Movie | 'മനസ്സിനക്കരെ'യെ സ്നേഹിക്കുന്നവർ ഇന്നും ഏറെ, ഒപ്പം കഥാപാത്രങ്ങളെയും

 


/ ഏദൻ ജോൺ

(KVARTHA) സത്യൻ അന്തിക്കാടിന്റെ ഏറ്റവും റിപീറ്റ് വാല്യൂവുള്ള ചിത്രം 'മനസ്സിനക്കരെ' റിലീസായിട്ട് 20 വർഷങ്ങൾ പിന്നിടുന്നു. ഇന്നും എത്രകണ്ടാലും സിനിമാ പ്രേമികൾ ആവർത്തിച്ചുകാണുന്ന ചിത്രം കൂടിയാണ് മനസ്സിനക്കരെ. ഇത്രമാത്രം ആവർത്തിച്ചു കാണാൻ ഇതിൽ എന്താണുള്ളത് എന്നു ചോദിച്ചാൽ, എല്ലാ അർത്ഥത്തിലും 'പെർഫെക്ട് ഓക്കേ ' എന്നു പറയാവുന്ന മൂവി എന്നാണ് ഉത്തരം. രഞ്ചൻ പ്രമോദിന്റെ രചനയിൽ സത്യൻ അന്തിക്കാട് ഒരുക്കിയ മനസ്സിനക്കരെ ഒന്നിനൊന്ന് ഗംഭീരം എന്ന് വേണമെങ്കിൽ പറയാം. 20 വർഷങ്ങൾക്ക് ശേഷവും ഈ ചിത്രം വീണ്ടും വീണ്ടും കാണുമ്പോൾ ഒരു ഫ്രഷ്നെസ്സ് ഉണ്ട്. നല്ല ആഴത്തിലുള്ള കഥാപാത്രങ്ങളാണ് സിനിമയുടെ ആത്മാവ് എന്ന് പറയാം.
  
Movie | 'മനസ്സിനക്കരെ'യെ സ്നേഹിക്കുന്നവർ ഇന്നും ഏറെ, ഒപ്പം കഥാപാത്രങ്ങളെയും

ജയറാമിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലെ റെജി എന്ന കഥാപാത്രം. അത് പോലെ ഇന്നസെൻ്റ് അവതരിപ്പിച്ച ചാക്കോ മാപ്പിളയും. നയൻ‌താര എന്ന ഇപ്പോഴത്തെ ഏറ്റവും വലിയ വിലയുള്ള നായികയുടെ ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. വലിയ ഇടവേളക്ക് ശേഷം മലയാളത്തിൻ്റെ പ്രിയപ്പെട്ട നടി ഷീല തിരിച്ചു വരവ് നടത്തിയ ചിത്രം കൂടിയാണ് ഇത്. ഷീലാമ്മയെക്കാൾ മികച്ച ഒരു ഓപ്ഷൻ ഇതിലെ ത്രേസ്യാമ്മചേടത്തി എന്ന കഥാപാത്രത്തിന് ഉണ്ടാകില്ല. ഏതാനും രംഗങ്ങളിൽ മാത്രം വരുന്ന കെ പി എ സി ലളിതയുടെ കഥാപാത്രമൊക്കെ ഒരിക്കലും ആരുടെയും മനസ്സിൽ നിന്ന് മായില്ല. ഇതിലെ സുകുമാരിയുടെ പാർട്ടി യാത്ര എപ്പോൾ കണ്ടാലും ആരെയും കുടുകുടെ ചിരിപ്പിക്കും.

ഇളയരാജ സംഗീതം നൽകിയ ഗാനങ്ങൾ എല്ലാം തന്നെ ഒന്നിന് ഒന്ന് ഗംഭീരം. സത്യൻ അന്തിക്കാട് സിനിമകളിൽ ഇളയരാജ ചെയ്ത നല്ല ഒരു ആൽബം മനസ്സിനക്കരെ എന്ന് പറയാം. മെല്ലെയൊന്നു പാടി നിന്നെ, മറക്കുടയാൽ മുഖം മറയ്ക്കും തുടങ്ങിയ ഗാനങ്ങളൊക്കെ ഇന്നും ആർക്കും മറക്കാവുന്നതല്ല. വിപിൻ മോഹനെ മാറ്റി സത്യൻ അന്തിക്കാട് മറ്റൊരു ക്യാമറമാനെ പരീക്ഷിച്ച ചിത്രവും മനസ്സിനക്കരെയാണ്. അഴകപ്പന്റെ മികച്ച ഫോട്ടോഗ്രാഫി കണ്ട സിനിമകളിൽ ഒന്നാണ് മനസ്സിനക്കരെ. മീശമാധവന്റെ വൻ വിജയത്തിനു ശേഷം രഞ്ചൻ പ്രമോദ് രചന നിർവഹിച്ച ചിത്രം. ശ്രീനിവാസനും ലോഹിതദാസിനും ശേഷം സത്യൻ അന്തിക്കാടിനു ഇണങ്ങിയ തിരക്കഥകൃത്താണ് രഞ്ചൻ പ്രമോദ് എന്ന് തോന്നിട്ടുണ്ട്. മനസ്സിനെക്കരെ അതിന്റെ ഉദാഹരണമാണ്.

2000 ത്തിനു ശേഷം വന്ന സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ഏറ്റവും മികച്ച ചിത്രം മനസ്സിനക്കരെയാണ് എന്ന് പറയാം. ഇതിലെ എല്ലാ കഥാപാത്രങ്ങളും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ നമ്മുടെ വീട്ടിലെ അംഗങ്ങൾ പോലെ തോന്നും. ആരാണ് ഇതിൽ ബെസ്റ്റ് എന്ന് ചോദിച്ചാൽ എല്ലാ കഥാപാത്രങ്ങളും ഒപ്പത്തിനൊപ്പം തിളങ്ങിയെന്ന് വേണം പറയാം. ഈ സിനിമയ്ക്ക് ശേഷമാണ് നയൻതാരയെ തേടി നിരവധി അവസരങ്ങൾ വന്നുചേർന്നത്. പിന്നീട് അവർ ദക്ഷിണേന്ത്യയിലെ തന്നെ സൂപ്പർ താരറാണി ആയി മാറുകയായിരുന്നു. ഈ സിനിമ ഇപ്പോൾ കണ്ടാൽ പോലും ഇതിലെ കഥാപാത്രങ്ങളെ നാം അറിയാതെ തന്നെ പ്രണയിച്ചുപോകുക സ്വഭാവികം. ശരിക്കും ഒരു എവർഗ്രീൻ ഫിലിം.

Keywords: Movie, Entertainment, Malayalam News, 20 years of Manassinakkare Malayalam movie.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia