Social Media | ബോചെയുടെ അറസ്റ്റ്: മലയാളിയെ കുരങ്ങ് കളിപ്പിക്കുന്നു; മണ്ടന്മാരാകുന്നത് നമ്മൾ തന്നെ 

 
Bobby Chemmannur's arrest news, celebrity controversy Kerala
Bobby Chemmannur's arrest news, celebrity controversy Kerala

Photo Credit: Facebook/ Boby Chemmanur

● ബോബി ചെമ്മണ്ണൂരിൻ്റെ ദ്വയാർത്ഥ പ്രയോഗങ്ങൾ ആണ് പ്രശ്നം ഇത്രയും വഷളാക്കിയത്.
● ബോബിയുടെ ദ്വയാ൪ത്ഥ പരാമർശത്തിന് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല, അത് തീർത്തും മോശമാണ്.

സോണി കല്ലറയ്ക്കൽ

 

(KVARTHA) നടി ഹണി റോസ് വ്യവസായിയും കോടികളുടെ ഉടമയുമായ  ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക അധിക്ഷേപത്തിന് പരാതി നൽകുകയും പോലീസ് ആ പരാതി ഗൗരവമായി സ്വീകരിച്ച്  ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതുമാണ് ഇപ്പോൾ എവിടെയും ചർച്ചയായിരിക്കുന്നത്. ഇരുവരെയും അനുകൂലിച്ചും എതിർത്തും കൊണ്ട് ധാരാളം പേർ സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും മറ്റും ദിനംപ്രതി രംഗത്ത് വരുന്നത് മാസ് അല്ല മരണമാസ് ആയിക്കൊണ്ടിരിക്കുകയാണ്. ബോബി ചെമ്മണ്ണൂരിൻ്റെ ദ്വയാർത്ഥ പ്രയോഗങ്ങൾ ആണ് പ്രശ്നം ഇത്രയും വഷളാക്കിയത്. 

പ്രമുഖർ സ്വയം തങ്ങളെത്തന്നെ മാർക്കറ്റ് ചെയ്യാൻ ഈ വിഷയം ഉപയോഗപ്പെടുത്തുകയാണോ എന്ന് സംശയിക്കുന്നവരും ഏറെയാണ്. ഇവരെ ഇരുവരെയും പിന്തുണച്ച് മറ്റുചിലർ ചീപ്പ് പബ്ലിസിറ്റി ഉണ്ടാക്കാൻ ശ്രമിക്കുന്നതും കണ്ടുവരുന്നുണ്ട്. നെഗറ്റീവ് പബ്ലിസിറ്റിയെ എങ്ങനെ കച്ചവടം ആക്കാം എന്നു പഠിച്ച്  പി.എച്ച്.ഡി എടുത്ത  വിദഗ്ധനായ കച്ചവടക്കാരൻ ആണ് ബോബി ചെമ്മണ്ണൂർ എന്ന് പറയാം. അയാൾ ഈ കളി ഒക്കെ കളിച്ചിട്ടും കിട്ടാത്ത പബ്ലിസിറ്റി ചുരുങ്ങിയ ചിലവിൽ ഉണ്ടാക്കുന്നു. ഈ പബ്ലിസിറ്റി മുലം കൂടുതൽ സിനിമകൾ ഹണി റോസിനെ തേടിവരുമെന്ന കാര്യത്തിലും സംശയം വേണ്ട. അവർ അഭിനയിക്കുന്ന സിനിമകൾ കാണാൻ ധാരാളം ആളുകൾ തീയറ്ററുകളിലേക്ക് കയറാനും സാധ്യതയുണ്ട്. 

ഇനി ദ്വയാർത്ഥ പ്രയോഗങ്ങളെപ്പറ്റി പറഞ്ഞു വരികയാണെങ്കിൽ ഇവിടെ ആരും ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്താത്തവരായി കാണുകയില്ല. പല രീതിയിൽ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയവരായിരിക്കും ഏറെയും. ദ്വയാർത്ഥ പ്രയോഗങ്ങളുടെ ഉദാഹരണങ്ങളിലേയ്ക്ക് ഒന്ന് കണ്ണോടിക്കാം. നമ്മൾ നിത്യേന പറയുന്ന എല്ലാ വാചകങ്ങളും അത് രണ്ടോ മൂന്നോ അർഥത്തിൽ എടുക്കാം.  ഉദാഹരണത്തിന്, ബസ്സുകളിൽ എഴുതി വെച്ചിരിക്കുന്ന 'പുകവലി പാടില്ല' എന്ന വാചകത്തിന് പുകവലിക്കരുത് എന്നും പുകവലിക്കാൻ ഒരു പാടുമില്ല എന്നും രണ്ട് അർത്ഥങ്ങൾ ഉണ്ട്. 

