Criticism | രഞ്ജിത്തിനെ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തണം; നടി പറഞ്ഞത് ആരോപണമല്ല, വെളിപ്പെടുത്തല്‍; ജഗദീഷിന്റെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നു, സിദ്ദീഖ് 'നല്ല അഭിനേതാവാണെന്നും' ആഷിഖ് അബു


വിഷയം സംസാരിക്കാന്‍ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും വരണം. പരാതിയെപറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തില്‍ മാത്രം ഒതുങ്ങുകയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ മുതല്‍ വിഷയത്തില്‍ ഇടതുപക്ഷ മന്ത്രിമാര്‍ക്ക് തന്നെ ആശയക്കുഴപ്പം
കൊച്ചി: (KVARTHA) ആരോപണ വിധേയനായ സംവിധായകന്‍ രഞ്ജിത്തിനെ സര്‍ക്കാര്‍ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യവുമായി സംവിധായകന്‍ ആഷിഖ് അബു. ആരോപണം ഉന്നയിച്ച ബംഗാളി നടി പരാതി കൊടുക്കാന്‍ തയാറാകുമെന്നും അവര്‍ പറഞ്ഞത് വെറുമൊരു ആരോപണമല്ലെന്നും വെളിപ്പെടുത്തലാണെന്നും ആഷിഖ് അബു പറഞ്ഞു. ജഗദീഷിന്റെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് പറഞ്ഞ ആഷിഖ് അബു സിദ്ദിഖ് നല്ല അഭിനേതാവാണ്, കഴിഞ്ഞദിവസവും അദ്ദേഹം അഭിനയിക്കുന്നതാണ് കണ്ടതെന്നും ചൂണ്ടിക്കാട്ടി.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരേയും രൂക്ഷമായ വിമര്‍ശനമാണ് ആഷിഖ് അബു നടത്തിയത്. രാഷ്ട്രീയമായി യാതൊരു വിവരവുമില്ലെന്ന് മന്ത്രി തെളിയിക്കുകയാണെന്നും അദ്ദേഹത്തിന് പാര്‍ട്ടി ക്ലാസ് കൊടുക്കണമെന്നും ആഷിഖ് അബു പരിഹസിച്ചു. ഈ വിഷയം സംസാരിക്കാന്‍ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും വരണം. പരാതിയെപറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തില്‍ മാത്രം ഒതുങ്ങുകയാണ് സജി ചെറിയാന്‍. മന്ത്രിയെ തിരുത്താന്‍ പാര്‍ട്ടി തയാറാവണമെന്നും ആഷിഖ് അബു ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ മുതല്‍ ഈ വിഷയത്തില്‍ ഇടതുപക്ഷ മന്ത്രിമാര്‍ക്ക് തന്നെ ആശയക്കുഴപ്പമുണ്ട്. സാംസ്‌കാരിക മന്ത്രി പറയുന്നത് സാമാന്യ ബുദ്ധിവച്ച് മനസ്സിലാകുന്നതല്ല. അദ്ദേഹം വലിയൊരു മൂവ് മെന്റിന് എതിരെ നില്‍ക്കുകയാണ്. ആരെങ്കിലും അദ്ദേഹത്തെ ഉപദേശിക്കണം.
സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഇതുവരെയുണ്ടായ പ്രസ്താവനകളൊന്നും ഇടതുപക്ഷത്തിന്റെ നയങ്ങളോട് ചേര്‍ന്നു നില്‍ക്കാത്തതാണെന്നും സംവിധായകന്‍ കുറ്റപ്പെടുത്തി. പരാതി ഉന്നയിച്ച സ്ത്രീയും ഒരു ഇടതു സഹയാത്രികയാണ്. പരാതിക്കാരിയുടെ പരാതിയെ പറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തില്‍ ഒതുങ്ങുകയാണ് മന്ത്രി. മന്ത്രിയുടെ നിലപാടിനോട് ശക്തമായ പ്രതിഷേധമാണുള്ളതെന്നും ആഷിഖ് അബു പറഞ്ഞു.
സജി ചെറിയാന്‍ വിചാരിച്ചാല്‍ ആരെയും സംരക്ഷിക്കാന്‍ പറ്റില്ല. സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടല്ല സജി ചെറിയാന്‍ പറയുന്നത്. ഒന്നു രണ്ടു പേര്‍ ഇങ്ങനെ പറയുന്നത് എന്തുകൊണ്ടെന്ന് ഞാനും ആശ്ചര്യപ്പെടുകയാണ്. അത് ഉടന്‍ തന്നെ തിരുത്തുമെന്നാണ് വിശ്വസിക്കുന്നതെന്നും ആഷിഖ് അബു പറഞ്ഞു.
#AashiqAbu #Ranjith #KeralaPolitics #Controversy #SajiCheriyan #MalayalamCinema