Hema Committee | ഹേമ കമ്മിറ്റി റിപ്പോർട്ട്: 'അമ്മ' പോലുള്ള സംഘടനകൾ ഒരു ക്ലബ് പോലെ പ്രവർത്തിക്കുന്നു, സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാൻ അവർക്ക് കഴിയുന്നില്ലെന്നും സംവിധായകൻ ആഷിഖ് അബു


സിനിമ മേഖല ഒരു തൊഴിലിടമാണ് അവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ് അല്ലാതെ ഒരു സംഘടനയുടെ ഉത്തരവാദിത്വമല്ലെന്ന് ആഷിഖ് അബു
കൊച്ചി: (KVARTHA) ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സിനിമയിലെ പവർ ഗ്രൂപ്പുകളെക്കുറിച്ച് സംവിധായകൻ ആഷിഖ്.
'അമ്മ' പോലുള്ള സംഘടനകൾ ഒരു ക്ലബ് പോലെ പ്രവർത്തിക്കുന്നുവെന്നും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാൻ അവർക്ക് കഴിയുന്നില്ലെന്നും ആഷിഖ് അബു വിമർശിച്ചു. രാഷ്ട്രീയ പാർട്ടികളെക്കാൾ ശക്തമായ ഗ്രൂപ്പുകൾ സിനിമയിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയിലെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കേണ്ടതാണെന്നും ഒരു സംഘടനയുടെ കൈയിൽ അത് വിടാൻ പറ്റില്ലെന്നും ആഷിഖ് അബു വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സംവിധായകരുടെ സംഘടനയായ ഫെഫ്കയുടെ ഭാരവാഹികളോട് സംസാരിച്ചപ്പോൾ സർക്കാർ എന്ത് പറയുന്നോ അത് അനുസരിക്കും എന്നാണ് മറുപടി കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം സർക്കാർ നിയോഗിച്ച കമ്മിറ്റി സിനിമയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ചിട്ടും പരാതി ഉണ്ടെങ്കിൽ നടപടി എടുക്കാമെന്ന നിലപാട് ഇടതുപക്ഷ സർക്കാരിന്റെ വാചകമായിട്ട് എടുക്കാനാവില്ലെന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു. സിനിമ മേഖല ഒരു തൊഴിലിടമാണ് അവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ് അല്ലാതെ ഒരു സംഘടനയുടെ ഉത്തരവാദിത്വമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.