Creative | അൻപോട് കൺമണി: വലിയ കെട്ടുകാഴ്ചകൾ ഒന്നുമില്ലാതെ മനസ് തുറന്ന് കാണാവുന്ന ഒരു ചെറിയ വലിയ സിനിമ


● വലിയ കെട്ടുകാഴ്ചകൾ ഒന്നുമില്ലാതെ മനസ്സ് തുറന്ന് കാണാവുന്ന ഒരു ചെറിയ വലിയ സിനിമയാണ് അൻപോട് കൺമണി.
● അൻപോട് കൺമണി സിനിമയിലെ ആഗോള പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ഇമോഷണൽ യാത്രയാണ്.
● ഇമോഷണലായി നമ്മളെ സിനിമയിലേക്ക് അടുപ്പിക്കുന്ന കഥയാണ് ചിത്രത്തിന്റേത്.
● അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരുടെ പ്രകടനം സിനിമയുടെ പ്രധാന ആകർഷണമാണ്.
● പ്രേക്ഷകരെ ചിരിപ്പിക്കുന്ന കോമഡി സീനുകൾ സിനിമയെ കൂടുതൽ ആകർഷകമാക്കുന്നു.
ഹന്നാ എൽദോ
(KVARTHA) അർജുൻ അശോകനും അനഘ നാരായണനും കേന്ദ്ര കഥാപാത്രമായി വരുന്ന 'അൻപോട് കൺമണി' തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. അനീഷ് കൊടുവള്ളിയുടെ രചനയില്‍ ലിജു തോമസ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം ക്രിയേറ്റീവ് ഫിഷിന്‍റെ ബാനറില്‍ വിപിന്‍ പവിത്രനാണ് നിര്‍മിച്ചിരിക്കുന്നത്. വളരെ വൈകാരികമായി നമ്മളിലേക്ക് ഇറങ്ങുന്ന സിനിമകൾ അപൂർവമായി മാത്രമേ ഉണ്ടാകാറുള്ളൂ. അത്തരത്തിൽ ഒരു പടമാണ് അൻപോട് കൺമണിയെന്ന് നിസംശയം പറയാം.
ഇമോഷണലി നമ്മളെ സിനിമയിലേക്ക് അടുപ്പിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ഇടക്ക് ഇടക്ക് വരുന്ന കോമഡി കൗണ്ടറുകളും സിനിമക്ക് ഇമ്പാക്ട് ഉണ്ടാക്കുന്നുണ്ട്. സമൂഹത്തിന്റെ ദമ്പതിമാരോടുള്ള അനാവശ്യമായ ചോദ്യമാണ് വിശേഷം ഒന്നും ആയില്ലേ എന്ന്. അതിനെയൊക്കെ കൃത്യമായി ഈ പടം ക്രിട്ടിസൈസ് ചെയ്യുന്നുണ്ട്. അർജുൻ അശോകൻ എന്ന നടന് ഫാമിലി പ്രേക്ഷകർക്കിടയിൽ നല്ല സ്വീകാര്യത ലഭിക്കാൻ ഈ സിനിമ കൊണ്ട് സഹായിക്കുമെന്ന് തോന്നുന്നു.
വലിയ കെട്ടുകാഴ്ചകൾ ഒന്നുമില്ലാതെ മനസ്സ് തുറന്ന് കാണാവുന്ന ഒരു ചെറിയ വലിയ സിനിമയാണ് അൻപോട് കൺമണി. അർജുൻ അശോകൻ, അനഘ എന്നിവരുടെ പ്രകടനം തന്നെ ആണ് സിനിമയിലെ ഏറ്റവും മികച്ച ഫാക്ടർ. ഫാമിലിക്ക് ഒക്കെ കൂട്ടമായി കാണാൻ പറ്റുന്ന ഒരു സിനിമ എന്ന നിലയിൽ തീയറ്ററിൽ ആളുകൾ കേറാനുള്ള എല്ലാ സാധ്യതയുമുണ്ട്. ചിത്രം കാണുന്ന ഓരോ പ്രേക്ഷകര്‍ക്കും തന്റെ ജീവിതത്തില്‍ ചുറ്റും കാണുന്ന കാഴ്ചകള്‍ തന്നെയല്ലേ വെള്ളിത്തിരയിലും കാണുന്നത് എന്ന് തോന്നിപ്പിക്കാന്‍ സംവിധായകൻ ലിജു തോമസിന് സാധിച്ചിട്ടുണ്ട്.
