Booked | വിമാനത്താവളത്തില്‍ 'മദ്യപിച്ച് ബഹളം വെച്ചു'; നടന്‍ വിനായകനെതിരെ കേസെടുത്ത് ഹൈദരാബാദ് പൊലീസ്


ബംഗ്ലൂരു: (KVARTHA) ആര്‍ജിഐ വിമാനത്താവളത്തില്‍ മദ്യപിച്ച് ബഹളം വെച്ചുവെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. ഹൈദരാബാദ് ആര്‍ജിഐ എയര്‍പോര്‍ട്ട് പൊലീസാണ് എയര്‍പോര്‍ട്ടിലെ സി ഐ എസ് എഫ് ഉദ്യോഗസ്ഥരുടെ പരാതി പ്രകാരം കേസെടുത്തത്.
മദ്യപിച്ച് ബഹളം വെച്ചു, പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്നീ വകുപ്പുകള്‍ ചുമത്തി ആണ് കേസെടുത്തിരിക്കുന്നത്. ഹൈദരാബാദ് സിറ്റി പൊലീസ് ആക്റ്റ് പ്രകാരം സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യം പരിശോധിച്ചാണ് കേസ് എടുക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ഹൈദരാബാദ് പൊലീസിന്റെ കസ്റ്റഡിയിലാണ് വിനായകന്‍.
ഡൊമസ്റ്റിക് ട്രാന്‍സ്ഫര്‍ ഏരിയയില്‍ വിനായകന്‍ ബഹളമുണ്ടാക്കി എന്നും വിഷയത്തില്‍ ഇടപെട്ട സി ഐ എസ് എഫ് ഉദ്യോഗസ്ഥരുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായെന്നും ഇതോടെ സി ഐ എസ് എഫ് കസ്റ്റഡിയിലെടുത്ത വിനായകനെ പൊലീസിന് കൈമാറുകയായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
എന്നാല്‍ വിമാനത്താവളത്തിലെ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ തന്നെ കൈകാര്യം ചെയ്തുവെന്നാണ് വിനായകന്റെ ആരോപണം. കസ്റ്റഡി എന്തിനെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും വിനായകന്‍ പറഞ്ഞു.
#Vinayakan #HyderabadPolice #AirportIncident #CISF #CrimeNews #Controversy