സിനിമാ വിഭാഗത്തിലെ ശ്രദ്ധേയ ചിത്രങ്ങളായ ഡോഗ്‌സ് ആന്‍ഡ് ഫൂള്‍സ്, സമ്മര്‍ 1993, ദ യങ് കാള്‍ മാര്‍ക്‌സ്, 120 ബിപിഎം, കുപാല്‍, വുഡ് പെക്കേഴ്‌സ്, ഗുഡ് മാനേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളുടെ അവസാന പ്രദര്‍ശനമായിരിക്കും. മത്സര വിഭാഗത്തിലെ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളായ കാന്‍ഡലേറിയ, റിട്ടേണീ എന്നീ ചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും 13നാണ്. 

എഴുപത് കഴിഞ്ഞ കാന്‍ഡലേറിയയും ഭര്‍ത്താവും തമ്മിലുള്ള പ്രണയവും പരസ്പര ബന്ധത്തിന്റെ ആഴവും ചിത്രീകരിക്കുന്ന സ്പാനിഷ് ചിത്രമാണ് കാന്‍ഡലേറിയ. അതിജീവനത്തിന്റെ അനിവാര്യതയില്‍ മനുഷ്യര്‍ എങ്ങനെ പൊരുത്തപ്പെടാന്‍ പഠിക്കുന്നു എന്നതാണ് റിട്ടേണീയുടെ പ്രമേയം.

വിവിധ വിഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ദിവസം കൂടിയാണ് ഇന്ന്. ഹോമേജ് വിഭാഗത്തിലെ പല ചിത്രങ്ങളുടെയും ഒരേയൊരു പ്രദര്‍ശനവും ഇന്നാണ്. മത്സര വിഭാഗത്തില്‍ രണ്ടുപേര്‍ എന്ന ചിത്രവും മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ കറുത്ത ജൂതന്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ് എന്നിവയും ഹോമേജ് വിഭാഗത്തില്‍ സ്വരൂപം, മൃഗയ, ആയിരത്തില്‍ ഒരുവന്‍ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. അവള്‍ക്കൊപ്പം വിഭാഗത്തില്‍ ദേശാടനക്കിളി കരയാറില്ല, റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ തോറ്റം എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. ടേക്ക് ഓഫ്, രണ്ടുപേര്‍ എന്നീ ചിത്രങ്ങള്‍ക്ക് ഒരു പ്രദര്‍ശനം കൂടിയുണ്ട്.

Keywords:  Kerala, Thiruvananthapuram, IFFK, International Film Festival, News, Entertainment, Cinema, 91 movies will be played next two days in IFFK 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia