Criticism | അമ്മയിലെ രാജി: ധാർമ്മികതയോ ഒളിച്ചോട്ടമോ? ഒരുനാൾ തിരിച്ചറിയുന്നു, പലരും മുഖം മൂടികൾ ആയിരുന്നുവെന്ന്!
ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ അമ്മയിലെ ഭാരവാഹികളുടെ രാജി വ്യാപകമായ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നു
മിൻ്റാ മരിയാ തോമസ്
(KVARTHA) ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്ന് പ്രസിഡൻ്റ് മോഹൻലാൽ ഉൾപ്പെടെ എല്ലാ ഭാരവാഹികളും രാജിവെച്ചിരിക്കുകയാണ്. ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തുള്ള രാജിവെപ്പായി ഇതിനെ കണക്കാക്കാൻ സാധിക്കുമെന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമെന്ന് തോന്നുന്നില്ല.
കുറ്റക്കാരായവരെ തള്ളി പറയാൻ പറ്റാത്തത് കൊണ്ട് നടത്തിയ ഒഴിഞ്ഞുമാറലാണിത് എന്ന് പൊതുസമൂഹത്തിൽ നിന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ? പാടത്തെ ക്രിക്കറ്റ് കളിയിലെ സ്കോറിൽ കള്ളത്തരം കാണിച്ച്, റൺസ് കൂട്ടി പറയുന്നത് കയ്യോടെ പിടിച്ചു കഴിയുമ്പോൾ ചില പിള്ളേര് പറയില്ലേ, 'എന്നാൽ ഞങ്ങൾ ഈ കളിക്കില്ലെന്ന്', അതുപോലെ തന്നെ ഇതും. ഈ അവസരത്തിൽ ഇതേക്കുറിച്ച് കുളക്കട പ്രസന്നൻ ഭാസ് എഴുതിയ കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'അമ്മ സംഘടനയിലെ ഭാരവാഹികൾ പെട്ടെന്ന് രാജിവച്ചതിലൂടെ പ്രേക്ഷക സമൂഹത്തിനു മുന്നിൽ മറുപടി പറയാൻ നിൽക്കാതെ ഒളിച്ചോട്ടം നടത്തിയിരിക്കുകയാണ്. ഒരു പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കാൻ അവർ നിന്നില്ല എന്നത് പ്രേക്ഷക സമൂഹത്തോടു ചെയ്ത അനീതിയാണ്. താരാരാധനയിൽ സിനിമ നടൻ്റെ ഫ്ലക്സ് ബോർഡിൽ പാലഭിഷേകം നടത്തിയവർ ഉണ്ട്. ഈ താരങ്ങൾ ദൈവങ്ങൾ ആണെന്ന് തെറ്റിദ്ധരിച്ചവർ.
വീട്ടിലെ കുഞ്ഞ് പട്ടിണി കിടക്കുമ്പോഴും പാൽ വാങ്ങി താരത്തിൽ ഫ്ലക്സിൽ പാൽ ഒഴിച്ചവർ. ഓട്ടോയിലും വീട്ടിലും താരത്തിൻ്റെ പടം വച്ച് പൂജിച്ചവർ. ഒരു നാൾ ആ ആരാധകൻ തിരിച്ചറിയുന്നു പലരും മുഖം മൂടികൾ ആയിരുന്നുവെന്ന്. വെള്ളിത്തിരയ്ക്കു പിന്നിലെ യഥാർത്ഥ ഡ്രാക്കുള ആണെന്ന്. ഇപ്പോൾ പല വീടുകളിൽ നിന്നും താരങ്ങളുടെ പടം എടുത്തുകളയുന്നു. ഓട്ടോകളിൽ നിന്ന് പടം എടുത്തു മാറ്റുന്നു. ധർമ്മത്തിൻ്റെയും അധർമ്മത്തിൻ്റെയും വേർതിരിവ് ഇല്ലാതാക്കിയാൽ ധർമ്മത്തിനു വേണ്ടി ഇതൊക്കെ സംഭവിക്കും.
എല്ലാ കാലത്തും കാപട്യം വിജയിക്കില്ല. കിരീടം വയ്ക്കാത്ത രാജാക്കന്മാർ ഇവിടെ വാണിരുന്നു എന്ന് അമ്മ സംഘടനയെ കുറിച്ച് ഇനി പ്രേക്ഷകൻ പറയും. പെയ്ഡ് ഫാൻസ് അസോസിയേഷനും താരാധിപത്യവും തൽക്കാലം മലയാള സിനിമയിൽ നിന്ന് വഴി മാറുമെന്ന് പ്രതീക്ഷിക്കാം. മലയാള സിനിമയിലേക്ക് പുതു മുഖങ്ങൾ അടിച്ചു കേറി വാ. എല്ലാം ധർമ്മത്തിൻ്റെ അടിസ്ഥാനത്തിൽ വേണമെന്നു മാത്രം'.
ഇതാണ് ആ കുറിപ്പ്. പണം ആണ് സിനിമ നടന്മാരെ ഇത്ര ഫ്രോഡുകൾ ആക്കിയത് എന്ന് നിസംശയം പറയാം. കള്ള പണം വെളുപ്പിക്കാൻ ഏറ്റവും നല്ല മാർഗം സിനിമ പിടുത്തം എന്ന് പലരും തിരിച്ചറിഞ്ഞിരിക്കുന്നു. ആ കുട്ടത്തിൽ സുഖിക്കലും. ഒരു സിനിമിയിൽ അഭിനയിക്കുന്നതിന് സൂപ്പർസ്റ്റാറുകൾക്ക് 10 ലക്ഷത്തിൽ കൂടുതൽ കൊടുക്കാൻ പാടില്ല (ആണയാലും, പെണ്ണ് ആയാലും). അങ്ങനെയൊരു നിയമം കൂടി ഇവിടെ വേണമെന്നിരിക്കുന്നു. സിനിമയിൽ മുടക്കുന്ന പണം, വാങ്ങുന്ന വ്യക്തി, എത്ര വാങ്ങി, മൊത്തം പടത്തിന്റെ ചിലവ്, നിർമ്മിക്കാൻ പണം കണ്ടെത്തിയത് എങ്ങനെ എന്നിവ വെളിപ്പെടുത്തണം.
സെറ്റിൽ ഒരു വിധ ലഹരിയും ഉപയോഗിച്ച് വരാൻ പാടില്ല എന്നും നിയമം വരണം. അങ്ങനെ മൊത്തം ഒരു രൂപരേഖ വേണം. എത്ര വാങ്ങി എന്ന് സർക്കാർ, അല്ലെങ്കിൽ കോടതി നോക്കുമ്പോൾ കൂടുതൽ ആണെങ്കിൽ നികുതി അടക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കണം. കൂടാതെ കോടതി ഇടപെട്ടു അഡ്മിനിസ്‌ട്രേറ്റീവ് ഭരണം വേണം. അങ്ങനെ വന്നാൽ മാത്രമേ മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ. പണത്തിന്റെ അഹങ്കാരം ആണ് പലർക്കും. കോടികൾക്ക് ഒരു വിലയും ഇല്ല. ഇങ്ങനെയൊക്കെ പോകുന്നു ഈ അവസരത്തിൽ പൊതുസമൂഹത്തിൽ നിന്ന് ഉയരുന്ന വിമർശനങ്ങൾ. എന്തായാലും മലിമസമായി കിടക്കുന്ന മലയാള സിനിമാ മേഖലയിൽ എന്തുകൊണ്ടും ഇനി ഒരു ശുദ്ധികലശം പ്രതീക്ഷിക്കാം.
#AMMA #MalayalamCinema #Mohanlal #HemaCommission #FilmIndustry #Corruption