Online Booking | 'എആർഎമ്മി'ന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ആകാംക്ഷയോടെ ആരാധകർ
● 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
● മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ആക്ഷൻ അഡ്വെഞ്ചർ ചിത്രമാണ് 'എആർഎം'.
● കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ.
കൊച്ചി: (KVARTHA) പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടോവിനോ തോമസ് നായകനായ 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ, പേ ടി എം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകർക്ക് ടിക്കറ്റുകൾ വാങ്ങാം.
ഓണം റിലീസായി എത്തുന്ന ചിത്രത്തിന് സെൻസർ ബോർഡ് യുഎ സർട്ടിഫിക്കേഷനാണ് നൽകിയിരിക്കുന്നത്. സെപ്റ്റംബർ 12ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനം ചെയ്യാനുള്ള ഒരുക്കങ്ങളും പൂർത്തിയായിരിക്കുകയാണ്.
പ്രായപരിധിയില്ലാതെ എല്ലാവർക്കും കാണാവുന്ന ചിത്രങ്ങൾക്കാണ് യുഎ സർട്ടിഫിക്കേറ്റ് നൽകാറുള്ളത്. എന്നാൽ 12 വയസിന് താഴെയുള്ള കുട്ടികൾ ചിത്രം കാണുമ്പോൾ മാതാപിതാക്കളുടെ മേൽനോട്ടം ഉണ്ടായിരിക്കണമെന്ന നിബന്ധനയും യുഎ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജിതിൻ ലാൽ സംവിധാനം ചെയ്‌ത ചിത്രം മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ആക്ഷൻ അഡ്വെഞ്ചർ ചിത്രമാണ്. ടൊവിനോ തോമസ് ചിത്രത്തിൽ മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ.
ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. സുജിത് നമ്പ്യാരാണ് തിരക്കഥ ഒരുക്കിയത്. ദിബു നൈനാൻ തോമസ് സംഗീത നിർവഹിക്കുന്ന ചിത്രത്തിൽ ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഓണത്തിന് റിലീസായി ഒരുങ്ങുന്ന ചിത്രം ത്രീ ഡിയിലും ടു ഡിയിലുമായി തിയേറ്ററുകളിൽ എത്തും.