58-ാം പിറന്നാളിന് ട്രിബ്യൂട്ട് ടു അവര്‍ ലാലേട്ടന്‍ എന്ന പേരില്‍ ചിങ്കപ്പുലി വീഡിയോ സോംഗ് പുറത്തിറക്കി മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്

 


(www.kvartha.com 21.05.2018) 58-ാം പിറന്നാളിന് ട്രിബ്യൂട്ട് ടു അവര്‍ ലാലേട്ടന്‍ എന്ന പേരില്‍ ചിങ്കപ്പുലി വീഡിയോ സോംഗ് പുറത്തിറക്കി മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്. തങ്ങളുടെ താരരാജാവിന്റെ ജന്മദിനം അവിസ്മരണീയമാക്കാന്‍ ഫാന്‍സ് അസോസിയേഷനുകള്‍ തലയും മുണ്ടും മുറുക്കിയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രാഫി വിസ്മയം പീറ്റര്‍ ഹെയ്ന്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് വീഡിയോ പ്രേക്ഷകരിലേക്ക് എത്തിച്ചത്.

മമ്മൂട്ടി മുതല്‍ ആന്റണി വര്‍ഗീസ് വരെ നീളുന്നതായിരുന്നു മലയാളസിനിമാ ലോകത്ത് നിന്നുള്ള ലാലേട്ടനുള്ള പിറന്നാള്‍ ആശംസകള്‍. ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ ലാല്‍ എന്നാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. മലയാള സിനിമയുടെ ഹൃദയം കവര്‍ന്ന 'കൊച്ചുണ്ണിക്ക്'എന്റെ ഒരായിരം ജന്മദിനാശംസകള്‍ എന്നായിരുന്നു ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ പോസ്റ്റ്.

 58-ാം പിറന്നാളിന് ട്രിബ്യൂട്ട് ടു അവര്‍ ലാലേട്ടന്‍ എന്ന പേരില്‍ ചിങ്കപ്പുലി വീഡിയോ സോംഗ് പുറത്തിറക്കി മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്

കുറച്ച് വ്യത്യസ്തമായി പിറന്നാള്‍ ആശംസകള്‍ നേരാനാണ് യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് ശ്രമിച്ചത്. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിനെ സൂചിപ്പിക്കും വിധം L എന്ന ഇംഗ്ലീഷ് അക്ഷരമാണ് ആശംസയായി പൃഥ്വി പോസ്റ്റ് ചെയ്തത്. ജയറാം, ജയസൂര്യ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, അനുസിത്താര, പ്രിയദര്‍ശന്‍, ആന്റണി പെരുമ്പാവൂര്‍, പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് സില്‍വ തുടങ്ങി സിനിമാ മേഖല ഒന്നടങ്കം തങ്ങളുടെ ലാലേട്ടന് ജന്മദിന ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

1960 മേയ് 21ന് പത്തനംതിട്ടയിലെ എലന്തൂരിലാണ് മോഹന്‍ലാല്‍ ജനിച്ചത്. നിയമ സെക്രട്ടറിയായിരുന്ന വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ മകനായിരുന്നു ലാല്‍. തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍, മഹാത്മാ ഗാന്ധി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1980ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞപൂക്കളിലൂടെ അഭിനയ രംഗത്തെത്തിയ മോഹന്‍ലാല്‍ മലയാള സിനിമയുടെ നെടുംതൂണായതെല്ലാം പിന്നീട് ചരിത്രമാണ്.

മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച ലാല്‍ രണ്ട് തവണ മികച്ച നടനുള്ളതുള്‍പ്പടെ നാല് ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കി. ഒമ്പത് കേരള സംസ്ഥാന അവാര്‍ഡുകളും 13 ഫിലിം ഫെയര്‍ അവാര്‍ഡുകളും ലാലിനെ തേടി എത്തി. ഇതര സംസ്ഥാന ദേശാന്തര പുരസ്‌കാരങ്ങള്‍ വേറെയും. 2001ല്‍ രാജ്യം പത്മശ്രീയും 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മി ലെഫ്റ്റനന്റ് കേണല്‍ പദവിയും നല്‍കി മലയാളികളുടെ അഭിമാന താരത്തെ ആദരിച്ചു.

ഇന്നിപ്പോള്‍ തന്റെ അന്‍പത്തി എട്ടാം ജന്മദിനം മോഹന്‍ലാല്‍ ആഘോഷിക്കുന്നത് പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ ലണ്ടനിലാണ്. തന്റെ മുഖത്ത് വിടരുന്ന ഭാവപ്രകടനങ്ങളെ പോലെ അനായാസകരമായി പ്രായം എന്ന വില്ലനെ തല്ലിതോല്‍പ്പിക്കുന്ന ഈ മഹാനടനോട് പറയാന്‍ വാക്കുകള്‍ ഒന്നേയുള്ളു ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

Keywords: Chingapuli | A Musical Tribute to our Lalettan, Birthday Celebration, Mohanlal, Video, Cinema, News, Entertainment, Video,Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia