Crisis | മാനം കാക്കാൻ അമ്മ, അഴിച്ചുപണി കരുതലോടെ; ബാബുരാജിനെ നേതൃസ്ഥാനത്ത് കൊണ്ടുവരുന്നതിൽ എതിർപ്പ്

 
AMMA executive members in a meeting

Image Credit: Facebook/ AMMA - Association Of Malayalam Movie Artists

* അമ്മയിൽ വനിതാ അംഗത്തെ ജനറൽ സെക്രട്ടറിയാക്കണമെന്ന ആവശ്യമുയരുന്നുണ്ട്.
* ജഗദീഷിനെ ജനറൽ സെക്രട്ടറിയാക്കുന്നതിനായി ബൈലോ ഭേദഗതി ചെയ്യേണ്ടിവരും
* സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതോടെ പൂർണമായും നിയമ വഴിയിൽ നീങ്ങാനാണ് സംഘടനയുടെ തീരുമാനം.

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) ലൈംഗിക ചൂഷണ ആരോപണങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത്തിന്‍റെയും സിദ്ദീഖിന്‍റെയും രാജിക്ക് പിന്നാലെ സിനിമാരംഗത്ത് കടുത്ത അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ താരംസംഘടനയായ അമ്മയുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്നു. വിവിധ പാർട്ടി നേതാക്കളും വനിതാസംഘടനകളും താര സംഘടനയ്ക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് നടത്തിവരുന്നത്. 

ഇതിനിടയിൽ സോഷ്യൽ മീഡിയയുടെയും ചാനലുകളുടെയും കടന്നാക്രമണം കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് താരസംഘടനയിലെ ഭാരവാഹികൾ. ഓഗസ്റ്റ് 27 ന് കൊച്ചിയിൽ അമ്മ എക്സിക്യൂട്ടീവ് യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഇതിൽ നിർണായകമായ തീരുമാനങ്ങൾ ഉണ്ടാകുമോയെന്ന ചോദ്യമാണ് ഉയരുന്നത്. സിദ്ദീഖ് രാജിവെച്ച ഒഴിവിൽ സംഘടനയ്ക്ക് ഒരു ജനറൽ സെക്രട്ടറിയെ കണ്ടെത്തുകയാണ് താരസംഘടനയ്ക്കു മുൻപിലെ ഏറ്റവും വലിയ വെല്ലുവിളി.

ജോയിന്റ് സെക്രട്ടറി ബാബു രാജിനാണ് താത്കാലിക ചുമതല നൽകിയിരിക്കുന്നത്. സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതോടെ പൂർണമായും നിയമ വഴിയിൽ നീങ്ങാനാണ് സംഘടനയുടെ തീരുമാനം.  സിനിമാ ചിത്രീകരണം പൂർത്തിയാക്കി സിദ്ദീഖ് ഊട്ടിയിൽ നിന്ന് ഉടൻകൊച്ചിയിൽ മടങ്ങി എത്തുമെന്നാണ്  വിവരം. ആരോപണങ്ങളുമായി ബന്ധപ്പെട്ട് അഭിഭാഷകനുമായും കഴിഞ്ഞ ദിവസം തന്നെ താരം ചർച്ച നടത്തിയിരുന്നു. 

സിദ്ദീഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ ആരായിരിക്കും അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറി എന്നതാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ഹേമാ കമ്മറ്റി ഉയര്‍ത്തിയ പ്രതിസന്ധികള്‍ക്കിടയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വനിതാ അംഗം വരുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. അമ്മയുടെ ബൈലോ അനുസരിച്ച് 11 അംഗ എക്സിക്യൂട്ടീവില്‍ നിന്ന് ഒരാളെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാം.

സുരേഷ് കൃഷ്ണ, ജോയ് മാത്യു, ടൊവിനോ തോമസ്, ഷാജോണ്‍, ടിനി ടോം, വിനു മോഹന്‍,  ജോമോള്‍, അനന്യ, അന്‍സിബ, സരയു എന്നിവരാണ് എക്സിക്യൂട്ടീവിലുള്ളത്. സംഘടനയില്‍ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാനമാണ് ജനറല്‍ സെക്രട്ടറിയുടേത്. മുതിര്‍ന്ന അംഗമായ സിദ്ദീഖ് മാറുമ്പോള്‍ മറ്റൊരു മുതിര്‍ന്ന അംഗം വരേണ്ടെയെന്ന ചോദ്യവും സംഘടനയ്ക്കുള്ളിൽ ഉയരുന്നുണ്ട്. ഇവിടെയാണ് വൈസ് പ്രസിഡന്‍റ് ജഗദീഷിന്‍റെ പേര് ഉയർന്നു വരുന്നത്. വിവാദമുണ്ടായതിനെ തുടർന്ന് ജഗദീഷ് നടത്തിയ പ്രതികരണം സോഷ്യൽ മീഡിയയിലും പൊതു സമൂഹത്തിലും കയ്യടി നേടിയിരുന്നു. 

ഇതേ തുടർന്നാണ് പൊതു സ്വീകാര്യതയുള്ള ജഗദീഷിനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. എന്നാൽ നിലവിൽ വൈസ് പ്രസിഡൻ്റായ ജഗദീഷിനെ സെക്രട്ടറിയാക്കുന്നതിൽ സാങ്കേതിക തടസങ്ങളുണ്ട്. ഇതിനായി ബൈലോ ഭേദഗതി ചെയ്യാൻ ജനറൽ ബോഡി വിളിച്ചു ചേർക്കേണ്ടിവരും. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനായി ഒട്ടേറെ സമയം ആവശ്യമുണ്ട്. എന്നാൽ നടൻ ബാബുരാജിനെ ജനറൽ സെക്രട്ടറിയാക്കുന്നതിനോട് ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തന്നെ യോജിപ്പില്ല. നേരത്തെ വധശ്രമമുൾപ്പടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബാബുരാജ്.

#AMMA #MalayalamCinema #Kerala #Controversy #IndianCinema

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia