Arrested | നടൻ അല്ലു അർജുൻ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത് കോടതി
● വെള്ളിയാഴ്ച ഉച്ചയ്ക്ക് ജൂബിലി ഹിൽസിലെ വീട്ടിൽ നിന്നാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
● പോലീസ് സ്റ്റേഷനിൽ വെച്ച് അല്ലു അർജുന്റെ വിശദമായ മൊഴി രേഖപ്പെടുത്തി.
● അല്ലു അർജുനെ കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി ഹൈദരാബാദ് പൊലീസ് വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
ഹൈദരാബാദ്: (KVARTHA) പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ തിയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും ഒരു യുവതി മരിച്ച കേസിൽ അറസ്റ്റിലായ നടൻ അല്ലു അർജുനെ നമ്പള്ളി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജൂബിലി ഹിൽസിലെ വീട്ടിൽ നിന്നാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി നമ്പള്ളി കോടതിയിൽ ഹാജരാക്കിയ അല്ലു അർജുനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
ഡിസംബർ നാലിന് സന്ധ്യ തിയേറ്ററിൽ ഉണ്ടായ ദുരന്തത്തിൽ അല്ലു അർജുന്റെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷും അച്ഛൻ അല്ലു അരവിന്ദും നിർമാതാവ് ദിൽ രാജുവും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പോലീസ് സ്റ്റേഷനിൽ വെച്ച് അല്ലു അർജുന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. തുടർന്ന് ഗാന്ധി ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
അല്ലു അർജുനെ കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി ഹൈദരാബാദ് പൊലീസ് വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. കോടതി വളപ്പിൽ വൻ ജനക്കൂട്ടം ഒഴുകിയെത്തുന്നത് തടയാനായിരുന്നു ഇത്. കോടതിയിൽ പ്രവേശിക്കുന്നതിന് സാധുതയുള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിരുന്നു.
#AlluArjun, #Arrested, #Remanded, #Hyderabad, #Pusha2, #CourtDecision