അതുപോലെ, 'കൈയും തലയും പുറത്തിടരുത്' എന്നതിന് കൈയും തലയും അടുത്തിരിക്കുന്ന യാത്രക്കാരന്റെ പുറത്തിടരുത് എന്നും ബസിന് പുറത്തേക്ക് ഇടരുത് എന്നും അർത്ഥമുണ്ട്. ഒരാൾ ദ്വയാർത്ഥ പ്രയോഗം നടത്തി എന്ന് പറയുമ്പോൾ, അതിന്റെ ശരിക്കുമുള്ള അർത്ഥം കേൾക്കുന്നില്ല. നമ്മളും അയാളെപ്പോലെ ചിന്തിക്കുന്നു. മനുഷ്യരെ കൊലപ്പെടുത്തുകയും ഉപജീവനമാർഗ്ഗം ഇല്ലാതാക്കുകയും ചെയ്ത രാഷ്ട്രീയ ക്രിമിനലുകളും മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ഉദ്യോഗസ്ഥരും നമ്മുടെ നാട്ടിൽ സ്വൈര്യമായി വിഹരിക്കുന്നു. 

മദ്യലഹരിയിൽ വാഹനം ഓടിച്ചു ഒരു ബൈക്ക് യാത്രികനെ കൊലപ്പെടുത്തിയ ഐഎഎസുകാര൯ വരെ ജാമ്യത്തിലിറങ്ങി ഈ കേരളത്തിൽ വിലസുന്നു. എന്നിട്ടാണ് ഒരു ദ്വയാർത്ഥ പരാമർശത്തിന്റെ പേരിൽ മാത്രം വലിയ കോലാഹലം ഉണ്ടാക്കുന്നത്.  ബോബി ചെമ്മണ്ണൂരിന്റെ പരാമർശം മോശമാണെന്ന് സമ്മതിക്കുന്നു. എന്നാൽ, ഇതിലും വലിയ കുറ്റകൃത്യങ്ങൾ ചെയ്തവർ സ്വതന്ത്രമായി നടക്കുമ്പോൾ ഈ വിഷയത്തിന് മാത്രം അമിത പ്രാധാന്യം നൽകുന്നത് ശരിയല്ല. സര്‍ജറിക്കിടെ ഒരു സ്ത്രീയുടെ വയറ്റില്‍ കത്രിക മറന്ന ഡോക്ടര്‍ക്ക് എതിരെ കേസെടുക്കാന്‍ പരാതികാരിക്ക് കോഴികോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ ദിവസങ്ങളോളം സമരം ചെയ്യേണ്ടി വന്ന നാട്ടില്‍ തന്നെയാണ് ഇതെന്നും ഓർക്കണം.

ബോബിയുടെ ദ്വയാ൪ത്ഥ പരാമർശത്തിന് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല, അത് തീർത്തും മോശമാണ്. ബോച്ചെ വിഷയം നമ്മൾ കേരളീയർ കണ്ണ് തുറന്ന് ചിന്തിക്കേണ്ട വിഷയമാണ്. പീഡനം വരെ നടത്തിയ ക്രിമിനലുകൾ ഇന്ന് പൊതുനിരത്തിലൂടെ സ്വസ്ഥമായി വിരാജിക്കുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പീഡകരെന്ന് ആരോപിക്കപ്പെട്ട പലരും ജയിലിന് പുറത്താണ്, ഒരു പ്രസ്താവന നടത്തിയ ബോബി ചെമ്മണ്ണൂർ അകത്തും. ഇതൊന്നും കാണാതെ പോകരുത്. ബോബി ചെമ്മണ്ണൂരിനെതിരെയുള്ള മാധ്യമ വേട്ട ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അദ്ദേഹത്തിൽ നിന്ന് പരസ്യം കിട്ടാതെ ആയപ്പോൾ ബ്ലാക് മെയിൽ ചെയ്തു പരസ്യം പിടിക്കാനാണ് പലരും ശ്രമിച്ചത്. 

അതിലൊന്നും കുലുങ്ങാതെ ഒരോ നെഗറ്റീവ് പബ്ലിസിറ്റിയും വെച്ച് തൻ്റെ ബിസിനസ് വളർത്തുന്ന ബോബി ചെമ്മണ്ണൂരിനെയാണ് പലരും ഇതുവരെ കണ്ടത്. തന്നെ അംഗീകരിക്കാത്തവരെ നോക്കി കൊഞ്ഞനം കാട്ടുന്ന രീതി. അത് പല മാധ്യമ പ്രമുഖർക്കും സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു. അവർ ഈ അവസരം ശരിക്കും മുതലാക്കുന്നുമുണ്ട്. ഈ അറസ്റ്റുപോലും ബോബിയെപ്പോലുള്ളവർ തൻ്റെ ബിസിനസ് കൂടുതൽ വളർത്താൻ ഉപകാരപ്പെടുത്തുമെന്ന കാര്യത്തിൽ യാതൊരു തർക്കവും വേണ്ട. അതായിരിക്കും ഇനി ഭാവിയിൽ കാണാൻ പോകുന്നതും. മണ്ടന്മാരാകുന്നത് ഇതിൻ്റെ പിറകെ നടക്കുന്നവരും.

 #BobbyChemmannur #KeralaControversy #CelebrityArrest #MediaOutcry #PublicReaction #KeralaNews



 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia