Legacy | എം ബി ശ്രീനിവാസൻ വിട വാങ്ങിയിട്ട് 37 വർഷം; ലളിത സംഗീതത്തിൻ്റെ രാജശിൽപി

 
MB Sreenivasan, music director, Malayalam cinema, iconic music legacy
MB Sreenivasan, music director, Malayalam cinema, iconic music legacy

Photo Credit: Website/ MB Sreenivasan

● യേശുദാസിനെ പിന്നണിഗാനരംഗത്തേക്ക് കൊണ്ടുവന്നു.
● ഒ.എൻ.വിയുമായി ചേർന്ന് നിരവധി അനശ്വര ഗാനങ്ങൾ സൃഷ്ടിച്ചു.
● കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു.

(KVARTHA) ചലച്ചിത്ര സംഗീത സംവിധാന രംഗത്ത് തന്റേതായ വേറിട്ട ശൈലി വഴി നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ  സംഗീതപ്രേമികൾക്ക് സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകൻ  എം ബി ശ്രീനിവാസൻ ഈ ലോകത്തോട് വിട വാങ്ങിയിട്ട് 37 വർഷം. ഗാന ഗന്ധർവ്വൻ കെ ജെ യേശുദാസിനെ പിന്നണിഗാനരംഗത്ത് ആദ്യമായി അവതരിപ്പിച്ച സംഗീത സംവിധായകൻ കൂടിയാണ് എം.ബി.എസ്. 1961ൽ കാൽപ്പാടുകൾ എന്ന ചിത്രത്തിലെ എം.ബി.എസിന്റെ സംഗീതത്തിലുള്ള 'ജാതിഭേദം മതദ്വേഷം..' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചാണ് യേശുദാസ് തന്റെ സംഗീത ജീവിതം  ആരംഭിച്ചത്.

ഭാവ സാന്ദ്രത ആയിരുന്നു എംബിഎസിന്റെ പാട്ടുകളുടെ മുഖമുദ്ര. തൊലിപ്പുറത്തുള്ള സംഗീതം അദ്ദേഹം ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ 1925 സെപ്റ്റംബർ 19-ന് ജനിച്ചു. മനമധുരൈ ബാലകൃഷ്ണൻ ശ്രീനിവാസൻ എന്നാണ് മുഴുവൻ പേര്. എം.ബി.എസ്. എന്ന ചുരുക്കപ്പേരിലാണ് സംഗീത ലോകത്ത് അറിയപ്പെടുന്നത്. തമിഴ് സിനിമയിലായിരുന്നു തുടക്കമെങ്കിലും തന്റെ പ്രശസ്തമായ ഹിറ്റ് ഗാനങ്ങൾ മുഴുവൻ പിറന്നത് മലയാള സിനിമകളിലാണ്.  

മലയാളി അല്ലാതിരുന്നിട്ടും വരികൾ എഴുതിയ ശേഷമാണ് അദ്ദേഹം സംഗീതം ചെയ്തിരുന്നത്. വരികളുടെ പ്രാധാന്യം നഷ്ടപ്പെടാതെ അർത്ഥത്തെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ടുള്ള ലളിതമായ സംഗീത ശൈലിയാണ് അദ്ദേഹത്തിന്റെ ഒട്ടു മിക്ക ഗാനങ്ങളിലും ഉപയോഗിച്ചിട്ടുള്ളത്. എം.ബി.എസിന്റെ സംഗീതത്തിൽ കവിത തുളുംബുന്ന ഒട്ടേറെ ഗാനങ്ങൾ അക്കാലത്ത് മലയാളചലച്ചിത്രങ്ങളിൽ ഉണ്ടായിരുന്നു. 'ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന...' എന്ന് തുടങ്ങുന്ന ഗാനം അതി പ്രശസ്തമാണ്.

എം.ബി.എസിന്റെ പ്രശസ്തങ്ങളായ മിക്ക ഗാനങ്ങളും ഒ.എൻ.വിയുമായുള്ള കൂട്ടുകെട്ടിൽ പിറന്നവയാണ്. ഒഎൻവിയുടെ സുവർണ വരികൾ എം ബി എസിന്റെ ലളിത സംഗീതവുമായി ചേർന്നപ്പോൾ മലയാളത്തിന് ഒരുപിടി അനശ്വര ഗാനങ്ങൾ ലഭിച്ചു. ഒരു വട്ടം കൂടി...' (ചില്ല്), നിറങ്ങൾ തൻ നൃത്തം..(പരസ്പരം), ചെമ്പക പുഷ്പ...(യവനിക), എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ, നഷ്ട വസന്തത്തിൻ തപ്‌തവനിശ്വാസമേ  (ഉൾക്കടൽ) എന്നിവ അവയിൽ ചിലതാണ്. ഗാനങ്ങൾക്ക് പുറമേ പശ്ചാത്തലസംഗീത രംഗത്തും അദ്ദേഹത്തിന്റെ സംഭാവന ശ്രദ്ധേയമാണ്.

സമാന്തര സിനിമയുടെ വക്താക്കളിൽ പെട്ട അടൂർ, എം.ടി. വാസുദേവൻ നായർ, കെ.ജി ജോർജ്, ലെനിൻ രാജേന്ദ്രൻ, മോഹൻ, ഹരിഹരൻ എന്നിവർ തങ്ങളുടെ  സിനിമകളിൽ എം.ബി.എസിന്റെ സംഗീതം ഉപയോഗിച്ചിട്ടണ്ട് എന്നത് ആ പ്രതിഭയുടെ ആഴത്തിന് തെളിവാണ്. ജോൺ എബ്രഹാമിന്റെ അഗ്രഹാരത്തിൽ കഴുതൈ എന്ന ചിത്രത്തിൽ അഭിനയിച്ച എം.ബി.എസ് കന്യാകുമാരി എന്ന ചിത്രത്തിൽ സ്വന്തം ഈണത്തിന് വരികൾ എഴുതി ആ മേഖലയിലും തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. 

ഉറച്ച കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന എംബിഎസ് സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളിലും പങ്കെടുത്തിരുന്നു. ഡൽഹിയിലെ താമസക്കാലയളവിനിടയിൽ എ കെ ജിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ചരിത്രവും എം ബി എസിന് ഉണ്ട്. ഈ കമ്മ്യൂണിസ്റ്റ് ബന്ധം വഴിയാണ് സ്വാതന്ത്ര്യ സമര സേനാനി സൈഫുദ്ദീൻ കിച്ലുവിന്റെ മകൾ സഹിദ ജവഹർലാൽ നെഹ്റുവിന്റെയും  എകെജിയുടെയും അനുഗ്രഹത്തോടെ എംബിഎസിന്റെ സഹധർമ്മിണി ആയതും. ലക്ഷദ്വീപിൽവെച്ച് മദ്രാസ് മ്യൂസിക് ക്വയറിന്റെ ഒരു പരിപാടിയുടെ പരിശീലനം നടത്തുന്നതിനിടയിൽ ഹൃദയസ്തംഭനത്തെ തുടർന്ന് കുഴഞ്ഞുവീണ എം ബി എസ് തന്റെ 62-ാം വയസ്സിൽ  ഈ ലോകത്തോട് എന്നെന്നേക്കുമായി വിടവാങ്ങി.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
MB Srinivasan, a legendary music director, passed away 37 years ago. He is known for his simple yet impactful music and his collaboration with ONV Kurup.

#MBSrinivasan #MusicLegend #MalayalamMusic #ONVKurup #FilmMusic #LalitMusic

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia