Movie | ആമിർ ഖാൻ തമിഴ് ചിത്രം 'കൂലി'യിൽ? രജനിയ്ക്കൊപ്പം ഒരുമിച്ച്


ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാള താരം സൗബിൻ ഷാഹിർ പ്രധാന വേഷത്തിലെത്തുന്നു
ചെന്നൈ: (KVARTHA) തമിഴ് സിനിമ ലോകത്ത് ഇപ്പോൾ വലിയ ചർച്ചയാകുന്ന ഒരു വാർത്തയാണ് ആമിർ ഖാൻ രജനികാന്തിന്റെ അടുത്ത ചിത്രമായ 'കൂലി'യിൽ അഭിനയിക്കുന്നു എന്നുള്ളത്.
ഈ വാർത്തക്ക് ഇതുവരെ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ലെങ്കിലും, 1995-ൽ അവസാനമായി ഒരുമിച്ച് അഭിനയിച്ച ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുകയാണ്. ലിയോയുടെ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രത്തെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആമിർ ഖാൻ ഒരു ക്യാമിയോ റോളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
മലയാളത്തിന്റെ പ്രിയ താരം സൗബിൻ ഷാഹിർ ദയാൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സൺ പിക്ചേഴ്സ് ഈ വാർത്ത സ്ഥിരീകരിച്ചുകൊണ്ട് സൗബിന്റെ കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടിട്ടുണ്ട്.
38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ച് സ്ക്രീനിൽ എത്തുന്ന ചിത്രം കൂടിയാണ് കൂലി. മിസ്റ്റർ ഭരത് എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്. അടുത്ത വർഷം ആദ്യം ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രജനിയുടെ അവസാന ചിത്രമായ ജയിലർ വലിയ വിജയമായിരുന്നു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, ശിവരാജ് കുമാർ എന്നിവർ അതിഥി വേഷങ്ങളിൽ എത്തിയിരുന്നു.
അടുത്തതായി രജനിയുടെ വേട്ടയ്യൻ എന്ന ചിത്രം ഒക്ടോബർ 10ന് റിലീസ് ചെയ്യും.