കണ്ണും മനസ്സും നിറയും; ആസിഫ് അലിയുടെ 'സർക്കീട്ട്' ഒരു ദൃശ്യാനുഭവം


● വിസിറ്റിംഗ് വിസയിലെ ജോലിയന്വേഷകരുടെ പ്രതിനിധിയാണ് അമീർ.
● പ്രേക്ഷകരെ ഇമോഷണലായി ബന്ധിപ്പിക്കുന്ന സിനിമ.
● ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.
● അജിത് വിനായക ഫിലിംസാണ് നിർമ്മാതാക്കൾ.
സോണി കല്ലറയ്ക്കൽ
(KVARTHA) ആസിഫ് അലിയെ നായകനാക്കി കെ വി താമർ സംവിധാനം ചെയ്ത സർക്കീട്ട് എന്ന സിനിമ തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. സർക്കീട്ട് ആസിഫ് അലി എന്ന നടന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ ഒരു ഫീൽ ഗുഡ് സിനിമയാണ്. വിവിധ ഭാവങ്ങൾ മുഖത്ത് മനോഹരമായി അവതരിപ്പിക്കുന്ന ആസിഫ് അലിയെ മുൻപും നമ്മൾ കണ്ടിട്ടുണ്ട്.
എന്നാൽ ഈ സിനിമയിൽ സംവിധായകൻ തമാർ കെ വി ആ കഴിവ് കൂടുതൽ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ അമീറിനെയും ജെഫ്റോണിനെയും അവതരിപ്പിക്കുന്നത് യഥാക്രമം ആസിഫ് അലിയും ബാലതാരം ഓർഹാനുമാണ്. ഇരുവരുടെയും സൗഹൃദത്തിന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം.
ആസിഫ് അലി, ബാലതാരം ഓർഹാൻ, ദിവ്യ പ്രഭ എന്നിവരെ കൂടാതെ ദീപക് പറമ്പോൾ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപൻ അടാട്ട്, സിൻസ് ഷാൻ, പ്രവീൺ റാം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച സർക്കീട്ട്, യുഎഇയിലെ ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തീകരിച്ചത്.
വിസിറ്റിംഗ് വിസയിൽ ഗൾഫിൽ ജോലി അന്വേഷിച്ച് നടക്കുന്ന ആയിരക്കണക്കിന് ചെറുപ്പക്കാരുടെ പ്രതിനിധിയാണ് ആസിഫ് അലിയുടെ അമീർ എന്ന കഥാപാത്രം. അവന്റെ ജീവിതത്തിലേക്ക് ജെപ്പു എന്ന ചെറിയ കുട്ടി കടന്നുവരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് തമാർ സംവിധാനം ചെയ്ത സർക്കീട്ട് എന്ന സിനിമയുടെ ഇതിവൃത്തം. ഒറ്റവാക്കിൽ പറഞ്ഞാൽ ഇതൊരു നല്ല ഫീൽ ഗുഡ് സിനിമയാണ്.
കഷ്ടപ്പെടുന്നവർക്ക് എവിടെ പോയാലും കഷ്ടപ്പാടുകൾ ഉണ്ടാകും എന്നൊരു പഴമൊഴിയുണ്ട്. അക്ഷരാർത്ഥത്തിൽ അങ്ങനെയൊരു കഷ്ടപ്പാടുള്ളവന്റെ കഥയാണ് സർക്കീട്ട് പറയുന്നത്. ഒരു വലിയ പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന അമീർ എത്തിച്ചേരുന്നത് അതിലും വലിയൊരു പ്രതിസന്ധിയിലേക്കാണ്.
ഏതാണ്ട് എരിതീയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു വറചട്ടിയിൽ വീണത് പോലെ. ADHD (ശ്രദ്ധക്കുറവും അതിയായ ചലനശേഷിയും) എന്ന മാനസിക പ്രശ്നമുള്ള കുട്ടിയായ ജെപ്പുവുമായി ബന്ധപ്പെട്ട് നിരവധി മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ബാലുവിന്റെയും സ്റ്റെഫിയുടെയും ജീവിതത്തിലേക്കാണ് സംവിധായകൻ ആദ്യം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്.
