അന്തരിച്ച കന്നട സൂപര്‍താരം പുനീത് രാജ്കുമാറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അല്ലു അര്‍ജുന്‍; താരത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ചന നടത്തി ആദരാഞ്ജലി അര്‍പിച്ചു
Feb 4, 2022, 10:00 IST
ചെന്നൈ: (www.kvartha.com 04.02.2022) അന്തരിച്ച സാന്‍ഡല്‍വുഡ് നായകന്‍ പുനീത് രാജ്കുമാറിന് ആദരാഞ്ജലി അര്‍പിച്ച് തെലുങ്ക് താരം അല്ലു അര്‍ജുന്‍. പുനീത് രാജ്കുമാറിന്റെ ബെംഗ്‌ളൂറിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. പുനീതിന്റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ചന നടത്തുകയും ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും അല്ലു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
'പുനീത് ഗാരുവിന് എന്റെ വിനീതമായ ആദരം. രാജ്കുമാര്‍ ഗാരുവിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ആരാധകര്‍ക്കും എന്റെ ബഹുമാനം', ചിത്രങ്ങള്‍ക്കൊപ്പം അല്ലു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 നായിരുന്നു പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46 കാരനായ പുനീതിന്റെ അന്ത്യം. സ്വന്തം ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതിഹാസ നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്‍. ബാലതാരമായി സിനിമയിലെത്തിയ പുനീതിനെ സുഹൃത്തുക്കളും ആരാധകരും സ്‌നേഹത്തോടെ അപ്പു എന്നാണ് വിളിച്ചിരുന്നത്. സിനിമയ്ക്ക് പുറത്ത് നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്നിട്ടിറങ്ങിയ പുനീത് ഒരു സിനിമാതാരം എന്നതിലുപരി ജനമനസില്‍ ഇടംപിടിച്ച ആളായിരുന്നു. പുനീതിന്റെ ആഗ്രഹം പോലെ മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകളും ദാനം ചെയ്യപ്പെട്ടു.
അതേസമയം, വിവിധ ഭാഷകളിലിറങ്ങിയ പുഷ്പയുടെ വന്‍വിജയ തിളക്കത്തിലാണ് അല്ലു അര്‍ജുന്‍. അടുത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു പുഷ്പ. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 100 കോടി നേടിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.