AMMA | അമ്മയിൽ ഭിന്നത: രാജി വെച്ചത് മോഹൻലാലും മറ്റ് ചിലരും മാത്രം; രാജിവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പോകാം, തങ്ങൾക്ക് രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് ഒരു വിഭാഗം
മോഹൻലാൽ, ജദഗീഷ്, ജയൻ ചേർത്തല തുടങ്ങിയ പ്രമുഖ നടന്മാർ അടങ്ങുന്ന ഭരണസമിതിയാണ് രാജിവച്ചത്.
കൊച്ചി: (KVARTHA) മലയാള സിനിമ താരസംഘടനയായ അമ്മയിൽ ഭിന്നത. ആരോപണങ്ങളെ തുടർന്ന് സംഘടന പിരിച്ചുവിട്ടെങ്കിലും, രാജിയെക്കുറിച്ചുള്ള വിവരങ്ങൾ പരസ്പര വിരുദ്ധമാണ്.
സംഘടനയിലെ എക്സിക്യൂട്ടീവ് അംഗങ്ങളായ സരയൂ മോഹൻ, നടന്മാരായ ടൊവിനോ തോമസ്, വിനു മോഹൻ, നടി അനന്യ എന്നിവർ രാജിവച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. രാജിവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പോകാം, തങ്ങൾക്ക് രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് ഇവർ പറഞ്ഞതായി റിപ്പോർട്ട്.
ഞാൻ രാജിവച്ചിട്ടില്ലെന്നും ഇപ്പോഴും നിർവാഹക സമിതി അംഗമായി തുടരുകയാണെന്നും നടി സരയൂ മോഹൻ
പ്രതികരിച്ചു. 'അമ്മ'യെ പിരിച്ചുവിടേണ്ടിയിരുന്നില്ല. തെറ്റു ചെയ്യാതെ ഭയന്നോടുന്നത് തനിക്ക് അംഗീകരിക്കാനാവില്ലെന്നും നടി കുക്കു പരമേശ്വരനും വ്യക്തമാക്കി.
മോഹൻലാൽ, ജദഗീഷ്, ജയൻ ചേർത്തല തുടങ്ങിയ പ്രമുഖ നടന്മാർ അടങ്ങുന്ന ഭരണസമിതിയാണ് രാജിവച്ചത്. സംഘടനയിലെ ചില നേതാക്കൾക്കെതിരെ ലൈംഗിക ആരോപണം ഉയർന്നതിനെ തുടർന്നാണ് ഈ രാജി.
അമ്മയിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. പ്രസിഡന്റ് അല്ലെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ, ആരോപണ വിധേയരായവരല്ലാത്തവർ ഭാരവാഹി സ്ഥാനത്തേക്ക് വരണമെന്നാണ് അംഗങ്ങളുടെ ആവശ്യം.