ഇപ്പോള്‍ വ്യക്തമായില്ലേ മോദിയുടെ ആരോഗ്യ സേതു ആപ് നിര്‍ബന്ധമാക്കിയത് എന്തിനാണെന്ന്; പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ നടപടിയില്‍ വിമര്‍ശനവുമായി പ്രമുഖ നടന്‍

 



ചെന്നൈ: (www.kvartha.com 20.07.2021) പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ നടപടിയില്‍ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്. ആരോഗ്യ സേതു ആപ് സര്‍കാര്‍ നിര്‍ബന്ധമാക്കുന്നതിന്റെ കാരണം ഇപ്പോള്‍ വ്യക്തമായില്ലേയെന്നാണ് സിദ്ധാര്‍ഥ് ചോദിക്കുന്നത്. ട്വീറ്റിലൂടെയാണ് താരം വിമര്‍ശിച്ചത്.

സിദ്ധാര്‍ഥിന്റെ ട്വീറ്റ്: എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ സേതു പോലുള്ള ആപുകള്‍ നിര്‍ബന്ധമാക്കുന്നതെന്ന് നിങ്ങള്‍ക്കിപ്പോള്‍ മനസിലായില്ലേ? അവര്‍ നുണ പറയുകയും രഹസ്യമായി നമ്മെ ചാരപ്രവര്‍ത്തനം നടത്തുകയും ചെയ്യും. അതിനാല്‍ തന്നെ എന്തുകൊണ്ടെന്ന ചോദ്യം നാം ചോദിച്ചുകൊണ്ടേയിരിക്കണം. 

രാഹുല്‍ഗാന്ധി, കേന്ദ്രമന്ത്രിമാര്‍, മാധ്യമപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, വ്യവസായികള്‍ തുടങ്ങിയ പ്രമുഖരുടെ ഫോണ്‍ പെഗാസസ് മാല്‍വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. മാധ്യമ പ്രസിദ്ധീകരണങ്ങളുടെ ആഗോള കണ്‍സോര്‍ഷ്യമാണ് ഇസ്രാഈല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. പെഗാസസ് ആഗോളതലത്തില്‍ ആയിരകണക്കിന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്‍ഡ്യയില്‍ മാത്രം ഈ സ്‌പൈവെയര്‍ ചോര്‍ത്തിയത് മൂന്നൂറോളം ആളുകളുടെ വിവരങ്ങളാണ്. ഇതില്‍ തന്നെ മോദി മന്ത്രിസഭയിലെ 2 മന്ത്രിമാരും മൂന്ന് പ്രതിപക്ഷ നേതാക്കളും നിരവധി മാധ്യമ പ്രവര്‍ത്തകരും ഉള്‍പെടും.

എന്താണ് പെഗാസസ്?

ഇസ്രാഈലി കമ്പനിയായ എന്‍ എസ് ഒ നിര്‍മിച്ച് വിപണിയില്‍ എത്തിച്ച സ്‌പൈവെയര്‍ (Spyware)  ആണ് പെഗാസസ്. ഇത് ഒരാളുടെ കംപ്യൂടറിലോ ഫോണിലോ ലാപ്ടോപിലോ കടന്ന് അതിലെ വിവരങ്ങള്‍ അനധികൃതമായി മറ്റൊരു സെര്‍വറിലേക്ക് മാറ്റും. ഈ വിവരങ്ങള്‍ ആഗോളതലത്തില്‍ കൃത്യമായി പരിശോധിച്ച വിദേശ സര്‍കാരുകള്‍ക്ക് മാത്രമേ കൈമാറുകയുള്ളൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇന്റര്‍നെറ്റുമായി (Internet) ബന്ധിപ്പിച്ചിട്ടുള്ള ഏത് ഉപകരണത്തിലും വളരെ എളുപ്പത്തില്‍ ഇടാന്‍ കഴിയുമെന്നതാണ് പെഗാസസിന്റെ പ്രത്യേകത. വിദഗ്ദ്ധര്‍ നല്‍കുന്ന വിവരം അനുസരിച്ച് അപ്‌ഡേറ്റ് ചെയ്യപ്പെട്ട പെഗാസസിന് മെസേജോ ലിങ്കുകളോ ക്ലിക് ചെയ്യാതെ തന്നെ  ഉപകരണങ്ങളില്‍ കടന്ന് കൂടാന്‍ കഴിയും.

ഇപ്പോള്‍ വ്യക്തമായില്ലേ മോദിയുടെ ആരോഗ്യ സേതു ആപ് നിര്‍ബന്ധമാക്കിയത് എന്തിനാണെന്ന്; പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ നടപടിയില്‍ വിമര്‍ശനവുമായി പ്രമുഖ നടന്‍


മിക്ക സ്‌പൈവെയറുകളും സ്റ്റാകര്‍വെയറുകളും ആന്റിതെഫ്റ്റ് ആപുകളായി ആണ് ഫോണുകളില്‍ എട്ടാറുള്ളത്. വൈറസുകളും മാല്‍വേറുകളും ആന്റി വൈറസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കണ്ടെത്താന്‍ കഴിയും. എന്നാല്‍ സ്‌പൈവെയറുകളും സ്റ്റാക്കര്‍വെയറുകളും സാധാരണയായി ഉപയോഗമുള്ള ആപുകളായി എത്തി മറഞ്ഞിരുന്ന് വിവരങ്ങള്‍ ചോര്‍ത്താറാണ് പതിവ്.

നമ്മുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ എത്തുന്ന ഇത്തരം  സ്‌പൈവെയറുകളും സ്റ്റാകര്‍വെയറുകളും മറ്റൊരു സെര്‍വറിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുന്നത്. ഇത് ക്യാമറ തനിയെ ഓണ്‍ ആക്കുകയും, മൈക്രോഫോണുകള്‍ ഓണാക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. 

ഇവ കോണ്ടാക്ടുകളില്‍ നിന്നും, ഡാറ്റ ബാകപില്‍ നിന്നുമൊക്കെ വിവരങ്ങള്‍ ശേഖരിക്കും. അത്  സംസാരിക്കുന്നത് റെകോര്‍ഡ് ചെയ്യുകയും, കലന്‍ഡറില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയും, എസ് എം എസ്, ഇ-മെയിലുകള്‍ എന്നിവയിലെ വിവരങ്ങള്‍ കൈമാറുകയും ചെയ്യും. ഈ സ്‌പൈവെയറുകള്‍ കണ്ടെത്തുന്നത് വരെ ഇവ നിയന്ത്രിക്കുന്ന സെര്‍വറിലേക്ക് വിവരങ്ങള്‍ കൈമാറിക്കൊണ്ടിരിക്കും.

Keywords:  News, National, India, Chennai, Technology, Business, Finance, Social Media, Actor, Cine Actor, Entertainment, Twitter, Actor Sidharth criticizes Modi's Arogya Setu App
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia