Resignation | 'സിനിമയിൽ ഹീറോ ജീവിതത്തിൽ പേടിത്തൊണ്ടൻ', അതായിരുന്നോ സൂപ്പർ താരം! ജഗദീഷ് പ്രസിഡൻറ്, പൃഥ്വിരാജ് സെക്രട്ടറി, കുഞ്ചാക്കോ ബോബൻ ട്രഷറർ ആയുള്ള നേതൃത്വം വരുമോ?
* പുതിയ നേതൃത്വത്തിനായി അന്വേഷണം
* വനിതാ മുഖം വേണമെന്ന ആവശ്യവും ഉയർന്നു.
ഡോണൽ മൂവാറ്റുപുഴ
(KVARTHA) ചിലർ പറയുന്നു ഞങ്ങൾ രാജിവെച്ചിട്ടില്ലെന്ന്. എന്നാൽ താൻ ഉൾപ്പെടെ എല്ലാവരും രാജിവെച്ചെന്ന് അമ്മയുടെ എന്ന സംഘടനയുടെ പ്രസിഡൻ്റായ മോഹൻലാലും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ എഎംഎംഎയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പ്രസിഡൻ്റ് മോഹൻലാൽ രാജിവെച്ചതിനെത്തുടർന്ന് മറ്റുള്ളവരും സംഘടനയുടെ താക്കോൽ സ്ഥാനത്തുനിന്ന് രാജിവെയ്ക്കുകയാണ് ഉണ്ടായത്.
അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖ് തനിക്കെതിരെ ഒരു നടി ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ തന്നെ രാജിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ ചിലർ പറയുന്നു. തങ്ങൾ രാജിവെച്ചിട്ടില്ലെന്ന്. സരയു എന്ന നടി യാണ് ഇങ്ങനെയൊരു വാദഗതിയുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. നടി അനന്യയും വിയോജിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്.
'ഐകകണ്‌ഠേനയാണ് രാജിയെന്ന് പറയാന്‍ കഴിയില്ല. ഞാന്‍ ഇതുവരെ രാജിസമര്‍പ്പിച്ചിട്ടില്ല. രാജി സമര്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് യോഗത്തില്‍ നിലപാട് വ്യക്തമാക്കിയത്. ഭൂരിപക്ഷ തീരുമാനത്തിലാണ് കൂട്ടരാജി. ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. പ്രസിഡന്റ് അടക്കമുള്ളവരുടെ തീരുമാനത്തില്‍ വിയോജിപ്പ് ഉണ്ട്', എന്നാണ് സരയു പ്രതികരിച്ചത്. താന്‍ ഇപ്പോഴും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. കമ്മിറ്റി തിരക്കുപിടിച്ച് പിരിച്ചുവിടേണ്ടിയിരുന്നില്ലെന്നും സരയു പറഞ്ഞു.
ആരോപണ വിധേയര്‍ വ്യക്തിപരമായി രാജിവെച്ച് ഒഴിയുകയെന്നതാണ് ശരിയെന്നും ധാര്‍മിതക മുന്‍നിര്‍ത്തിയാണ് രാജിവെച്ചതെന്നും നടി അനന്യയും പ്രതികരിച്ചു. വ്യക്തിപരമായി രാജിയോട് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും അനന്യ വ്യക്തമാക്കി. ഒരു സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും രാജിവച്ചു കഴിഞ്ഞാൽ ആ കമ്മറ്റി പൂർണമായിട്ടും പിരിച്ചുവിട്ടതിന് തുല്യമാണ്. ഇവർ പറയുന്നതിൽ ഒന്നും ഇനി വലിയ കഴമ്പ് ഉണ്ടെന്ന് തോന്നുന്നില്ല. ഒരു ഭരണസമിതിയിൽ നിന്നും ഭൂരിപക്ഷം അംഗങ്ങളും രാജി വെച്ചാൽ, പതിനേഴ് അംഗ ഭരണസമിതിയിൽ 12 പേരും (അതായത് മൂന്നിൽ രണ്ടു ഭാഗം ആളുകളും സ്ഥാനമൊഴിഞ്ഞാൽ) ബാക്കിയുള്ളവർക്ക് എന്ത് പ്രസക്തി. ആ സമിതിക്ക് പിന്നെ നിലനിൽക്കില്ല.
ആദ്യമായി ഭരണസമിതിയിൽ എത്തപ്പെട്ടവരുടെ ജല്പനങ്ങളായി മാത്രം ഇതിനെ കണക്കാക്കിയാൽ മതിയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളില്‍ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്‍ശം ഏറ്റെടുത്താണ് നിലവിലെ ഭരണസമിതി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. വിമര്‍ശനങ്ങളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തുകൊണ്ടായിരുന്നു പ്രസിഡന്റ് മോഹന്‍ലാല്‍ രാജിവെച്ചത്. ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചിരുന്നു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റാന്‍ നിലവിലുള്ള കമ്മിറ്റി അഡ്‌ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവില്‍ വരുന്നത് വരെയാണ് അഡ്‌ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിന് ശേഷം തിരഞ്ഞെടുപ്പുണ്ടാകും. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങള്‍ തുടരും. എഎംഎംഎയുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജിയെന്ന് വാർത്താകുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.
ഈ അവസരത്തിൽ അമ്മയുടെ പുതിയ ഭാരവാഹികൾ ആരാകണം എന്ന ചർച്ചയും തകൃതിയായി നടക്കുന്നുണ്ട്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഇരകൾക്കൊപ്പം നിലപാടിൽ ഉറച്ചു നിൽക്കുന്ന നടന്മാരായ ജഗദീഷ്, പൃഥ്വിരാജ് എന്നിവർ അമ്മയുടെ തലപ്പത്ത് എത്തണമെന്ന് താല്പര്യപ്പെടുന്നവർ ആണ് പൊതുസമൂഹത്തിൽ എറെ. അവർ കൂടുതലായി പറയുന്ന പാനൽ ഇങ്ങനെയാണ്: ജഗദീഷ് (പ്രസിഡൻറ്), ആസിഫ് അലി, പാർവ്വതി തിരുവോത്ത് (വൈസ് പ്രസിഡൻ്റുമാർ), പൃഥ്വിരാജ് (ജനറൽ സെക്രട്ടറി), ടൊവിനോ തോമസ് (ജോ.സെക്രട്ടറി), കുഞ്ചാക്കോ ബോബൻ ( ട്രഷറർ). ചിലർ ജഗദീഷിന് പകരം പൃഥ്വിരാജ് പ്രസിഡൻ്റായാൽ നന്നാകും എന്നും വാദിക്കുന്നു. എന്നാൽ ജഗദീഷിൻ്റെ പകത്വതയ്ക്കും അറിവിനും സിനിമയിലെ സീനിയോറിറ്റിയ്ക്കും മുന്നിൽ പൃഥ്വിരാജ് ഒന്നും അല്ല എന്ന് വാദിക്കുന്നവരാണ് ഏറെ.
കൂടാതെ മുൻപ് പൃത്വിരാജിൻ്റെ ഷൂട്ടിംഗ് ലോക്കേഷനിൽ ഉണ്ടായ ചില സംഭവ വികാസങ്ങളും ഇവർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഒരു വനിത പ്രസിഡൻ്റായി വരട്ടെ എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. സംഘടയ്ക്ക് അമ്മ എന്ന പേര് ആകുമ്പോൾ ഒരു വനിത വരുന്നതാണ് ഉത്തമം എന്ന് ഇക്കൂട്ടർ വാദിക്കുന്നു. ഉർവശി, പാർവ്വതി തിരുവോത്ത് എന്നിവരുടെ പേരുകളാണ് അവർ മനസ്സിൽ കാണുന്നത്. ലേഡീ സൂപ്പർ സ്റ്റാർ എന്ന് കൊട്ടിഘോഷിക്കുന്ന മഞ്ജു വാര്യർ ഈ സ്ഥാനത്തേയ്ക്ക് വരണമെന്നത് ആരും പറയുന്നില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ജഗദീഷോ, പൃഥ്വിരാജോ ആരായാലും അമ്മയുടെ പുതിയ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് വരുന്നത് അമ്മയുടെ ഇന്നത്തെ പവർഗ്രൂപ്പിന് അത്ര താല്പര്യം ഉണ്ടാകില്ലെന്നതും വ്യക്തമാണ്. ഇവരെ എന്നും വിമതരായിട്ടാണ് പവർ ഗ്രൂപ്പ് കണ്ടിട്ടുള്ളത്.
