മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഭാഗ്യലക്ഷ്മിയും ദിയയും ശ്രീലക്ഷ്മിയും ഒളിവിലെന്ന് പോലീസ്; അറസ്റ്റ് ഒഴിവാക്കാനാകില്ല
Oct 10, 2020, 11:49 IST
തിരുവനന്തപുരം: (www.kvartha.com 10.10.2020) സ്ത്രീകളെ മോശമായി പരാമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന യുട്യൂബ് വീഡിയോ പ്രചരിപ്പിച്ച വിജയ് പി നായരെ ആക്രമിച്ചുവെന്ന കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്ന ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലെന്ന് പോലീസ്. കഴിഞ്ഞ ദിവസം ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി നിഷേധിച്ചിരുന്നു. ഇതിന് ശേഷം ആവണം പ്രതികള്‍ ഒളിവില്‍ പോയത്.
സ്ത്രീകളെ മോശമായി പരാമര്‍ശിക്കുന്ന യുട്യൂബ് വീഡിയോ പ്രചരിപ്പിച്ച വിജയ് പി നായരെ ലോഡ്ജ് മുറിയില്‍ കയറി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മോഷ്ടിച്ചുവെന്നുമാണ് തമ്പാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ജാമ്യമില്ലാവകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ കോടതിയെ സമീപിച്ചത്. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും, അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
മൂവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി കോടതിയില്‍ എതിര്‍ത്തിരുന്നു. പ്രതികള്‍ നിയമം കൈയിലെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് വിധി. നിയമവും സമാധാനവും സംരക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്, അതില്ലാതാകുമ്പോള്‍ നോക്കി നില്‍ക്കാനാകില്ല, സംസ്‌കാരമുള്ള സമൂഹത്തിന് ചേര്‍ന്നതല്ല പ്രതികളുടെ പ്രവര്‍ത്തിയെന്നും ജാമ്യാപേക്ഷ നിഷേധിച്ചുകൊണ്ട് അഡീഷണല്‍ സെഷന്‍സ് കോടതി- 3 വിധിച്ചു.
അതേസമയം ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് വിജയ് പി നായര്‍ക്കതെിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. പക്ഷെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നും കൈയേറ്റം നടന്നിട്ടില്ലെന്നുമുള്ള വിജയ് പി നായരുടെ വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്. പക്ഷേ, സ്ത്രീകളെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ വിജയ് പി നായര്‍ ഇപ്പോഴും റിമാന്‍ഡിലാണ്.
ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.