Joju George | നിയമവിരുദ്ധമായി തേയിലക്കാടുകള്‍ക്കിടയിലൂടെ ഓഫ് റോഡ് റേസിങ്ങ് നടത്തിയെന്ന പരാതി; നടന്‍ ജോജു ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു
May 10, 2022, 12:54 IST
വാഗമണ്‍: (www.kvartha.com) നിയമവിരുദ്ധമായി തേയിലക്കാടുകള്‍ക്കിടയിലൂടെ ഓഫ് റോഡ് റേസിങ്ങ് നടത്തിയെന്ന പരാതിയില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. ജില്ലയില്‍ നിലനില്‍ക്കുന്ന ഓഫ് റോഡ് ട്രകിങ് നിരോധനം ലംഘിച്ചതിനാണ് കേസെടുത്തത്.
സംഭവത്തില്‍ ജോജു ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മോടോര്‍വാഹന വകുപ്പും നോടിസ് നല്‍കിയിട്ടുണ്ട്. അപകടകരമായി വാഹനമോടിച്ചതിനാണ് മോടോര്‍വാഹന വകുപ്പിന്റെ നടപടി. ഇതിന് പുറമെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇടുക്കി ആര്‍ടിഒ, വണ്ടിപ്പെരിയാര്‍ ജോയിന്റ് ആര്‍ടിഒയെ ചുമതലപ്പെടുത്തി.
അനുമതി ഇല്ലാതെ അപകടകരമായ രീതിയില്‍ ഓഫ് റോഡ് റൈഡ് നടത്തിയതിന് സ്ഥലത്തിന്റെ ഉടമയ്ക്കും സംഘാടകര്‍ക്കുമെതിരെയും കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കെ എസ് യു ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടന്‍ ഉള്‍പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുത്തത്. ഇടുക്കി എസ്പിക്ക് ലഭിച്ച പരാതി അദ്ദേഹം വാഗമണ്‍ പൊലീസിന് കൈമാറുകയായിരുന്നു. ഇടുക്കിയില്‍ ഓഫ് റോഡ് റെയ്‌സുകള്‍ കലക്ടര്‍ നിരോധിച്ചിട്ടുണ്ട്. ഇത് മറികടന്നാണ് പരിപാടി നടത്തിയതെന്നാണ് ആരോപണം.
മൂന്നു ദിവസം മുന്‍പാണ് വാഗമണ്ണില്‍ ജോജു ജോര്‍ജും നടന്‍ ബിനു പപ്പുവും പങ്കെടുത്ത ഓഫ് റോഡ് ജീപ് റൈഡ് നടന്നത്. ജോജുവും സംഘവും അപകടകരമായി വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വാഗമണ്‍ എം എം ജെ എസ്റ്റേറ്റിലായിരുന്നു ഓഫ് റോഡ് റേസിങ്ങ്.
തുടര്‍ന്ന് തേയിലക്കാടുകള്‍ക്കിടയിലൂടെ റേസിങ്ങ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച്, ജോജുവിനും പരിപാടിയുടെ സംഘാടകര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാന്‍സ്‌പോര്‍ട് ഓഫിസര്‍ എന്നിവര്‍ക്ക് കെ എസ് യു പരാതി നല്‍കുകയായിരുന്നു. കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് പരാതി കൈമാറിയത്. ജവിന്‍ മെമോറിയല്‍ യു കെ ഒ എന്ന സംഘടനയാണ് മത്സരത്തിന്റെ സംഘാടകര്‍.
വാഗമണ്‍ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ കൃഷിക്ക് മാത്രമേ ഉപയോഗിക്കാവൂവെന്ന നിബന്ധനയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് യാത്ര സംഘടിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. സുരക്ഷാസംവിധാനങ്ങളില്ലാതെയായിരുന്നു യാത്രയെന്നും പരാതിയിലുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.