എന്തായാലും അമ്മയുടെ അടുത്ത തെരഞ്ഞെടുപ്പിൽ ഒരു വലിയ മത്സരം നടക്കുമെന്നത് തീർച്ചയാണ്. ഈ അവസരത്തിൽ മോഹൻലാൽ അമ്മയുടെ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് രാജിവെച്ചതിനെതിരെ ഒരാൾ സോഷ്യൽ മീഡിയായിൽ എഴുതിയ ഒരു കമൻ്റും ശ്രദ്ധേയമാകുകയാണ്. അത് ഇങ്ങനെയാണ്: 'മോഹൻലാൽ എന്ന വ്യക്തി ആരെന്ന് മനസിലാക്കി തന്ന ദിവസം ആയിരുന്നു ഇന്നലെ. സിനിമയിൽ ഹീറോ ജീവിതത്തിൽ പേടിത്തൊണ്ടൻ. പ്രശ്നം വഷളായി എന്ന് കണ്ടപ്പോൾ ഒന്നും നോക്കിയില്ല ഓടി രക്ഷപ്പെട്ടു. ഇതാണ് സത്യം, ഈ ഒരു പ്രശ്നം നേരിടാൻ ഗഡ്‌സ് ഉള്ളവർ രാജിവെച്ചില്ല. നിങ്ങൾ എങ്കിലും ഇതുപോലെ ഇനി വരാതെ ഇരിക്കാൻ എന്ത് ചെയ്യണം എന്നതിന് ഒരു തീരുമാനം എടുക്കണം. വെറുതെ കുറെ വയസന്മാരുടെ ഈഗോ തീർക്കാൻ അല്ല ഒരു സംഘടനയും പ്രവർത്തിക്കേണ്ടത്. ഇന്ത്യൻ ആർമിയിൽ ഉള്ള ഒരു മനുഷ്യന്റെ ധൈര്യം പറയാതെ ഇരിക്കാൻ പറ്റില്ല'.
ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റാക്കാരുടെ പേര് പുറത്ത് വരുക തന്നെ വേണം. അല്ലെങ്കിൽ നിരപരാധികൾ ക്രൂശിക്കപ്പെടും. അതിൽ പറഞ്ഞിട്ടുള്ള കുറ്റക്കാർ ഒരിക്കലും ഇനി അമ്മയുടെ മാത്രമല്ല മലയാള സിനിമയുടെ ഒരു സംഘടനയുടെയും തലപ്പത്തേയ്ക്ക് വരാൻ പാടില്ല. റിപ്പോർട്ടിലെ കുറ്റക്കാരുടെ പേര് പുറത്ത് വിടാതെ കുറ്റക്കാരെ തന്നെ വീണ്ടും അമ്മയുടെയും മറ്റ് മലയാള സിനിമ സംഘടനകളുടെയും തലപ്പത്തേക്ക് തിരഞ്ഞെടുക്കാർ സർക്കാർ ഒരിക്കലും കുട്ട് നിൽക്കരുത്. കുറ്റം ചെയ്തത് പ്രമുഖരാണെങ്കിൽ അവരെ പരമാവധി സംരക്ഷിക്കാൻ ശ്രമിക്കുകയും, നിവൃത്തിയില്ല എന്ന് കണ്ടാൽ മാത്രം നടപടി എടുക്കുകയും ചെയ്യുന്നത് വളരെ മോശമായ പൊതു രീതിയാണ്. എന്നാൽ കാലം അവരോട് പ്രതികാരം ചെയ്യാതെ കടന്ന് പോകില്ല തന്നെ.
#AMMA #MalayalamCinema #Mohanlal #Resignations #FilmIndustry #NewLeadership