Controversy | 'നന്ദി ഉണ്ട്, ഇങ്ങനെ പ്രചരിപ്പിക്കുന്നതിൽ ഒരുപാട് ഒരുപാട് നന്ദി ഉണ്ട്' എആർഎം ചിത്രത്തിന്റെ വ്യാജ പതിപ്പിൽ പ്രതികരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ
● 'ഇന്ന് 50 കോടി ക്ലബ്ബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണ് ഇത്'.
● 'മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതൽ ആയി വേറെ എന്തു പറയാനാ..'.
കൊച്ചി: (KVARTHA) ഓണക്കാലത്ത് തിയേറ്ററുകളിൽ തിളങ്ങിയ ചിത്രമാണ് 'എആർഎം'. എന്നാൽ ഈ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തുവന്നത് സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ട്രെയിനിൽ ചിത്രം കാണുന്ന ഒരാളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഈ വിഷയം പുറം ലോകത്തെ അറിഞ്ഞത്.
ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ ലിസ്റ്റിൻ സ്റ്റീഫൻ. സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ലിസ്റ്റിൻ സ്റ്റീഫൻ ഇങ്ങനെ പറഞ്ഞു, 'ഇന്ന് 50 കോടി ക്ലബ്ബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണ് ഇത്.
വീട്ടിൽ ഇരുന്ന് തിയറ്റർ പ്രിന്റ് കാണുകയും അത് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. 150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ്, ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ, തിരക്കഥാകൃത്തിൻറെയും സംവിധായകൻറെയും 8 വർഷത്തെ സ്വപ്നം, ഇതിൽ ഇൻവെസ്റ്റ് ചെയ്ത നിർമ്മാതാക്കൾ, 100ൽ കൂടുതൽ വരുന്ന ടീമിൻ്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്. മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതൽ ആയി വേറെ എന്തു പറയാനാ.. ഈ നേരവും കടന്നു പോവും'.
'എആർഎം' 90 ശതമാനം തിയേറ്ററുകളിൽ 3ഡി ആയി പ്രദർശിപ്പിക്കുന്ന ഒരു സിനിമയാണ്. തിയേറ്ററിൽ വച്ച് മാത്രമേ ഈ സിനിമയുടെ മികവ് മനസ്സിലാക്കാൻ കഴിയൂ എന്നും ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു.
സിനിമ വ്യവസായത്തെ മൊത്തത്തിൽ ബാധിക്കുന്ന ഗുരുതരമായ ഒരു പ്രശ്നമാണിതെന്നും പിന്നിൽ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയം തനിക്കുണ്ടെന്നും നേരത്തെ ടൊവിനോ പ്രതികരിച്ചിരുന്നു.
ജിതിൻ ലാൽ സംവിധാനം ചെയ്ത 'എ ആർ എം' വ്യാജ പതിപ്പ് ടെലിഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ സംഭവം സിനിമയുടെ നിർമ്മാതാക്കളെയും അണിയറപ്രവർത്തകരെയും വലിയ ആശങ്കയിലാക്കിയിരിക്കുന്നു. സിനിമയുടെ എട്ട് വർഷത്തെ അദ്ധ്വാനമാണ് ഇങ്ങനെ നഷ്ടപ്പെടുന്നതെന്ന് ജിതിൻ ലാൽ പറഞ്ഞു.
#ARMMovie #Piracy #Controversy #MalayalamFilm #FilmIndustry #ListinStephen