SWISS-TOWER 24/07/2023

10 ഭാഷകളില്‍, 20 രാജ്യങ്ങളില്‍, 175 പുതുമുഖങ്ങളുമായി 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' എത്തുന്നു; ചിത്രത്തിന്റെ വരുമാനം മുഴുവനും പ്രളയ ബാധിതര്‍ക്ക്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.10.2018) ചരിത്രത്തിലെ ഏറ്റവും തീവ്രമായ പ്രളയക്കെടുതിയില്‍ വലയുന്ന ദൈവത്തിന്റെ സ്വന്തം നാടിന് ആശ്വാസവുമായി ഇതാ ഒരു സിനിമയും അതിന്റെ അണിയറ പ്രവര്‍ത്തകരും. ചിത്രത്തിന്റെ വരുമാനം മുഴുവനും പ്രളയ ബാധിതര്‍ക്കും സിനിമാ മേഖലയുടെ ഉന്നമനത്തിനുമായി മാറ്റിവച്ചുകൊണ്ട് നന്മയുടെ പുതിയ താളുകള്‍ രചിക്കുകയാണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍'. സംസ്ഥാനത്തെ നൂറോളം പ്രമുഖ തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനറും ഗാനരചയിതാവുമായ  സോഹന്‍ റോയ്, സംവിധായകന്‍ ബിജു മജീദ് എന്നിവരോടൊപ്പം അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

വൈകീട്ട് 6.30ന് തിരുവനന്തപുരം ഏരീസ് പ്ലെക്‌സ് തിയറ്ററില്‍ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുക്കുന്ന റെഡ് കാര്‍പെറ്റ് ഷോയിലേക്ക് എല്ലാ മാധ്യമ പ്രവര്‍ത്തകരെയും ഏരീസ് ഗ്രൂപ്പ് ചെയര്‍മാനും സി ഇ ഓയുമായ സോഹന്‍ റോയ് സ്വാഗതം ചെയ്തുിട്ടുണ്ട്.

സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍'. സിനിമയുടെ വരുമാനത്തിന്റെ 25 ശതമാനം സിനിമാ മേഖലയുടെ ഉന്നമനത്തിനായി വിനിയോഗിക്കാന്‍ നേരത്തേ തന്നെ ഏരീസ് ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ശേഷിക്കുന്ന 75 ശതമാനത്തില്‍ 50 ശതമാനം മഴക്കെടുതിയില്‍ നശിച്ചുപോയ വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനും, 25 ശതമാനം പ്രളയബാധിര്‍ക്കും, അവരുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവിടും.

ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി 175 പുതുമുഖങ്ങളെയാണ് ചിത്രം അണിനിരത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഭോജ്പൂരി, ഗുജറാത്തി, പഞ്ചാബി, കൊങ്ങിണി, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ 10 ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 12ന് യു കെ, അയര്‍ലാന്‍ഡ്, മാള്‍ട്ട, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, അമേരിക്ക, ഓസ്ട്രിയ, ഹോങ്കോങ്, ജപ്പാന്‍, ലെബനന്‍, കെനിയ, സിങ്കപ്പൂര്‍, റഷ്യ എന്നിവിടങ്ങളിലും ഒക്ടോബര്‍ 19 മുതല്‍ ഗള്‍ഫ് രാജ്യങ്ങളിലും പ്രദര്‍ശിപ്പിക്കും.

ഇതോടെ ഏറ്റവുമധികം പുതുമുഖങ്ങളെ അണിനിരത്തുന്ന മലയാള ചിത്രം, ഏറ്റവുമധികം ഭാഷകളില്‍ പുറത്തിറങ്ങുന്ന മലയാള ചിത്രം, ഏറ്റവും കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രം എന്നീ വിശേഷണങ്ങള്‍ 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' സ്വന്തമാക്കും.

ഐക്കരക്കോണം എന്ന ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതമാണ് ചിത്രത്തിന്റെ കഥാതന്തു. ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ദേശീയ തലത്തില്‍ നടത്തിയ ഓഡിഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത പ്രതിഭകളായ വിപിന്‍ മംഗലശ്ശേരി, സമര്‍ത്ഥ് അംബുജാക്ഷന്‍, സിന്‍സീര്‍ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുല്‍, ശ്യാം കുറുപ്പ്, പ്രഭിരാജ് നടരാജന്‍, മുകേഷ് എം നായര്‍, ബേസില്‍ ജോസ് എന്നിവരാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത്. ഇവരോടൊപ്പം ലാലു അലക്‌സ്, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ബോബന്‍ സാമുവല്‍, പാഷാണം ഷാജി (സാജു നവോദയ), ജാഫര്‍ ഇടുക്കി, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, സീമ ജി നായര്‍, മഞ്ജു പത്രോസ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ബിജു മജീദ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ ആണ് നിര്‍മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം കെ ഷിബു രാജും ക്യാമറ പി സി ലാലും നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ജോണ്‍സന്‍ ഇരിങ്ങോളാണ്. ബിജു റാം സംഗീത സംവിധാനവും അനില്‍ അങ്കമാലി പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. സ്റ്റില്‍സ്: സജി അലീന. പിആര്‍ഓ: എ എസ് ദിനേശ്.

10 ഭാഷകളില്‍, 20 രാജ്യങ്ങളില്‍, 175 പുതുമുഖങ്ങളുമായി 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' എത്തുന്നു; ചിത്രത്തിന്റെ വരുമാനം മുഴുവനും പ്രളയ ബാധിതര്‍ക്ക്

Keywords:  Kerala, Entertainment, Cinema, News, Flood, "Aickarakkonathe Bhishagwaranmar" Hits the Screens!  

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia