Interim Bail | ജയിലിൽ പോകേണ്ട, അല്ലു അർജുന് ഇടക്കാല ജാമ്യം; ഉത്തരവാദി നടനല്ല, കേസ് പിൻവലിക്കാമെന്ന് മരിച്ച യുവതിയുടെ ഭർത്താവ്
● സംഭവത്തിൽ അല്ലു അർജുനെ അടക്കം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
● ഹൈദരാബാദ് പൊലീസ് അല്ലു അർജുനെതിരെ മനപൂർവമല്ലാത്ത നരഹത്യക്കുറ്റം ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തിയിരുന്നു.
● താരം ഹൈകോടതിയിൽ നൽകിയ ജാമ്യഹർജി പരിഗണിച്ച കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
ഹൈദരാബാദ്: (KVARTHA) പുഷ്പ 2 സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും ഒരു യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുന് തെലങ്കാന ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
ഡിസംബർ നാലിന് രാത്രി അല്ലു അർജുൻ എത്തുന്നതിനിടെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന സ്ത്രീ മരിച്ചിരുന്നു. ഇവരുടെ മകൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സംഭവത്തിൽ അല്ലു അർജുനെ അടക്കം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹൈദരാബാദ് പൊലീസ് അല്ലു അർജുനെതിരെ മനപൂർവമല്ലാത്ത നരഹത്യക്കുറ്റം ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് അറസ്റ്റ് ചെയ്ത അല്ലു അർജുനെ നമ്പള്ളി കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. എന്നാൽ താരം ഹൈകോടതിയിൽ നൽകിയ ജാമ്യഹർജി പരിഗണിച്ച കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
അല്ലു അർജുൻ്റെ അഭിഭാഷകർ, താരം ബോധപൂർവം ആരെയും ഉപദ്രവിക്കാൻ ഉദ്ദേശിച്ചില്ലെന്നും തിക്കും തിരക്കും നിയന്ത്രിക്കേണ്ടിയിരുന്നത് പൊലീസാണെന്നും വാദിച്ചു. ദുരന്തം ഉണ്ടാകുമ്പോൾ താരം തിയറ്ററിനകത്ത് ആയിരുന്നുവെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും നടൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അതേസമയം, പുഷ്പ 2 ന്റെ പ്രിമിയർ ദിവസം അപ്രതീക്ഷിതമായി അല്ലുവും സംഘവും തിയറ്ററിലെത്തിയത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും അതാണ് അപകടകാരണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. സന്ധ്യ തിയേറ്റർ ഉടമകളിലൊരാളായ സന്ദീപ്, സീനിയർ മാനേജർ എം നാഗരാജു, സുപ്പർവൈസർ ഗന്ധകം വിജയ് ചന്ദർ എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റുള്ളവർ.
ബിഎൻഎസ് നിയമത്തിലെ 3(5) പ്രകാരമുള്ള 105, 118(1) വകുപ്പുകൾ പ്രകാരമാണ് അല്ലു അർജുനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം പുഷ്പ 2 പ്രീമിയറിനിടെ മരിച്ച സ്ത്രീയുടെ ഭർത്താവ് ഭാസ്‌കർ ദാരുണമായ സംഭവത്തിന് അല്ലു അർജുനെ കുറ്റപ്പെടുത്തുന്നില്ലെന്ന് പറഞ്ഞു. തൻ്റെ കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് ഭാസ്‌കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
#AlluArjun #Pushpa2 #InterimBail #HyderabadIncident #CourtOrder #LegalNews