
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇന്ത്യയിൽ 1961 മുതൽ സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നു.
● ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡൻ്റ് ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് സെപ്റ്റംബർ അഞ്ച്.
● അധ്യാപകരുടെ സാമൂഹ്യ-സാമ്പത്തിക പദവികൾ ഉയർത്തുകയാണ് ദിനാചരണത്തിൻ്റെ പ്രധാന ലക്ഷ്യം.
● 1962-ൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ ദേശീയ അധ്യാപക ക്ഷേമനിധി സ്ഥാപിച്ചു.
നവോദിത്ത് ബാബു
(KVARTHA) അധ്യാപകരെ ആദരിക്കുന്ന ദിനം അധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് 'ലോക അധ്യാപക ദിനമായി' യുനെസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നത്. എങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികൾ അവരുടെ അധ്യാപകദിനമായി ആചരിക്കുന്നുണ്ട്.
1961 മുതൽ ഇന്ത്യയിൽ അധ്യാപകദിനം ആചരിച്ചുവരുന്നു. അതിപ്രശസ്തനായ ഒരു അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് ഇന്ത്യയുടെ അധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.

അധ്യാപകരുടെ സാമൂഹ്യ-സാമ്പത്തിക പദവികൾ ഉയർത്തുകയും, അവരുടെ കഴിവുകൾ പരമാവധി വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതിനോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അധ്യാപക ക്ഷേമനിധി ഏർപ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാ പ്രദർശനം, ലേഖന സമാഹാര പ്രസിദ്ധീകരണം എന്നിവയിലൂടെ, അധ്യാപക ദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു.
അധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തിക സഹായം നൽകുക, ആത്മാർഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നൽകുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ.
വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അധ്യാപകർക്ക് നൽകപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അധ്യാപക ദിനത്തിലാകുന്നു. സമൂഹം അധ്യാപകന്റെ ആവശ്യങ്ങൾ അറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ.
സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദ്ദേശത്തിന് ഇന്ത്യയിലെ എല്ലാ അധ്യാപകരുടെയും പൊതുജനങ്ങളുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് പ്രധാന കാരണം. ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അധ്യാപക ദിനം, അധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കാൻ സഹായകമാണ്.
അസർബൈജാൻ, ബൾഗേറിയ, കാനഡ, എസ്തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്താൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ ഒക്ടോബർ 5 ഔദ്യോഗികമായി അധ്യാപക ദിനമായി ആചരിച്ചു വരുന്നു.
അധ്യാപക ദിനത്തിന്റെ പ്രാധാന്യം നിങ്ങൾ അറിയേണ്ടതല്ലേ? ഈ വിവരം നിങ്ങളുടെ അധ്യാപകർക്കായി സമർപ്പിക്കുക. കമൻ്റ് ചെയ്ത് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: UNESCO marks World Teachers' Day on Oct 5; India celebrates on Sept 5 to honor Dr. S. Radhakrishnan.
#WorldTeachersDay #TeachersDayIndia #UNESCO #DrRadhakrishnan #TeachersWelfare #EducationNews