Injury | ബോളിവുഡ് നടൻ ഗോവിന്ദക്ക് സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റു; ആശുപത്രിയിൽ ചികിത്സയിൽ


● മുംബൈയിലെ വീട്ടിൽ വെച്ചാണ് സംഭവം
● തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്
● ഗോവിന്ദ ശിവസേന (ഷിൻഡെ വിഭാഗം) നേതാവ് കൂടിയാണ്
മുംബൈ: (KVARTHA) ബോളിവുഡ് നടനും ശിവസേന (ഷിൻഡെ വിഭാഗം) നേതാവുമായ ഗോവിന്ദയ്ക്ക് മുംബൈയിലെ വീട്ടിൽ വെച്ച് അബദ്ധത്തിൽ തോക്കിൽ നിന്ന് വെടിയേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്. വീട്ടിൽ തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് ഗോവിന്ദയുടെ കാലിൽ വെടിയേറ്റതെന്നാണ് സൂചന.
ചൊവ്വാഴ്ച പുലർച്ചെ 4.45ന് കൊൽക്കത്തയിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുമ്പോഴാണ് അപകടമുണ്ടായത്. കാൽമുട്ടിനാണ് പരുക്കേറ്റത്. ഗോവിന്ദയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
സംഭവ സമയത്ത് ഭാര്യ സുനിത വീട്ടിലില്ലായിരുന്നു. ജയ്പൂരിലയിരുന്ന അവർ വാർത്ത അറിഞ്ഞയുടൻ യാത്ര തിരിച്ചു.
'ഗോവിന്ദ വീട്ടിൽ ലൈസൻസ് ഉള്ള ഒരു തോക്ക് സൂക്ഷിച്ചിരുന്നു. അബദ്ധത്തിൽ തോക്കിൽ നിന്ന് വെടിയുണ്ട കാലിൽ തുളച്ചു കയറുകയായിരുന്നു. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ വെടിയുണ്ട നീക്കം ചെയ്തു. ഇപ്പോൾ ഗോവിന്ദ സുഖം പ്രാപിച്ചിട്ടുണ്ട്. കുറച്ചു നാൾ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയണം', ഗോവിന്ദയുടെ മാനേജർ പറഞ്ഞു.
ഗോവിന്ദയുടെ അഭിനയ ജീവിതം
1980 കളുടെ അവസാനത്തിൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ഗോവിന്ദ ബോളിവുഡിലെ ഏറ്റവും ജനപ്രിയ നടന്മാരിൽ ഒരാളാണ്. ആദ്യകാലങ്ങളിൽ ആക്ഷൻ, സീരിയസ് സിനിമകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം പിന്നീട് ഹാസ്യത്തിൽ തന്റെ കഴിവുകൾ തെളിയിച്ച് ഒരു തലമുറയുടെ പ്രിയപ്പെട്ട നടനായി മാറി. ഇതുവരെ 165-ലധികം ഹിന്ദി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
1980-കളുടെ അവസാനത്തും 90-കളുടെ തുടക്കത്തിലും 'ഇൽസാം', 'മർത്തേ ദാം തക്', 'ഖുദ്ഗർസ്', 'ദരിയ ദിൽ', 'ജയ്‌സി കർണി വൈസി', 'ഭർണി', 'സ്വർഗ്', 'ഹം' തുടങ്ങിയ നിരവധി സൂപ്പർഹിറ്റുകളിലൂടെ അദ്ദേഹം പ്രേക്ഷകരെ രസിപ്പിച്ചു. പിന്നീട്, ഷോല ഔർ ഷബ്നം, ആംഖേൻ, രാജ ബാബു എന്നിവയുൾപ്പെടെ നിരവധി സൂപ്പർഹിറ്റ് കോമഡി സിനിമകളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
#Govinda #Bollywood #Accident #Mumbai #ShivSena #Injury