ബാലുവിന്റേതും സ്റ്റെഫിയുടേതും പ്രണയവിവാഹമായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും അവരവരുടെ വീട്ടുകാരുമായി അത്ര നല്ല ബന്ധത്തിലല്ല. ബാലു ദുബൈയിൽ ഒരു ബാങ്ക് ജീവനക്കാരനാണ്. സ്റ്റെഫി ഒരു ആശുപത്രി ജീവനക്കാരിയും. ഇവരുടെ മകനാണ് ജെപ്പു, സിനിമയിലെ പ്രധാന കഥാപാത്രം. അവൻ ADHD എന്ന മാനസികാവസ്ഥയുള്ള കുട്ടിയാണ്. അതായത് അനാവശ്യമായ വാശികൾ കാണിക്കുന്ന ജെപ്പു പോകുന്നിടത്തെല്ലാം പ്രശ്നങ്ങളുണ്ടാക്കുന്നു.
വീട്ടിലും അവൻ ഒരു വലിയ ശല്യക്കാരനാണ്. അതുകൊണ്ടുതന്നെ സ്റ്റെഫിയും ബാലുവും ജെപ്പുവിനെ റൂമിൽ പൂട്ടിയിട്ടാണ് ജോലിക്ക് പോകുന്നത്. സിനിമയിൽ സമാന്തരമായി രണ്ട് കഥകൾ മുന്നോട്ട് പോകുന്നുണ്ട്. അതിലൊന്ന് സ്റ്റെഫിയുടെയും ബാലുവിന്റെയും ജീവിതത്തിലെ പ്രശ്നങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.
ഇതേ ദുബൈയിൽ ജോലി അന്വേഷിച്ച് വിസിറ്റിംഗ് വിസയിൽ എത്തിയ 27 വയസ്സുകാരനാണ് അമീർ. അമീർ ഇത് രണ്ടാം തവണയാണ് ജോലി അന്വേഷിച്ച് ദുബൈയിൽ എത്തുന്നത്. ശുപാർശ ചെയ്യാൻ ആളില്ലെങ്കിൽ ദുബൈയിൽ ഒരു ജോലി നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നിരവധി ഇന്റർവ്യൂകളിൽ പങ്കെടുത്തുവെങ്കിലും അമീറിന് ഇതുവരെ ജോലിയൊന്നും ലഭിച്ചിട്ടില്ല. എങ്ങനെയും ഒരു ജോലി നേടിയേ മതിയാകൂ. കാരണം വിസിറ്റിംഗ് വിസയുടെ കാലാവധി അവസാനിക്കാൻ ഇനി ദിവസങ്ങളെ ഉള്ളൂ. CV യുമായി കയറിയിറങ്ങാൻ ഇനി ഒരു കമ്പനി പോലുമില്ല.
താമസിച്ചിരുന്ന റൂമിൽ നിന്ന് വാടക കൊടുക്കാത്തതുമൂലവും മറ്റു കാരണങ്ങളാലും പുറത്താക്കപ്പെട്ടു. അങ്ങനെ നിസ്സഹായതയുടെ ആഴത്തിൽ നിൽക്കുന്ന അമീറിനെ തേടി ഒരു കമ്പനിയിൽ നിന്ന് പ്രതീക്ഷയുടെ ഒരു നാമ്പ് പോലെ ഒരു ഫോൺകോൾ വരുന്നു. അതെ, നേരത്തെ ഇന്റർവ്യൂവിന് പോയ കമ്പനിയിൽ നിന്നുമാണ് ആ ഫോൺകോൾ. അതും ജോലി വാഗ്ദാനം ചെയ്തുകൊണ്ട്. എന്നാൽ ആ ജോലി അത്ര എളുപ്പത്തിൽ ലഭിക്കില്ല. അതിനായി അമീർ കുറച്ചുകൂടി കഷ്ടപ്പെടേണ്ടിവരും. അമീർ എന്ന യുവാവിന്റെ ജോലി തേടിയുള്ള ഈ യാത്രയാണ് സിനിമയിലെ മറ്റൊരു പ്രധാന കഥാഭാഗം.
