പറ പറന്ന് പറവ; പച്ചയായ ആവിഷ്‌ക്കാരം, റിവ്യൂ വായിക്കാം

 


-   ഷഫീഖ് മുസ്തഫ

(www.kvartha.com 14.10.2017) മട്ടാഞ്ചേരിക്ക് വയലന്‍സിന്റേതല്ലാത്ത മറ്റൊരു കഥയും പറയുവാനില്ലേ എന്ന ചോദ്യം പ്രേക്ഷകന്റെ ഉള്ളിലിട്ടുകൊടുത്തിട്ടാണ് ഒരുപക്ഷേ പറവ എന്ന സിനിമയും ഒടുങ്ങുന്നത്. കുടുംബ ബന്ധങ്ങളുടേയും അതിനുള്ളിലെ സ്‌നേഹത്തിന്റേയും പിന്നെ പ്രണയത്തിന്റേയുമൊക്കെ കഥ പറയുന്നുണ്ടെങ്കിലും മറ്റു മട്ടാഞ്ചേരി സിനിമകളെപ്പോലെ ഇതിനേയും വയലന്‍സ് ഗ്രസിച്ചിരിക്കുന്നു. ഓരോ മട്ടാഞ്ചേരിക്കാരനും പ്രതികാര ദാഹിയാണെന്ന് ചിത്രം ഉറപ്പിക്കുന്നു.

ചെറുബാല്യം വിട്ടുമാറാത്ത ദാഹിയാണെന്ന് ചിത്രം ഉറപ്പിക്കുന്നു. ചെറുബാല്യം വിട്ടുമാറാത്ത കഥാനായകന്‍ പോലും അതില്‍ നിന്ന് ഒഴിവാകുന്നില്ല. തന്റെ സുഹൃത്തിനെ ഉപദ്രവിച്ചതിനു പകരം ചോദിക്കാന്‍ ചെല്ലുമ്പോള്‍ കയ്യില്‍ ഒരു കുറുവടി കരുതുവാന്‍ അവന്‍ മറക്കുന്നില്ല. അവന്റെ മുതിര്‍ന്ന സഹോദരനും പകരം ചോദിക്കുന്നതില്‍ മിടുക്കനായിരുന്നു. ക്ലൈമാക്‌സില്‍ ബാപ്പയും പ്രതികാര ദാഹിയായിത്തീരുന്നു.

 പറ പറന്ന് പറവ; പച്ചയായ ആവിഷ്‌ക്കാരം, റിവ്യൂ വായിക്കാം

പുതിയ തലമുറ സിനിമകളിലെ നല്ലൊരു മസാലയാണ് വയലന്‍സും നൊസ്റ്റാള്‍ജിയയും ചേര്‍ന്ന മിശ്രിതം. ഇതിനെക്കുറിച്ച് സംവിധായകന് നല്ല ബോധ്യമുണ്ടെന്നുവേണം കരുതാന്‍. സിനിമ കോടികളുടെ മുതല്‍ മുടക്കുള്ള കച്ചവടച്ചരക്കാകുമ്പോള്‍ മട്ടാഞ്ചേരിയിലെ കഥകള്‍ ഇങ്ങനെയൊക്കെയേ പറയാനാവൂ എന്ന് ആശ്വസിക്കാം.

'വടക്കേലെ പാത്തൂനെ പെണ്‍കെട്ടാലോചിച്ചനേകംപേര്‍വന്നാനേ... എന്നു തുടങ്ങുന്ന ടൈറ്റില്‍ സോംഗ് ഗംഭീരം! മലയാള സിനിമകളില്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ പാട്ടുകളേക്കാള്‍ നാടന്‍ ശീലിലുള്ള 'വായ്പ്പാട്ടുകള്‍'ക്ക് പ്രാധാന്യം വര്‍ധിക്കുന്നു എന്നത് ശുഭസൂചനയാണ്. പുതുതലമുറ സിനിമകളെപ്പോലെ പാട്ടുകളും ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരങ്ങളിലേക്കും രചനാ ശൈലികളിലേക്കും ഇറങ്ങി വന്നുകൊണ്ടിരിക്കുന്നു.

 പറ പറന്ന് പറവ; പച്ചയായ ആവിഷ്‌ക്കാരം, റിവ്യൂ വായിക്കാം

പടത്തിന്റെ ആദ്യ പകുതിയില്‍ സംവിധായകന് ചില അങ്കലാപ്പുകള്‍ ഉണ്ടായിരുന്നതായി അനുഭവപ്പെടുന്നുണ്ട്. കഥാപാത്രങ്ങളുടെ പരിചയപ്പെടുത്തലിനാണ് ഈ സമയം ഉപയോഗപ്പെടുത്തപ്പെട്ടിരിക്കുന്നത്. നായകനേയും അവന്റെ കൂട്ടുകാരനേയും രൂപപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മറ്റു കഥാപാത്രങ്ങളുടെ മേല്‍ അങ്ങനെയൊരു ശ്രമം ഉള്ളതായി കാണുന്നില്ല. അവര്‍ പൊങ്ങുതടികളായി സ്‌ക്രീനില്‍ അലഞ്ഞുനടക്കുന്നു. എന്നാല്‍ ഇടവേള കഴിയുന്നതോടുകൂടി പടത്തിന് അടുക്കും ചിട്ടയും ഉണ്ടാവുകയും പ്രേക്ഷകന്‍ കഥയുടെ ഉള്ളിലേക്ക് ആവാഹിക്കപ്പെടുകയും ചെയ്യുന്നുണ്ട്.


