AMMA | ഹേമ കമ്മിറ്റി: 'മോഹൻലാലിനേയും മമ്മൂട്ടിയേയും പലതവണ കമ്മിറ്റി വിളിപ്പിച്ചു'
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെ താരസംഘടനയായ 'അമ്മ' സ്വാഗതം ചെയ്തിരുന്നു.
കൊച്ചി: (KVARTHA) ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് മലയാള ചലച്ചിത്ര താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ്. അമ്മയിലെ പല അംഗങ്ങളെയും കമ്മിറ്റി വിളിച്ച് പരിശോധിച്ചിട്ടില്ലെന്നും മമ്മൂട്ടിയേയും മോഹൻലാലിനേയും പോലുള്ള മുൻനിര താരങ്ങളെ മൂന്നോ നാലോ തവണ വിളിച്ചു ചോദ്യം ചെയ്തെന്നും സിദ്ദിഖ് പറഞ്ഞു.
അവരോട് പ്രധാനമായും ചോദിച്ചത് പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിൽ നടന്ന മീറ്റിംഗുകളിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഉള്ളടക്കത്തെക്കുറിച്ച് സർക്കാർ വിശദീകരിച്ചിരുന്നില്ലെന്നും ചില വിഷയങ്ങളിൽ ഇടപെടുന്നതിൽ അമ്മയ്ക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെ താരസംഘടനയായ 'അമ്മ' സ്വാഗതം ചെയ്തിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും നിലപാട് വ്യക്തമാക്കാതിരുന്ന 'അമ്മ'യ്ക്ക് എതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് വാർത്താസമ്മേളനം വിളിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
'അമ്മ' ഒളിച്ചോടിയതല്ലെന്നും ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളോട് യോജിക്കുന്നുവെന്നും തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടിരുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ മുഴുവൻ സിനിമാ മേഖലയെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.