Jayasurya's Surprise |പ്രിയപ്പെട്ട താരത്തിനൊപ്പം എടുത്ത സെല്‍ഫി വീട്ടില്‍ കാണിക്കാന്‍ സ്മാര്‍ട്‌ഫോണില്ല; ആരാധികയ്ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കി ജയസൂര്യ
May 24, 2022, 13:12 IST
കൊച്ചി: (www.kvartha.com) പ്രിയപ്പെട്ട താരത്തിനൊപ്പം എടുത്ത സെല്‍ഫി വീട്ടില്‍ കാണിക്കാന്‍ സ്മാര്‍ട്‌ഫോണില്ലാത്ത ആരാധികയ്ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കി അത്ഭുതപ്പെടുത്തിയിരിക്കുകയാണ് മലയാളികളുടെ ഇഷ്ടനടന്‍ ജയസൂര്യ. ഈ സര്‍പ്രൈസ് സമ്മാനമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
പനമ്പള്ളിനഗറിലെ ടോണി ആന്‍ഡ് ഗൈ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ പുഷ്പയ്ക്കാണ് ജയസൂര്യയുടെ സ്‌നേഹ സമ്മാനം. ജയസൂര്യയെ ഒരു നോക്ക് കാണാന്‍ കാത്തിരുന്ന പുഷ്പയ്ക്ക് ഇരട്ടിമധുരമാണ് പകരമായി താരം നല്‍കിയത്.
ജയസൂര്യ വരുന്നതറിഞ്ഞ് ഒന്നു കാണാന്‍ കാത്തിരിക്കുകയായിരുന്നു പുഷ്പ. ഒന്ന് നേരില്‍ കാണണമെന്നേ അവര്‍ ആഗ്രഹിച്ചിരുന്നുള്ളൂ. പക്ഷേ തന്റെ കടുത്ത ആരാധികയ്‌ക്കൊപ്പം നിന്ന് ചിത്രം എടുക്കുകയും കൂടി ചെയ്തു ജയസൂര്യ.
എന്നാല്‍ ഈ ചിത്രം വീട്ടിലുള്ളവരെ കാണിക്കുവാന്‍ പുഷ്പയ്ക്ക് ഒരു സ്മാര്‍ട്‌ഫോണില്ലായിരുന്നു. തന്റെ ആരാധികയുടെ കയ്യില്‍ ഫോണ്‍ ഇല്ലന്നറിഞ്ഞ താരം ചിത്രം ഫ്രയിം ചെയ്ത് ആരാധികയ്ക്ക് സമ്മാനിക്കുകയായിരുന്നു. പനമ്പള്ളിനഗറിലെ ടോണി ആന്‍ഡ് ഗൈ കടയിലെ ഹൗസ്‌ക്ലീനിങ് സ്റ്റാഫ് ആണ് പുഷ്പ. താരത്തിന്റെ അസിസ്റ്റന്റിനെ വിട്ടാണ് അപ്പോള്‍ തന്നെ സെല്‍ഫി ഫ്രെയിമിലാക്കി നല്‍കിയത്.
പുഷ്പയ്ക്ക് സര്‍പ്രൈസ് നല്‍കുന്ന വീഡിയോയും ഇരുവരുടെയും ചിത്രവും സ്ഥാപനം തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു.
'അദ്ദേഹത്തിന്റെ കാരുണ്യപ്രവൃത്തികളാണ് അദ്ദേഹത്തെ ഓഫ്സ്‌ക്രീനിലും നായകനാക്കി മാറ്റുന്നത്. ഞങ്ങളുടെ സ്ഥാപനത്തിലെ പുഷ്പ ചേച്ചിയുടെ മുഖത്ത് ആ വലിയ ചിരി സമ്മാനിച്ചുകൊണ്ട് അവര്‍ക്ക് മികച്ച ദിവസം നല്‍കിയതിന് ജയസൂര്യയ്ക്ക് നന്ദി പറയുന്നു'- എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സ്ഥാപനം കുറിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.