മനസിൽ തട്ടുന്ന ഒരു സിനിമ, അതാണ് അൻപോട് കൺമണി. ഒരു കല്യാണത്തിൽ നിന്നും തുടങ്ങുന്ന ചിത്രം നമ്മുടെയൊക്കെ സമീപകാല ദാമ്പത്യ ജീവിതങ്ങളുടെ കഥ പറയുന്നുണ്ട്. വിവാഹം കഴിഞ്ഞ ശേഷം ഒരു വർഷം പിന്നിട്ടിട്ടും കുട്ടികളുണ്ടായില്ലെങ്കിൽ വിവാഹം കഴിച്ചവരേക്കാള്‍ ചുറ്റുവട്ടത്തുള്ളവർക്കാണ് വെപ്രാളം എന്നാണ് ചിത്രം വരച്ചുകാണിക്കുന്നത്. കുട്ടികളില്ലാത്ത ദമ്പതികള്‍ ഒരിക്കലെങ്കിലും കടന്നുപോയിട്ടുള്ള സാഹചര്യങ്ങളാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. പലരുടേയും മുന വെച്ചുള്ള ചോദ്യങ്ങള്‍, പ്രതികരണങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ തുടങ്ങിയവയാണ് ചിത്രം മനോഹരമായൊരു കഥയുടെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ തലശ്ശേരിയുടെ പ്രാദേശിക മലയാളമാണ് ഉപയോഗിച്ചിരിക്കുന്നത്. ചില നാടന്‍ പ്രയോഗങ്ങള്‍ ഉള്‍പ്പെടെ സിനിമയില്‍ കടന്നുവരുന്നത് ഏറെ രസകരമായി വന്നിട്ടുണ്ട്. പ്രേക്ഷകരോട് സംവദിക്കുന്ന രീതിയിൽ സംഭാഷണങ്ങളും മികച്ചുനിൽക്കുന്നുണ്ട്. സരിന്‍ രവീന്ദ്രൻ ഒരുക്കിയിരിക്കുന്ന ക്യാമറ കാഴ്ചകൾ ഗ്രാമീണതയുടെ സൗന്ദര്യം ഒപ്പിയെടുത്തിയിരിക്കുന്നതാണ്. സുനില്‍ എസ് പിള്ളയുടെ എഡിറ്റിംഗ് മികച്ചതാണ്. മനു മന്‍ജിത്തിന്‍റെ സാമുവല്‍ എബിയുടെ സംഗീതവും സിനിമയുടെ ഹൈലൈറ്റ് ആണ്. തീർച്ചയായും കുടുംബങ്ങൾക്കുള്ള ഈ വർഷത്തെ മികച്ച സിനിമയാണ് അൻപോട് കൺമണി എന്ന് നിസ്സംശയം പറയാം.
ക്ലൈമാക്സ് സീൻ ഒക്കെ പ്രേക്ഷകരെ കരയിപ്പിക്കുന്നുണ്ട്. അൽപം സെന്റിമെന്റലായി കഥ പറഞ്ഞു പോകുന്ന സിനിമയിൽ പ്രകടനം കൊണ്ട് അത്ഭുതപെടുത്തിയത് അർജുൻ അശോകൻ ആണ്. കുറെ നാളുകൾക്ക് ശേഷമാണ് ഇമോഷണലി നമ്മളെ വരിഞ്ഞു മുറുക്കുന്ന ഒരു പടം കാണുന്നത്. വയലൻസ് സിനിമകൾക്കിടയിൽ ഒരു നല്ല ഫീൽ ഗുഡ് സിനിമ അതാണ് അൻപോട് കൺമണി. കുടുംബസമേതം ധൈര്യമായി ഈ സിനിമയ്ക്ക് നിങ്ങൾക്ക് ടിക്കറ്റെടുക്കാം. കുടുംബവുമായി കാണേണ്ട സിനിമയാണ് അൻപോട് കൺമണി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
‘Anpod Kanmani’ is an emotionally gripping family movie that depicts marital struggles and societal questions about childlessness. With remarkable performances by Arjun Ashokan and Anagha Narayanan, it is a feel-good film for families.
#AnpodKanmani #MalayalamMovies #FamilyCinema #EmotionalMovies #ArjunAshokan #AnaghaNarayanan