Exploitation | അവഗണനയിലും അരികുവല്‍ക്കരണത്തിലും വീണത് താരങ്ങള്‍ മാത്രമല്ല, ചരിത്രം സൃഷ്ടിച്ച സംവിധായകരും; താരാധിപത്യത്തിന്റെ ഇരകളായി അകാലത്തില്‍ സിനിമനിര്‍ത്തേണ്ടി വന്ന ഹതഭാഗ്യര്‍ ഒട്ടേറെ
പല സംവിധായകർക്കും അവസാനകാലത്ത് സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു.
ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) മലയാള ചലച്ചിത്രരംഗത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുയര്‍ത്തിയ അലയൊലികള്‍ തുടരവെ നടീ, നടന്‍മാത്രമല്ല മുന്‍നിര സംവിധായകര്‍ നേരിട്ട അവഗണനയും ചര്‍ച്ചയാകുന്നു. മലയാളത്തിന് നിരവധി അഭിമാനകരമായ ചലച്ചിത്രങ്ങള്‍ സമ്മാനിച്ച ദേശീയ അവാര്‍ഡുകള്‍ വരെ നേടിയ സംവിധായകരാണ് താരാധിപത്യത്തിന് ഇരയായി മാറി ഫീല്‍ഡ് ഔട്ടായി പോയത്.
മലയാള സിനിമയിലെ ഏറ്റവും വലിയ ക്രാഫ്റ്റ്മാന്‍മാരിലൊരാളായ കെ ജി ജോര്‍ജ് തന്നെ സ്വകാര്യ സംഭാഷണങ്ങളില്‍ ഈക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ സിനിമകളിലൂടെ മുന്‍നിരയിലേക്ക് കടന്നുവന്ന സൂപ്പര്‍ നടന്‍ പിന്നീട് തന്നെ കാണാനോ മുഖത്തു നോക്കി സംസാരിക്കാനോ തയ്യാറായില്ലെന്നായിരുന്നു ജോര്‍ജിന്റെ പരിദേവനം. ഇലവങ്കോട് ദേശമെന്ന ചരിത്രസിനിമയുടെ വാണിജ്യപരാജയമാണ് ഈ നടനെ ജോര്‍ജില്‍ നിന്നും അകറ്റിയത്.
താരത്തിന്റെ മുറിയില്‍മറ്റൊരു സിനിമയുടെ ചര്‍ച്ചയ്ക്കായി പോയ ജോര്‍ജിന്റെ മുഖത്തു പോലുംനോക്കാതെ സംസാരിക്കാന്‍ തയ്യാറാകാതെ ഇറക്കിവിടുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. താരങ്ങളാല്‍ അകറ്റപ്പെട്ട ജോര്‍ജിന് പിന്നീടൊരു ചിത്രമുണ്ടാക്കാനോ ഇന്‍ഡ്‌സ്ട്രീയില്‍ തിരിച്ചുവരാനോ കഴിഞ്ഞില്ല. താരത്തിന്റെ ഡേറ്റ് കിട്ടാത്തതിനാല്‍ ജോര്‍ജിന് നിര്‍മാതാക്കളെ കിട്ടാത്തതായിരുന്നു കാരണം. ഈ വേദനയും അവഗണനയും സഹിച്ചു കൊണ്ടാണ് ജോര്‍ജ് സിനിമയോട് വിടപറഞ്ഞത്.
ഇതിനു സമാനമായ അനുഭവമാണ് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ കെ ലോഹിതദാസും നേരിട്ടത്. ലോഹിയുടെ മണ്ണിന്റെ മണമുളള ചിത്രങ്ങളില്‍ അഭിനയിച്ചതിനു ശേഷമാണ് പലരും ഇന്നത്തെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയത്. ലോഹിതദാസിന്റെ അന്യാദൃശ്യമായ തിരക്കഥയിലൂടെയും സംവിധാനത്തിലൂടെയും താരങ്ങളും മലയാളികളുടെ മനസില്‍ കുടിയേറുകയായിരുന്നു. ചക്രമെന്ന ഏറ്റവും അവസാനത്തെ സിനിമ ചെയ്യുന്നതിന് ലോഹിതദാസ് താനുമായി ഏറെ അടുപ്പം പുലര്‍ത്തിയ സൂപ്പര്‍ സ്റ്റാറിനെ സമീപിക്കുകയും തിരക്കഥ കൊളളില്ലെന്നു കുറ്റപ്പെടുത്തി താരം ഈ ക്ഷണം നിരസിക്കുകയുമായിരുന്നു.
പലവട്ടം ചെന്നിട്ടും ലോഹിയെ നേരിട്ടൊന്നുകാണാന്‍ പോലും ആതാരം തയ്യാറായിരുന്നില്ലെന്നാണ് വിവരം. എന്നാല്‍ അതിന്റെ വാശിയില്‍ അന്നത്തെ യുവനടനായ പൃഥിരാജിനെ വെച്ചു ലോഹിതദാസ് ആ സിനിമ ചെയ്തുവെങ്കിലും ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു. ഇതിന്റെ ആഘാതമാണ് ലോഹിതദാസിന്റെ അകാലവിയോഗത്തിനിടയാക്കിയതെന്ന് ആരോപണമുണ്ട്. മലയാളസിനിമയിലെ മികച്ച സംവിധായകനായ ഇന്ന് ജീവിച്ചിരിക്കുന്ന സിബി മലയിലും ഏറ്റവും ഒടുവില്‍ഇതേ അനുഭവം നേരിട്ടയാളാണ്. സൂപ്പര്‍ സ്റ്റാറുകളാല്‍തിരസ്‌കൃതനായ സിബിക്കും പിന്നീട് മുഖ്യധാരയിലേക്ക് വരാന്‍ കഴിഞ്ഞില്ല.
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് മേക്കറായ ഐ വി ശശി നേരിട്ടതും അവസാന കാലത്ത് ഇതേ അവഗണനായാണ്. ഒരു കാലത്ത് ചാന്‍സിനായി തന്റെ വീട്ടുപടിക്കല്‍ കാത്തുനിന്നിരുന്ന താരങ്ങള്‍ ചില ചിത്രങ്ങള്‍ വേണ്ടത്ര വിജയം കൈവരിക്കാതെയായതോടെ ഐ വി ശശിയെയും തളളിപറഞ്ഞു. പുതുമുഖങ്ങളെ അണിനിരത്തി ഐ വി ശശി ചിത്രങ്ങള്‍ ചെയ്തിരുന്നുവെങ്കിലും അതൊന്നും വിജയം കണ്ടിരുന്നില്ല.
കാമ്പുളള ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ഒട്ടേറെ സംവിധായകന്‍ താരാധിപത്യപത്യത്തിന് ഇരയായി അവഗണനയുടെ ഇരുട്ടിലാണ് കഴിഞ്ഞിരുന്നത്. ഡേറ്റുകൊടുക്കാത്തത് ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങളാണെങ്കിലും സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന തങ്ങളോടു കാണിച്ച മോശം പെരുമാറ്റമാണ് പലരെയും നൊമ്പരപ്പെടുത്തിയത്.
#MalayalamCinema #VeteranDirectors #FilmIndustry #StarSystem #Exploitation #Neglect #KeralaCinema