പെരിമെനോപോസിനെ കുറിച്ച് തുറന്നുപറഞ്ഞ് ലെന; ‘വിമൻ ഒ പോസി’ന്റെ കവർ പ്രകാശനം ഭർത്താവ് ക്യാപ്റ്റൻ പ്രശാന്ത് നായർ നിർവ്വഹിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 35 മുതൽ 55 വയസ്സ് വരെയുള്ള ഈ കാലഘട്ടത്തെ 'വുമണോസെൻസ്' എന്നാണ് ലെന വിശേഷിപ്പിക്കുന്നത്.
● സ്ത്രീകൾക്കൊപ്പം തന്നെ പുരുഷന്മാരും വായിച്ചിരിക്കേണ്ട പുസ്തകമാണിതെന്ന് പ്രശാന്ത് നായർ പറഞ്ഞു.
● ഇംഗ്ലീഷിൽ പെൻഗ്വിൻ ബുക്സും മലയാളത്തിൽ ഡിസി ബുക്സുമാണ് പുസ്തകം പുറത്തിറക്കുന്നത്.
● 'ദൈവത്തിന്റെ ആത്മകഥ'യ്ക്ക് ശേഷം ലെന എഴുതുന്ന രണ്ടാമത്തെ പുസ്തകമാണിത്.
തിരുവനന്തപുരം: (KVARTHA) പ്രശസ്ത നടിയും എഴുത്തുകാരിയുമായ ലെനയുടെ ഏറ്റവും പുതിയ പുസ്തകമായ ‘വിമൻ ഒ പോസി’ന്റെ (Wom-o-pause) കവർ പ്രകാശനം നിർവ്വഹിച്ചു. ലെനയുടെ ഭർത്താവും ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനും ഫ്ലൈറ്റ് ഇൻസ്ട്രക്ടറും ഇന്ത്യയുടെ ഗഗൻയാൻ ബഹിരാകാശ പദ്ധതിയിൽ അംഗവുമായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ കീർത്തിചക്രയാണ് പുസ്തകം വായനക്കാർക്കായി പരിചയപ്പെടുത്തിയത്. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച് ഗൗരവത്തോടെ സംസാരിക്കുന്ന ഈ പുസ്തകം ഓരോ പുരുഷനും വായിച്ചിരിക്കേണ്ട ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.
കവർ പ്രകാശനം നിർവ്വഹിച്ച് പ്രശാന്ത് നായർ പറഞ്ഞത്
ഓരോ പുസ്തകത്തിന്റെയും വിജയം വായനക്കാരാണെന്നും ഈ ഡിജിറ്റൽ മീഡിയ യുഗത്തിൽ ഒരു പുസ്തകം ഒരാൾ കയ്യിലെടുക്കുന്നത് തന്നെ വലിയ കാര്യമാണെന്നും പ്രശാന്ത് ബാലകൃഷ്ണൻ നായർ പറഞ്ഞു. ലെനയുടെ വ്യക്തിജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും അനുഭവങ്ങളിൽ നിന്നാണ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നത്.
ആർത്തവ ചക്രത്തെ കുറിച്ച് സംസാരിക്കുന്ന പുസ്തകമാണെങ്കിലും സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കുമുള്ള പുസ്തകമാണിതെന്നും അദ്ദേഹം പറഞ്ഞു. അമ്മമാരുണ്ട്, ഭാര്യമാരുണ്ട്, സഹോദരിമാരുണ്ട്, മകളുണ്ട്, അമ്മായമ്മമാരുണ്ട് അങ്ങനെ ഓരോ പുരുഷന്മാരും സ്ത്രീകളുമായി പല വിധത്തിൽ ബന്ധപ്പെട്ട് നിൽക്കുന്നു. അതുകൊണ്ട് തന്നെ ഒരു മറയുമില്ലാതെ എല്ലാവരും തുറന്നുസംസാരിക്കേണ്ട വിഷയമാണ് ഈ പുസ്തകം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പെരിമെനോപോസും വുമണോസെൻസും
തന്റെ അച്ഛനും അമ്മയും ഭർത്താവുമാണ് ഈ പുസ്തത്തിന് പിന്നിലെ ഏറ്റവും വലിയ പ്രചോദനം എന്ന് ലെന പറഞ്ഞു. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറെ പ്രധാനമായൊരു ഘട്ടമായ ആർത്തവവിരാമത്തിലേക്കുള്ള യാത്രയുടെ ആത്മപരിശോധനയാണ് ഈ പുസ്തകം. ആർത്തവ വിരാമത്തെ കുറിച്ച് പറയുന്നതിനേക്കാൾ ആർത്തവ വിരാമത്തിന് മുമ്പുള്ള അവസ്ഥയായ പെരിമെനോപോസിനെ കുറിച്ചാണ് പുസ്തകം ഗൗരവത്തോടെ സംസാരിക്കുന്നത്.
35 വയസ്സ് മുതൽ സ്ത്രീകൾ കടന്നുപോകുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നിരവധിയാണ്. ഒരു കുട്ടിയിൽ നിന്നും അഡൾട്ടാകുന്ന കാലഘട്ടത്തെ അഡോളസെൻസ് എന്ന് പറയുന്നതുപോലെ സ്ത്രീകളുടെ 35 നും 55 നും ഇടയ്ക്കുള്ള ഈ കാലഘട്ടത്തെ ‘വുമണോസെൻസ്’ എന്നാണ് ലെന വിശേഷിപ്പിക്കുന്നത്.
സ്ത്രീകളുടെ രണ്ടാം കൗമാരം
സ്ത്രീകളുടെ സെക്കൻഡ് അഡോളസെൻസ് എന്ന് ഇതേക്കുറിച്ച് പറയാമെന്ന് ലെന വിശദീകരിക്കുന്നു. 35 വയസ്സ് കഴിയുമ്പോൾ സ്ത്രീകളുടെ ശരീരം ഏറെ മാറി തുടങ്ങും. അപ്പോൾ അവർ പലവിധ മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകും.
ശരീരഭാരം ഉൾപ്പെടെയുള്ള ഫിസിക്കൽ മാറ്റങ്ങളല്ലാതെ ഹോർമോണൽ വ്യതിയാനങ്ങളും പല രീതിയിലുണ്ടാകും. ഇക്കാര്യങ്ങളൊക്കെ ഒരു സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ സംസാരിക്കുന്നതോടൊപ്പം തന്റെ ഡോക്ടർമാരുടെ ആധികാരികമായ എഴുത്തുകളും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.
പുരുഷന്മാരുടെ തിരിച്ചറിവ്
സ്ത്രീകൾക്കുണ്ടാകുന്ന ഈ മാറ്റം പുരുഷന്മാരും അറിയേണ്ടതുണ്ട്. സ്ത്രീകളുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നുവെന്ന് പുരുഷന്മാരും അറിയുകയാണെങ്കിൽ അത് പരസ്പരം മനസ്സിലാക്കാൻ ഏറെ സഹായകമാകും. ‘ദി മിഡ്-ലൈഫ് ഗൈഡ് ഫോർ വുമൺ ആൻഡ് ദെയർ മെൻ’ എന്ന് ഈ പുസ്തകത്തിന് ടാഗ്‌ലൈൻ നൽകിയിരിക്കുന്നതും അതുകൊണ്ടാണ്.
നന്നായി പരിഗണിച്ചില്ലെങ്കിൽ പെട്ടെന്ന് വാർദ്ധക്യത്തിലേക്ക് പോകും, നന്നായി പരിഗണിച്ച് കാര്യങ്ങൾ വ്യക്തമായി അറിഞ്ഞുകൊണ്ടു പോയാൽ മാനസിക സംഘർഷങ്ങളില്ലാതെ, ദാമ്പത്യ പ്രശ്നങ്ങൾ ഇല്ലാതെ സുഗമമായി മുന്നോട്ടുപോകാനാകും.
അമ്മയ്ക്കുള്ള സമർപ്പണം
എനിക്ക് 45 വയസ്സായപ്പോഴാണ് എന്റെ അമ്മ അന്ന് അനുഭവിച്ച കാര്യങ്ങൾ എനിക്ക് തിരിച്ചറിയാനായത്. എന്റെ അമ്മ എന്തൊക്കെ പ്രശ്നങ്ങളിലൂടെയാണ് ഞാൻ കൗമാരത്തിലായിരുന്ന ആ സമയത്ത് കടന്നുപോയതെന്ന തിരിച്ചറിവ് ഇപ്പോൾ നേരിട്ടറിയുമ്പോൾ അത് മനസ്സിലാക്കാനാകുന്നതുകൊണ്ട് ഞാൻ ഈ പുസ്തകം എന്റെ അമ്മയ്ക്കാണ് സമർപ്പിച്ചിരിക്കുന്നത്.
പണ്ടത്തേക്കാൾ ഈ ജനറേഷൻ പെരിമെനോപോസിനെ കുറിച്ച് ഒത്തിരി റിസർച്ച് ചെയ്തുകൊണ്ടിരിക്കുന്നുണ്ട് എന്നും ലെന വ്യക്തമാക്കി. ‘ദൈവത്തിന്റെ ആത്മകഥ’യ്ക്ക് ശേഷം പുറത്തിറങ്ങുന്ന ലെനയുടെ രണ്ടാമത്തെ പുസ്തകമാണിത്. ഇംഗ്ലീഷിൽ പെൻഗ്വിൻ ബുക്സും മലയാളത്തിൽ ഡിസി ബുക്സുമാണ് പ്രസാധകർ. പി. പ്രകാശാണ് പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ പ്രീ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.
സ്ത്രീകളുടെ ആരോഗ്യത്തെയും മാനസിക മാറ്റങ്ങളെയും കുറിച്ചുള്ള ഇത്തരം പുതിയ വാർത്തകളും പുസ്തക വിശേഷങ്ങളും സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ലെനയുടെ ഈ പുതിയ ചുവടുവെപ്പിനെക്കുറിച്ചുള്ള വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.
Article Summary: Actress Lena's second book 'Wom-o-pause' cover was launched by her husband, Group Captain Prashanth Nair.
#Lena #PrashanthNair #Womopause #Perimenopause #MalayalamCinema #NewBook #DCBooks #PenguinBooks #WomensHealth
