Nostalgia | 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം', ക്ലാസിക് ഓർമ; ഒരു കാലത്ത് സ്ത്രീകളെ കൂട്ടമായി തീയേറ്ററുകളിലേക്ക് ആനയിച്ച സിനിമ


നെടുമുടി വേണുവിന്റെ കരിയറിലെ ഏറ്റവും മികച്ചതും അവിസ്മരണീയവുമായ പ്രകടനമായാണ് നിരൂപകർ ചിത്രത്തിലെ അഭിനയം വിലയിരുത്തുന്നത്. മക്കൾ ഇല്ലാത്ത പ്രായമായ അദ്ധ്യാപക ദമ്പതികളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഒരു പെൺകുട്ടിയും തുടർന്ന് വരുന്ന വികാസ പരിണാമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഡോണൽ മുവാറ്റുപുഴ
(KVARTHA) വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ മനോഹരമായ ഒരു സിനിമയായിരുന്നു ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം. ഈ സിനിമ അന്നത്തെ കാലത്ത് പല തവണ കണ്ട ആളുകൾ ധാരാളം ഉണ്ടായിരുന്നു. സിനിമ പോലെ തന്നെ മനോഹരമായിരുന്നു ഇതിലെ ഗാനങ്ങളും. 1987 മാർച്ച് രണ്ടിന് ആണ് ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം റിലീസ് ആയത്.
നടൻ ദേവനും ഇപ്പോൾ ജയറാമിന്റെ ഭാര്യയായ പാർവ്വതിയുമായിരുന്നു ഈ സിനിമയിലെ നായികനായകന്മാർ. ഈ സിനിമ അന്നത്തെ കാലത്ത് വ്യാപകമായ പ്രശംസ നേടിയിരുന്നു. ചിത്രം വാണിജ്യപരമായി വിജയിക്കുകയും ബോക്സ് ഓഫീസിൽ ഹിറ്റായി മാറുകയും ചെയ്തു. ജോൺ പോളിന്റെ രചനയിൽ ഭരതൻ ആണ് ഈ സിനിമ സംവിധാനം ചെയ്തത്. എഡിറ്റിംഗും കലാസംവിധാനവും ഭരതൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.
സിംഫണി ക്രിയേഷൻസ് എന്ന ബാനറിൽ എം ജി ഗോപിനാഥും ബാബു തിരുവല്ലയും ചേർന്നാണ് അവരുടെ ആദ്യ നിർമ്മാണ സംരംഭത്തിൽ ചിത്രം നിർമ്മിച്ചത്. തുടർന്ന് ഈ ടീം 1991-ൽ അമരം എന്ന സിനിമയും നിർമ്മിക്കുകയുണ്ടായി. ഇതിൽ മമ്മൂട്ടിയും മുരളിയും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അത് ഒരു ക്ലാസിക് സിനിമയുടെ ഗണത്തിൽപ്പെടുന്നതായിരുന്നു.
അതിൽ നിന്ന് വ്യത്യസ്തമായിരുന്നു ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം. ഈ സിനിമയിൽ നെടുമുടി വേണു, ശാരദ, പാർവതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇവരുടെ പ്രകടനം ഈ സിനിമയെ മികവുറ്റതാക്കി എന്നത് തന്നെ പറയേണ്ടി വരും.
ഈ സിനിമയ്ക്ക് അന്ന് രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടുവാൻ സാധിച്ചിരുന്നു - നെടുമുടി വേണുവിന് മികച്ച നടനും, സിനിമയ്ക്ക് ജനപ്രീതിയും, കലാ മൂല്യവുമുള്ള മികച്ച ചിത്രത്തിനുള്ള അവാർഡും. ദക്ഷിണേന്ത്യയിലെ രണ്ട് ഫിലിംഫെയർ അവാർഡുകളും ഈ ചിത്രം നേടി - നെടുമുടി വേണുവിന് മികച്ച നടനും ശാരദയ്ക്ക് മികച്ച നടിക്കും.
നെടുമുടി വേണുവിന്റെ കരിയറിലെ ഏറ്റവും മികച്ചതും അവിസ്മരണീയവുമായ പ്രകടനമായാണ് നിരൂപകർ ചിത്രത്തിലെ അഭിനയം വിലയിരുത്തുന്നത്. മക്കൾ ഇല്ലാത്ത പ്രായമായ അദ്ധ്യാപക ദമ്പതികളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഒരു പെൺകുട്ടിയും തുടർന്ന് വരുന്ന വികാസ പരിണാമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നെടുമുടി വേണു, ശാരദ, പാർവതി, ദേവൻ എന്നിവരെക്കൂടാതെ ഇന്നസെൻ്റ്, ശങ്കരാടി, എം.എസ്. തൃപ്പൂണിത്തുറ എന്നിവരായിരുന്നു മറ്റു സഹനടീനടന്മാർ. ഇവരും തങ്ങളുടെ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കി എന്ന് തന്നെ പറയാൻ കഴിയും. ഒ. എൻ. വി. കുറുപ്പിന്റെ വരികൾക്ക് ജോൺസൺ ഈണമിട്ട മികച്ച ഗാനങ്ങൾ ഇതിലുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം വസന്ത് കുമാർ ആയിരുന്നു നിർവ്വഹിച്ചത്. ജൂബിലി പിക്ച്ചേഴ്സ് ആണ് ചിത്രം വിതരണം ചെയ്തത്.
ഇന്നും അന്നത്തെ കാലത്തെ സിനിമാ പ്രേമികളുടെ മനസ്സിൽ ഈ സിനിമയും ഇതിലെ ഗാനങ്ങളും നിറഞ്ഞു നിൽക്കുന്നു എന്ന് പറയാം. ശരിക്കും, സ്ത്രീ ജനങ്ങളെ ആകർഷിച്ച അന്നത്തെ ഒരു മികച്ച സിനിമ തന്നെയായിരുന്നു ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം.
ദേവൻ എന്ന നടനെ മലയാളികൾ ഓർത്തിരിക്കുന്നതും ഈ സിനിമയിലൂടെ തന്നെയാകും. ആ കാലത്ത് പല സിനിമകളിലും ദേവൻ നായക കഥാപാത്രങ്ങളെ തന്നെയാണ് അവതരിപ്പിച്ചിരുന്നത്. അക്കാലത്ത് മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒപ്പം തന്നെ ദേവനും താരമൂല്യമുണ്ടായിരുന്നു. പിന്നീട് അദ്ദേഹം വില്ലൻ റോളിലേയ്ക്ക് ചുരുങ്ങുകയായിരുന്നു.
എന്തായാലും ഇന്നത്തെക്കാലത്തും ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം എന്ന് കേൾക്കുമ്പോൾ മലയാളികൾ ആവശത്തേയ്ക്ക് ഒന്ന് കാത് കൂർപ്പിക്കും എന്ന് തീർച്ച. ഒപ്പം ഓരോ ചുണ്ടിലും അതിലെ ഗാനങ്ങളും വിരിയുന്നുണ്ടാകും.