മട്ടാഞ്ചേരിയിലെ രണ്ട് കുട്ടികളിലൂടെ ഒരു മുസ്ലിം കുടുംബത്തിന്റെ കഥ പ്രത്യേക അജണ്ടകളുടെ ഭാരങ്ങളൊന്നുമില്ലാതെ സ്വാഭാവികമായി ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. അപൂര്‍വം ചില ചിത്രങ്ങള്‍ ഒഴിച്ചാല്‍ മലയാള സിനിമയിലെ മുസ്ലിം കഥാപാത്രങ്ങളെ എന്തെങ്കിലും പ്രത്യേക ഉദ്ദേശ ലക്ഷ്യങ്ങളോടു കൂടി നിര്‍മ്മിച്ചെടുത്തതായാണ് കാണാന്‍ സാധിക്കുക. എത്രയെത്ര കഥാപാത്രങ്ങള്‍ മതേതരം തെളിയിക്കാന്‍ ഓടി നടന്നു. ദേശസ്‌നേഹിയാകാന്‍ ശ്രമിച്ച് ഇളിഭ്യരായി. തീവ്രവാദത്തിനെതിരെ ഡയലോഗുകള്‍ ഉതിര്‍ത്ത് സ്വയം പരിശുദ്ധരാവാന്‍ ശ്രമിച്ചു. പിന്നെയും എത്രയോ കഥാപാത്രങ്ങള്‍..

 പറ പറന്ന് പറവ; പച്ചയായ ആവിഷ്‌ക്കാരം, റിവ്യൂ വായിക്കാം

മൂന്നും നാലും കെട്ടി ഭാര്യമാരോടൊത്ത് ഷോപ്പിംഗിനു പോകുന്നവര്‍... 'പിള്ളേരു കൃഷി' നടത്തി ജനസംഖ്യാ വിസ്‌ഫോടനം ഉണ്ടാക്കുന്ന വഷളന്മാര്‍. നിസ്സാര കാര്യങ്ങള്‍ക്കൊക്കെ മൊഴിചൊല്ലപ്പെട്ട് കരഞ്ഞുതളരുന്നവര്‍. പളപളാ മിന്നുന്ന ചട്ടയും മുണ്ടുമുടുത്ത് ബിരിയാണിതിന്നു മദിച്ചുനടക്കുന്ന കാമം മുറ്റിയ സ്ത്രീകള്‍. ഇവര്‍ രംഗത്തേക്ക് വരുമ്പോഴൊക്കെ മാപ്പിളപ്പാട്ടിന്റെ താളം ബാക്ക് ഗ്രൗണ്ടില്‍ പ്ലേ ചെയ്തുകൊടുത്തു. 

തെക്കനെന്നോ വടക്കനെന്നോ ഭേദമില്ലാതെ ഇവര്‍ക്കെല്ലാം 'ഇജ്ജും', 'കജ്ജും' ചേര്‍ത്തുള്ള ഡയലോഗുകള്‍ തൊണ്ടയില്‍ തിരുകി. അങ്ങനെ, ദൈനംദിന ജീവിതത്തില്‍ ആരും അധികമൊന്നും കണ്ടിട്ടില്ലാത്ത മുസ്ലീങ്ങള്‍ മലയാള സിനിമയില്‍ കാലങ്ങളോളം ജീവിച്ചു. ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നു. ആ വേദിയിലേക്കാണ് പറവ പറന്നുവരുന്നത്. നീണ്ട താടി ഉള്ളവരും അതില്ലാത്തവരും ആയവര്‍. കുടുംബം പോറ്റാന്‍ കച്ചവടം ചെയ്യുന്നവര്‍. കലഹിക്കുകയും പ്രണയിക്കുകയും ക്രിക്കറ്റ് കളിക്കുകയും ചെയ്യുന്നവര്‍.... മലയാള സിനിമ ഇതുവരെ നിര്‍മ്മിച്ചെടുത്ത പൊതുബോധത്തിനു ദഹിക്കാത്ത തരത്തിലുള്ള പല കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ചിത്രത്തിലുണ്ട്. അവരെല്ലാം അവരുടെ ജീവിതം സ്വാഭാവികമായി ജീവിക്കുന്നു..

 പറ പറന്ന് പറവ; പച്ചയായ ആവിഷ്‌ക്കാരം, റിവ്യൂ വായിക്കാം

ഇച്ചാപ്പി (അമല്‍ ഷാ) ഹസീബ് (ഗോവിന്ദ്) എന്നീ കേന്ദ്ര കഥാപാത്രങ്ങള്‍ തകര്‍ത്ത് അഭിനയിച്ചു. സിദ്ദീഖ് മിന്നി. ഹരിശ്രീ അശോകന്‍ പുതുതലമുറ സിനിമയുടെ ശരീരഭാഷയിലേക്ക് കടക്കാന്‍ പ്രയാസപ്പെടുന്നതുപോലെ തോന്നി. ഷെയിന്‍ നിഗത്തിന്റെ പെര്‍ഫോമന്‍സ് എടുത്തുപറയേണ്ടതാണ്. ഒരുപക്ഷേ ചിത്രത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു ഘടകം ഛായാഗ്രഹണം ആണ്. ലിറ്റില്‍ പോള്‍ എന്ന ക്യാമറാമാന്റെ അരങ്ങേറ്റം നന്നായിട്ടുണ്ട്. പടം മുതലാണോ എന്നാവും അവസാനത്തെ ചോദ്യം. മുതലാണ് എന്നു പറയാം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Parava Movie Review, Family, News,Actors, Brother, Song, Director, Cinema, Article.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia