Update | 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' വിതരണം ഏറ്റെടുത്തത് റാണ ദഗ്ഗുബതി
പായൽ കപാഡിയ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്
ദില്ലി: (KVARTHA) ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം ആഗോള തലത്തിൽ വലിയ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. പായൽ കപാഡിയ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.
ഈ ചിത്രം 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു . 1994-ന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ നിന്ന് ഒരു ചിത്രം ഇത്തരത്തിൽ പ്രദർശിപ്പിക്കുന്നത് .ഗ്രാൻഡ് പ്രിക്സ് പുരസ്കാരവും ഈ ചിത്രം നേടിട്ടുണ്ട്. കൂടാതെ നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ ചിത്രം പ്രശംസ പിടിച്ചുപറ്റിട്ടുണ്ട്.
ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം ചിത്രത്തിന്റെ ഇന്ത്യൻ അവകാശം തെലുങ്ക് സൂപ്പർസ്റ്റാർ റാണ ദഗ്ഗുബതിയുടെ പ്രൊഡക്ഷൻ ഹൗസ് സ്വന്തമാക്കി എന്നാണ്. ഈ അടുത്തായി തെലുങ്ക് ചിത്രം 35 ചിന്ന കഥ കടു വിതരണത്തിന് എടുത്ത റാണയുടെ കമ്പനിയായ സ്പിരിറ്റ് മീഡിയോ ഇന്ത്യയുടെ കാനിലെ അഭിമാന ചിത്രവും വിതരണത്തിന് എത്തിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
'ഞങ്ങൾ ത്രില്ലിലാണ്, ലോകമെമ്പാടുമുള്ള ചലച്ചിത്രോത്സവങ്ങളിൽ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ ഒരു ചിത്രം ഇന്ത്യൻ ആരാധകർക്ക് മുന്നിൽ എത്തിക്കുന്നു' എന്നാണ് റാണ പ്രതികരിച്ചത്.