എങ്ങനെയെങ്കിലും ഒരു ജോലി നേടിയെടുക്കാനുള്ള അവസാനത്തെ ശ്രമത്തിനിടയിൽ തികച്ചും അപ്രതീക്ഷിതമായി അമീർ ജെപ്പുവിനെ കണ്ടുമുട്ടുന്നതും തുടർന്നുണ്ടാകുന്ന പുതിയ പ്രശ്നങ്ങളും പിന്നീട് അവർക്കിടയിൽ രൂപപ്പെടുന്ന സൗഹൃദവുമൊക്കെയാണ് സിനിമയുടെ രണ്ടാം പകുതിയെ മുന്നോട്ട് നയിക്കുന്നത്.
നമ്മെ ചിന്തിപ്പിക്കുന്നതും കണ്ണിനെയും മനസ്സിനെയും നിറയ്ക്കുന്നതുമായ മനോഹരമായ ഒരു സിനിമയാണിത്. ആസിഫ് അലിയുടെ ഗംഭീര പ്രകടനം തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകർഷണം. ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥ എത്രത്തോളം സ്ക്രീനിൽ അവതരിപ്പിക്കാൻ കഴിയുമോ, അതിന്റെ ഏറ്റവും ഉയർന്ന തലത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിലെ പല രംഗങ്ങളും പല വ്യക്തികളുമായും ബന്ധിപ്പിക്കാൻ കഴിയും എന്നതാണ്. യുഎഇയിലേക്ക് വിസിറ്റിംഗ് വിസയിൽ പോയി ജോലി കിട്ടാതെ വിഷമിക്കുന്നവർ, കൂടെ താമസിക്കുന്ന റൂംമേറ്റ്സിൽ നിന്ന് പോലും അവഗണന നേരിടുന്നവർ, അങ്ങനെ നിരവധി ആളുകളുടെ പ്രതിനിധിയാണ് ഈ സിനിമയിലെ ആസിഫ് അവതരിപ്പിച്ച അമീർ എന്ന കഥാപാത്രം.
അമീറിനൊപ്പം സമാന്തരമായി കുസൃതിക്കാരനും ഹൈപ്പർ ആക്ടിവിറ്റിയുമുള്ള ജെപ്പു എന്ന കുട്ടിയുടെ കഥയും സിനിമ പറയുന്നുണ്ട്. ഈ രണ്ട് കഥാപാത്രങ്ങളും ഒരു പ്രത്യേക സാഹചര്യത്തിൽ കണ്ടുമുട്ടുന്നതും തുടർന്നുള്ള അവരുടെ സർക്കീട്ടിന്റെ കഥയുമാണ് ചിത്രം പറയുന്നത്. പ്രേക്ഷകരെ ഇമോഷണലായി ബന്ധിപ്പിച്ച് ഒരു പ്രത്യേക അനുഭവം നൽകുന്ന ചിത്രമാണിത്. പ്രത്യേകിച്ചും ക്ലൈമാക്സിൽ അറിയാതെ കണ്ണുനിറഞ്ഞുപോയാൽ അതിന്റെ അർത്ഥം സിനിമ വിജയിച്ചു എന്ന് തന്നെയാണ്.
അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും ഫ്ലോറിൻ ഡൊമിനിക്കും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന സിനിമ കൂടിയാണിത്. ആഗോളതലത്തിൽ ശ്രദ്ധ നേടിയ ഓൾ വീ ഇമാജിൻ ഏസ് ലൈറ്റ് എന്ന ചിത്രത്തിന് ശേഷം ദിവ്യ പ്രഭ നായികയാവുന്ന ചിത്രം കൂടിയാണ് സർക്കീട്ട്.
സംസ്ഥാന പുരസ്കാര ജേതാവും നടനുമായ സംഗീത് പ്രതാപാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ-സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം - വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രിയേറ്റീവ്‌സ്), സ്റ്റിൽസ്- എസ്ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ. ഈ സിനിമ തീർച്ചയായും തീയേറ്ററിൽ പോയി തന്നെ കാണണം. ഇഷ്ടപ്പെടും ഉറപ്പ്.
ആസിഫ് അലിയുടെ 'സർക്കീട്ടി'നെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ!
Summary: 'Circuit', directed by K.V. Thamar starring Asif Ali, is a feel-good movie about a job seeker in the UAE and his friendship with a child with ADHD. Filmed entirely in the UAE, it highlights Asif Ali's performance.
#CircuitMovie, #AsifAli, #KVThamar, #FeelGoodMovie, #UAE, #MalayalamCinema