Criticism | നടൻ പ്രേംകുമാർ പറഞ്ഞത് യാഥാർഥ്യം; സീരിയലുകളുടെ നിലവാരത്തകർച്ച കാണേണ്ടത് തന്നെ
● ഒരു സീരിയൽ തീരാൻ 8 ഉം 10 ഉം വർഷങ്ങൾ തന്നെ എടുക്കുന്നു.
● ഇന്ന് ഒരുപാട് പേർ വൈകുന്നേരം സീരിയലുകൾക്ക് അടിമപ്പെട്ടിരിക്കുന്നുണ്ട്.
● ശരിക്കും പറഞ്ഞാൽ ഇന്ന് വരുന്ന ഓരോ സീരിയലിനും വ്യക്തമായ കഥയോ തിരക്കഥയോ ഇല്ല. സീരിയലുകളുടെ നിലവാരത്തകർച്ച കാണേണ്ടത് തന്നെയാണ്.
മിൻ്റാ സോണി
(KVARTHA) ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും സജീവ ചർച്ചയായിരിക്കുന്നത് മലയാള സീരിയലുകൾ എൻഡോസൾഫാനെക്കാൾ വിഷമയം എന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ പറഞ്ഞതാണ്. അദ്ദേഹത്തെ ഇതിൻ്റെ പേരിൽ ഒരുപാട് പേർ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നുണ്ട്. അദ്ദേഹം സീരിയലിലൂടെ വന്ന നടനാണെന്ന് പറഞ്ഞാണ് ഈ ആക്ഷേപങ്ങൾ ഒക്കെ. അതുകൊണ്ട് സീരിയലുകളുടെ നിലവാരത്തകർച്ച കാണാതിരിക്കണമെന്നുണ്ടോ. അല്ലെങ്കിൽ അദേഹം അതിനെപ്പറ്റി ഒരു അഭിപ്രായം പോലും പറയാതെ കണ്ണടയ്ക്കണമെന്നുണ്ടോ.
ഇന്ന് ഒരുപാട് പേർ വൈകുന്നേരം സീരിയലുകൾക്ക് അടിമപ്പെട്ടിരിക്കുന്നുണ്ട്. അതിൽ വീട്ടമ്മമാരും കുട്ടികളുമാണ് അധികവും. ഇവരെയൊക്കെ ഈ സിരിയലുകൾ നന്നായി സ്വാധീനിക്കുണ്ടെന്ന് വേണം പറയാൻ. ആളുകളെ ടി വി യ്ക്ക് മുൻപിൽ ഇരുത്തി അല്ലെങ്കിൽ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ വ്യൂവേഴ്സ് കൂട്ടാൻ മാത്രമുള്ള ആത്മാർത്ഥത മാത്രമേ ഇന്ന് ഒരോ സീരിയലുകൾക്കും ഉള്ളും. ഒരു സീരിയൽ തീരാൻ 8 ഉം 10 ഉം വർഷങ്ങൾ തന്നെ എടുക്കുന്നു. അതുവരെ പലരും ഇതിന് അടിമകളായി ടിവിയ്ക്ക് മുൻപിൽ ഇരുന്ന് തൻ്റെ ആയുസ് മുഴുവൻ പാഴാക്കുന്നു.
ഓരോ സീരിയലുകളും അതിൻ്റെ താൽപര്യത്തിനെന്നോണം ദിവസം തോറും കഥയിൽ മാറ്റം വരുത്തി വലിച്ചു നീട്ടിക്കൊണ്ടിരിക്കുന്നു. ശരിക്കും പറഞ്ഞാൽ ഇന്ന് വരുന്ന ഓരോ സീരിയലിനും വ്യക്തമായ കഥയോ തിരക്കഥയോ ഇല്ല. സീരിയലുകളുടെ നിലവാരത്തകർച്ച കാണേണ്ടത് തന്നെയാണ്. ഈ അവസരത്തിൽ ഇതുമായി ബന്ധപ്പെട്ട് നടന്ന ഒരു ഗ്രൂപ്പിലെ ചർച്ചയിൽ മലയാള സീരിയലുകളുടെ നിലവാരത്തകർച്ചയെ പൊളിച്ചടുക്കി ഒരാൾ കുറിച്ച കുറിപ്പ് കാണേണ്ടത് തന്നെയാണ്.
കുറിപ്പിൽ പറയുന്നത്: 'മലയാള സീരിയലുകൾ എൻഡോസൾഫാനെക്കാൾ വിഷമയം എന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞതോടെ, കുറേയാളുകൾ യഥാർത്ഥത്തിൽ പറഞ്ഞാൽ സീരിയൽ കൊണ്ട് ഉപജീവനം നടത്തുന്ന ആളുകൾ പ്രേംകുമാറിനെതിരെ രംഗത്ത് വന്നിരിക്കുകയാണല്ലോ. സീരിയലിലൂടെ വന്നതല്ലേ പ്രേംകുമാർ എന്നിട്ടിപ്പോ സീരിയലിനെ കുറ്റം പറയുന്നോ എന്ന് ഹരീഷ് പേരടി, ചലച്ചിത്ര അക്കാദമി ചെയർമാന് കൊമ്പൊന്നും ഇല്ലല്ലോ എന്ന് ധർമജൻ ബോൾഗാട്ടി.
അല്ല എനിക്ക് മനസിലാകാത്തത് കൊണ്ട് ചോദിക്കുവാ. ഏഷ്യാനെറ്റിൽ ആദ്യമായി സ്ത്രീ എന്നൊരു സീരിയൽ വന്നത് ഓർമ്മയുണ്ട്. അക്കാലം മുതൽ ഇന്ന് വരെയുള്ള സീരിയലുകൾ എടുത്ത് നോക്കിക്കോ. ഇപ്പോഴത്തെ സീരിയലിൽ പത്തെണ്ണമെടുത്താൽ പത്തിന്റെയും കഥ ഒന്ന് തന്നെയാണ്. അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മാറ്റിയിട്ടാൽ കഥ റെഡി. ഭാര്യയെ കാണാതെ പോവുക, ഭർത്താവിനെ കാണാതെ പോകുക., കുട്ടിയെ കാണാതെ പോവുക എന്നത് മെയിനാണ്.
എൺപതുകളിലെ ചിന്താഗതികളിൽ നിന്നും വണ്ടി കിട്ടിയിട്ടില്ലാത്ത അമ്മായിയമ്മ മസ്റ്റ് ആണ്. പേട്രിയാർക്കി മുതൽ ശുദ്ധമണ്ടത്തരം എന്ന് ആർക്കും തോന്നുന്ന അന്ധവിശ്വാസം വരെ അവരിലുണ്ടാകണം. വീട്ടിൽ വെറുതെ നിന്നാലും മേക്കപ്പ്, നവരാത്രി ഉത്സവത്തിന് വിളക്കെടുക്കാൻ പോകുന്നത് പോലെ ആയിരിക്കണം. പഴം പുഴുങ്ങിയത് പോലെയുള്ള ഒരാളായിരിക്കും ഗൃഹനാഥൻ. ഭാര്യയുടെ പിറകെ നടക്കുക, ഭാര്യ രണ്ട് ചാട്ടം ചാടുമ്പോ മിണ്ടാതെ പോവുക ഇതാണ് പുള്ളിടെ ഡ്യൂട്ടി.
ഇതിന്റെ ലൈറ്റ് വേർഷൻ ആയിരിക്കും മകൻ. കുറച്ച് റൊമാൻസ് സീൻ കിട്ടും എന്നതാണ് വ്യത്യാസം. ഇവന് പ്രേമം ഉണ്ടെങ്കിൽ പോയി... അത് ഈ തള്ള തന്നെ പൊളിക്കും.. മരുമകളോ അല്ലെങ്കിൽ ഏതെങ്കിലും കസിനോ ഒക്കെ ആയിരിക്കും വില്ലത്തി. സഹായിക്കാൻ ഒരു വില്ലനും കാണും. ചില സീരിയലുകളിൽ കൊലപാതകം ഒക്കെ പ്ലാൻ ചെയ്യുന്നത് സ്‌കൂളിൽ പഠിക്കുന്ന കുട്ടികളാണ്. നമ്മളൊക്കെ ആ പ്രായത്തിൽ കിട്ടുന്നതും തിന്ന് എവിടേലും കിടന്നുറങ്ങുവായിരുന്നിരിക്കണം.
അവിഹിതബന്ധങ്ങൾ, താറുമാറായ കുടുംബബന്ധങ്ങൾ, മാനസീക വൈകല്യം അല്ലെങ്കിൽ സ്വഭാവവൈകല്യത്തിന്റെ ഗ്ലോറിഫിക്കേഷൻ അങ്ങനെ അങ്ങനെ ഈ തലമുറയ്ക്കോ വരും തലമുറയ്ക്കോ യാതൊരു ഗുണവും ചെയ്യാത്ത എന്നാൽ ഒരു സ്ലോ പോയ്സൻ പോലെ സമൂഹത്തെ മോശമായി ബാധിക്കുന്ന സീരിയലുകൾ എൻഡോസൾഫാൻ തന്നെയാണ്. തുടർച്ചയായി ഇതിങ്ങനെ കണ്ടുകൊണ്ടിരുന്നാൽ ആറ് വയസുള്ളതിന്റെ മുതൽ അറുപത് വയസുള്ളതിന്റെ വരെ സ്വഭാവം സ്വാധീനിക്കപെടും. സിനിമകൾ ഇതിൽ പെടില്ലേ എന്ന് ചോദിച്ചാൽ സിനിമകൾക്ക് നിയന്ത്രണമുണ്ട്. സെൻസർ ബോർഡ് മുതൽ എ സർട്ടിഫിക്കറ്റ് വരെ.
ഡെയ്‌ലി അരമണിക്കൂർ കാണുന്ന ഒരു സാധനം തരുന്ന ഇൻഫ്ലുവെൻസും രണ്ടരമണിക്കൂർ സിനിമ തരുന്ന ഇൻഫ്ലുവെൻസും ഡിഫ്രന്റ് ആണ്. സീരിയലുകൾ മനുഷ്യരുടെ സ്വഭാവരൂപീകരണത്തിൽ വരെ സാരമായ വ്യത്യസങ്ങൾ വരുത്തും. പരീക്ഷിച്ചു നോക്കിക്കോ ധർമജനും, പേരടിയുമൊന്നും ഇപ്പോ വരുന്ന വൃത്തികേടുകൾ കാണുന്നുണ്ടോ എന്നറിയില്ല. നിങ്ങളുടെ കൂറ് ലഭിച്ച ശമ്പളത്തിനോടാണ് എന്നുമറിയാം. അതുകൊണ്ട് പറയുവാണ്. ഒരു സമൂഹത്തെ മുഴുവൻ ദുഷിപ്പിച്ചിട്ട് വേണോ എപ്പിസോഡിന്റെ കാശ് വാങ്ങി നിങ്ങൾക്ക് ജീവിക്കാൻ? നിങ്ങൾക്ക് മാത്രം ജീവിച്ചാൽ മതിയോ? സാമൂഹികപ്രതിബദ്ധത എന്നൊരു സാധനമുണ്ടോ?
സീരിയലുകൾക്ക് നിയന്ത്രണം കൊണ്ടുവരുക തന്നെ വേണം. സാധാരണക്കാരായ ഒരുപാട് ആളുകൾ ഇതുകൊണ്ട് ഇൻഫ്ലുവെൻസ് ചെയ്യപ്പെടുന്നുണ്ട് അതിന്റെ തെളിവാണ് സാധാരണക്കാരുടെ ഇടയിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ വർദ്ധനവ്. ചുമ്മ ഉള്ളി പൊളിച്ചത് പോലെയുള്ള കാര്യത്തിനൊക്കെയാണ് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ തട്ടിക്കളയുന്നത്. നല്ലൊരു നാളേയ്ക്ക് വേണ്ടി നമ്മളൊക്കെ സംസാരിക്കുമ്പോൾ ഭർത്താവിന്റെ കാൽകീഴിലാവണം ഭാര്യ എന്ന് പറയുന്ന, തനിക്ക് കിട്ടാത്തവരെ ഒക്കെ കൊല്ലാൻ നടക്കുന്ന വില്ലത്തിയുള്ള സീരിയലുകൾക്ക് വേണ്ടേ നിയന്ത്രണം?'
ഇങ്ങനെ പോകുന്നു ആ കുറിപ്പ്. സീരിയലുകളിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ധാരാളം കുടുംബങ്ങൾ ജീവിച്ചു പോകുന്നുണ്ടെന്ന് നന്നായി അറിയാം. എന്നാൽ കാലത്തിനനുസരിച്ചുള്ള മാറ്റം മലയാള സീരിയലുകളിലും വന്നുചേരണമെന്നേ പറയുന്നുള്ളു. കാരണം സിനിമ തീയേറ്ററിൽ പോയി കാണാത്തവർ പോലും വീട്ടിലിരുന്ന്, അല്ലെങ്കിൽ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ സീരിയലുകൾ കാണുന്നുണ്ട്. അവരെ വഴി തെറ്റിക്കാൻ ഉതകുന്നതാകരുത് നമ്മുടെ സീരിയലുകൾ.
#Premkumar, #MalayalamSerials, #TelevisionCriticism, #SerialQuality, #SocietalImpact, #SerialDebate