Legacy | രവീന്ദ്രൻ മാസ്റ്റർ വിട വാങ്ങിയിട്ട് 20 വർഷം; മലയാളി മറക്കാത്ത രവീന്ദ്രസംഗീതം


● കുളത്തൂപ്പുഴ രവി എന്ന പേരിലായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്.
● ഡബ്ബിങ് ആർട്ടിസ്റ്റായി ജോലി ചെയ്തിരുന്നു.
● യേശുദാസാണ് സംഗീത സംവിധായകനായി സിനിമയിലേക്ക് കൊണ്ടുവന്നത്.
● 2005 മാർച്ച് 3-നാണ് രവീന്ദ്രൻ മാസ്റ്റർ അന്തരിച്ചത്.
കനവ് കണ്ണൂർ
(KVARTHA) മുഖവുര ആവശ്യമില്ലാത്ത മലയാളത്തിലെ പ്രശസ്തനായ സംഗീത സംവിധായകൻ രവീന്ദ്രൻ ഈ ലോകത്ത് നിന്നും വിടവാങ്ങിയിട്ട് മാർച്ച് മൂന്നിന് 20 വർഷം തികയുന്നു. മലയാള ചലച്ചിത്ര സംഗീത രംഗത്ത് രവീന്ദ്രൻ മാസ്റ്റർ ഒഴിച്ചിട്ട കസേര ഇന്നും ശൂന്യമാണ് എന്നതിന് യാതൊരു സംശയവുമില്ല. കുളത്തൂപ്പുഴ രവി എന്ന പേരിൽ പ്രശസ്തനായിരുന്ന പിന്നണിഗായകൻ ആയിരുന്നു രവീന്ദ്രൻ. ബാബുരാജ് ആണ് ആദ്യമായി പിന്നണി ഗായകനുള്ള അവസരം കൊടുത്തത്. മുപ്പതോളം സിനിമകളിൽ പാടിയെങ്കിലും ഏതാനും ചില ഗാനങ്ങൾ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്.
ഗായകൻ എന്ന നിലയിൽ അവസരം കുറഞ്ഞപ്പോൾ പിടിച്ചുനിൽക്കാനായി ഡബ്ബിങ് ആർട്ടിസ്റ്റായും ജോലി ചെയ്തു. 70കളിലെ നായകനായിരുന്ന രവികുമാറിനു വേണ്ടി ഭൂരിപക്ഷം സിനിമകളിലും ശബ്ദം നൽകിയത് രവീന്ദ്രൻ ആയിരുന്നു. ഇവിടെയും കാര്യമായി രക്ഷപ്പെടാത്ത അവസ്ഥയിൽ നിൽക്കുമ്പോൾ അവിടെ രക്ഷകനായി അവതരിക്കുകയായിരുന്നു സംഗീത പഠന ക്ലാസിൽ തന്റെ സഹപാഠിയായിരുന്ന ഗാനഗന്ധർവ്വൻ യേശുദാസ്.
പ്രശസ്ത സംവിധായകൻ ശശികുമാറിന്റെ ചൂള എന്ന ചിത്രത്തിലേക്ക് യേശുദാസിന്റെ ശുപാർശ പ്രകാരം കുളത്തുപ്പുഴ രവി പേരുമാറ്റി രവീന്ദ്രൻ എന്ന പേരിൽ സംഗീതസംവിധായകനായി മാറുന്നു. സത്യൻ അന്തിക്കാട് രചിച്ച 'താരകേ മിഴിയിതളിൽ കണ്ണീരുമായി' എന്ന് തുടങ്ങിയ ഗാനം ഹിറ്റായി മാറി. രവീന്ദ്രൻ എന്ന സംഗീതസംവിധായകൻ മലയാള സിനിമ ലോകത്ത് രവീന്ദ്രസംഗീതം എന്ന പുത്തൻ പാന്ഥാവ് തന്നെ തുറക്കുന്നതിനാണ് പിന്നീട് സംഗീത പ്രേമികൾ സാക്ഷിയായത്.
തൊട്ടതെല്ലാം ഹിറ്റാക്കി മാറ്റിയ രവീന്ദ്രൻ മാസ്റ്റർ എന്ന പരകായ പ്രവേശമാണ് പിന്നീട് മലയാളികളുടെ മുമ്പിൽ ഉണ്ടായത്. ഹിറ്റുകൾ എന്ന നിലയിൽ നാം പാടി നടക്കുന്ന പല ഗാനങ്ങളും മാഷുടെ കയ്യൊപ്പ് പതിഞ്ഞതാണ്. പ്രമദവനം വീണ്ടും, സുഖമോദേവി, ഹരിമുരളീരവം, കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ, ഏഴ് സ്വരങ്ങളും, രാമകഥ ഗാനലയം... നിര നീളുന്നു.
ഇത്തരം ക്ലാസിക് ഗാനങ്ങൾക്ക് ഈണം പകർന്ന മാസ്റ്റർ തന്നെയാണ് മനോഹര മെലഡികളായ മകളെ പാതി മലരേ, കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ, മഞ്ഞക്കിളിയുടെ മുളിപ്പാട്ട്, ഒറ്റക്കമ്പി നാദം മാത്രം തുടങ്ങിയ ഗാനങ്ങളും സൃഷ്ടിച്ചത്. ആൽബത്തിനായി ഒരുക്കിയ മാമാങ്കം പല കുറി കൊണ്ടാടി ഏറ്റു പാടാത്ത സംഗീതപ്രേമികൾ ഇല്ല. സഹപാഠികളായ ദാസും രവിയും തമ്മിലുള്ള മനോഹരമായ കൂട്ടുകെട്ടിൽ പരസ്പരം മനസ്സറിഞ്ഞു ചെയ്ത നിരവധി ഗാനങ്ങൾ സംഗീത പ്രേമികൾക്ക് എന്നും ഓർത്തിരിക്കാനുള്ളവ ആയിരുന്നു.
യേശുദാസിന്റെ സംഗീതത്തിന് എന്തോ കുഴപ്പമുണ്ട് എന്ന വ്യാജ വാർത്ത പ്രചരിച്ചിരുന്ന കാലഘട്ടത്തിൽ തന്റെ പ്രിയ സുഹൃത്തിന് ഒരു കുഴപ്പവുമില്ല എന്ന് തെളിയിക്കേണ്ടത് തന്റെ ബാധ്യതയാണ് എന്ന് ഉറച്ചു വിശ്വസിച്ച രവീന്ദ്രൻ അതിനുവേണ്ടി യേശുദാസിനായി പ്രത്യേകം ഒരുക്കിയ ഗാനങ്ങളാണ് ആറാം തമ്പുരാനിലെ ഹരി മുരളീരവും വടക്കുംനാഥനിലെ ഗംഗയും .
കാലഭേദമില്ലാതെ കാതുകളെ കീഴടക്കുന്ന ഹരിമുരളീരവമാണ് രവീന്ദ്രസംഗീതം. ഓരോ ഗാനവും രാഗങ്ങളെ ഏറ്റവും സങ്കീർണമായ തലത്തിൽ കൂടി നയിച്ച് മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയ സംഗീതസംവിധായകൻ. മികച്ച സംഗീതജ്ഞർ ഈ കാലയളവിൽ ഒരുപാട് പേർ ഉണ്ടായെങ്കിലും രവീന്ദ്രനെ വേറിട്ട് നിർത്തുന്നത് സംഗീതത്തിലുള്ള ഈ അസാധാരണമായ മെയ് വഴക്കം കൊണ്ട് തന്നെ. 1941 നവംബർ 9ന് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ എന്ന ഗ്രാമത്തിൽ ജനിച്ച രവീന്ദ്രൻ മാസ്റ്റർ 200 ലധികം ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.
മലയാളത്തിനു പുറമേ തമിഴ് ചലച്ചിത്രങ്ങൾക്കും വസന്തഗീതങ്ങൾ പോലെയുള്ള ചില ഗാനസമാഹാരങ്ങൾക്കും രവീന്ദ്രൻ സംഗീതം നിർവ്വഹിച്ചു. മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. 'ഭരതം' എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991-ലെ സംസ്ഥാന പുരസ്കാരം നേടി. ആ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ ഇതേ ചിത്രത്തിലെ സംഗീത സംവിധാനത്തിനു വിധികർത്താക്കളുടെ പ്രത്യേക പ്രശംസയും നേടി. 2002-ൽ നന്ദനത്തിലെ ഗാനങ്ങൾക്ക് വീണ്ടും സംസ്ഥാന പുരസ്കാരം.
യേശുദാസിനു ദേശീയ പുരസ്കാരം നേടി കൊടുത്ത ഭരതത്തിലെ രാമകഥ ഗാനലയം എന്ന ഗാനത്തിനു സംഗീതം പകർന്നത് രവീന്ദ്രനാണ്. എം.ജി.ശ്രീകുമാറിന് ആദ്യത്തെ ദേശീയ പുരസ്കാരം നേടി കൊടുത്തത് മാസ്റ്ററുടെ നാദരൂപിണി ശങ്കരീ പാഹിമാം (ഹിസ് ഹിനസ് അബ്ദുള്ള) എന്ന ഗാനമാണ്. അർബുദ ബാധ ഉണ്ടായിരുന്നെങ്കിലും അതിനെ അതിജീവിച്ച് സംഗീത ലോകത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കേയാണ് തികച്ചും അപ്രതീക്ഷിതമായി മരണം അദ്ദേഹത്തെ തേടിയെത്തിയത്.
2005 മാർച്ച് മൂന്നിന് തന്റെ 64ാം വയസ്സിൽ സംഗീത പ്രേമികളായ ഓരോ മലയാളിക്കും എന്നുമെന്നും ഏറ്റുപാടാനുള്ള മനോഹര ഗാനങ്ങൾ സമ്മാനിച്ച ശേഷം പ്രകൃതിയുടെ അനിവാര്യമായ തിരിച്ചുവിളിയുടെ അനന്ത സംഗീതത്തിലേക്ക് രവീന്ദ്രൻ മാസ്റ്റർ എന്നെന്നേക്കുമായി മടങ്ങി. ലോകമെങ്ങുമുള്ള മലയാളികൾ സോഷ്യൽ മീഡിയയിലൂടെയും ഗാനമേളകളിലും സംഗീത പരിപാടികളിലൂടെയും അല്ലാതെയും കേട്ടുകൊണ്ടിരിക്കുന്ന ഗാനങ്ങളിൽ ഏറിയപങ്കും രവീന്ദ്രൻ മാസ്റ്ററുടെതാണ്. മരണമില്ലാത്ത രവീന്ദ്ര സംഗീതം ഓരോ സംഗീതപ്രേമികളിലും ഇനിയും ജീവിച്ചു കൊണ്ടിരിക്കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
March 3 marks 20 years since the passing of music legend Ravindran, whose timeless compositions continue to inspire Malayalam music lovers.
#Ravindran #MalayalamMusic #MusicLegend #RavindranMaster #MusicDirector #Mollywood