Allegation | പൊലീസ് സംഘം സ്വകാര്യത നശിപ്പിക്കുന്നു; തന്റെ ഫേസ് ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്‌തെന്നും പാസ് വേഡ് നശിപ്പിച്ചെന്നും മുകേഷിനും ജയസൂര്യയ്ക്കുമെതിരെ പരാതി നല്‍കിയ നടി
കൊച്ചി: (KVARTHA) ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമാ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ അന്വേഷണസംഘത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പരാതിക്കാരിയായ നടി. പൊലീസ് സംഘം തന്റെ സ്വകാര്യത നശിപ്പിക്കുന്നുവെന്നാണ് ഇവരുടെ പരാതി. തന്റെ ഫേസ് ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്‌തെന്നും പാസ് വേഡ് നശിപ്പിച്ചെന്നും ഇവര്‍ ആരോപിച്ചു.
നടന്മാരായ ജയസൂര്യ, മുകേഷ്, ഇടവേള ബാബു എന്നിവര്‍ക്കെതിരെ പരാതി നല്‍കിയ നടിയാണ് ഇപ്പോള്‍ അന്വേഷണസംഘത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘത്തോട് എല്ലാ രീതിയിലും സഹകരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ നടി എന്നാല്‍ പൊലീസ് സംഘം തന്നോട് ചെയ്യുന്നത് അല്‍പ്പം കൂടുതലാണെന്നും ചൂണ്ടിക്കാട്ടുന്നു.
നടിയുടെ വാക്കുകള്‍:
എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ അവര്‍ ഇടപെടുകയാണ്. എന്റെ കയ്യിലുള്ള എല്ലാ വിവരങ്ങളും അവര്‍ക്ക് കൊടുത്തു. ഫോണില്‍ നിന്നും ലാപ് ടോപ്പില്‍നിന്നും കംപ്യൂട്ടറില്‍ നിന്നെല്ലാമുള്ള വിവരങ്ങള്‍ അവരെടുത്തു. എല്ലാം എടുത്തോട്ടേ. എന്റെ ഫേസ് ബുക്ക് ആക്‌സസ് അവരില്ലാതാക്കിക്കളഞ്ഞിരിക്കുന്നു എന്നതാണ് സങ്കടം. ഞാന്‍ പൊതുജനങ്ങളുമായി ഇടപെടുന്നത് ഇല്ലാതാക്കിയിരിക്കുകയാണ്. എനിക്കൊരു സ്വകാര്യതവേണ്ടേ? സമാധാനത്തോടെ ജീവിക്കുന്ന വീടാണ്. ഇവര്‍ എന്നും കയറിവന്നാല്‍ ഞാനെന്തുചെയ്യും?
അന്വേഷണസംഘം സ്ഥിരം വീട്ടില്‍ വരുന്നതുകൊണ്ട് മകന്‍ റൂമില്‍ കയറിയിരിക്കുകയാണ്. മകനും സ്വകാര്യത കിട്ടുന്നില്ല. ഇവിടെ എന്തെല്ലാം വൃത്തികെട്ട കളികളാണ് നടക്കുന്നതെന്ന് മനസിലായി. പരാതിയില്‍ ഒരു മാറ്റവുമില്ല, അതില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ അന്വേഷണസംഘത്തിന്റെ ഉപദ്രവം ഇനി മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും അവര്‍ പറയുന്നു.
#PrivacyViolation, #MalayalamActress, #KeralaPolice, #FilmIndustry, #SocialMedia, #LegalRights