NET Exam | യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ ഇനി എന്ത് സംഭവിക്കും, പുതിയ പരീക്ഷ ഉണ്ടാവുമോ?


ന്യൂഡെൽഹി: (KVARTHA) ജൂൺ 18-ന് നടത്തിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പുതിയ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം ഉറപ്പ് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ugcnet(dot)nta(dot)ac(dot)in-ൽ പുതിയ തീയതി പങ്കിടുമെന്നാണ് വിവരം.
എന്താണ് കാരണം?
ബുധനാഴ്ചയാണ് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള സുപ്രധാന പ്രഖ്യാപനം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറപ്പെടുവിച്ചത്. പരീക്ഷയുടെ നടത്തിപ്പിൽ സംശയം ഉണ്ടായതിനെ തുടർന്നാണ് ഈ നടപടി. ഒ.എം.ആർ പരീക്ഷയിൽ സൈബർ ക്രമക്കേടുകൾ നടന്നെന്നാണ് കണ്ടെത്തൽ.
ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററിന്റെ നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനാലിറ്റിക്‌സ് യൂണിറ്റാണ് അന്വേഷണം നടത്തിയത്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ (CBI) ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
9 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതി
യുജിസി നെറ്റ് എന്നത് ഇന്ത്യയിലെ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ സ്ഥാനത്തേക്കും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF) പദവിക്കും യോഗ്യത നിർണയിക്കുന്ന സുപ്രധാന പരീക്ഷയാണ്. പരീക്ഷ നടത്തുന്നത് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. 83 വിഷയങ്ങളിൽ ഓൺലൈൻ മോഡ് (Computer Based Test) ആയാണ് പരീക്ഷ നടത്തുന്നത്.
യുജിസി നെറ്റ് പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് സർവകലാശാലകളിലെയും കോളേജുകളിലെയും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്കും ഗവേഷണത്തിനുള്ള ഫണ്ടിനും അപേക്ഷിക്കാൻ അർഹതയുണ്ടാകും. ജൂണിലെ പരീക്ഷയ്ക്ക് 11,21,225 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്, അവരിൽ 9,08,580 പേർ പരീക്ഷയെഴുതി. രാജ്യത്തെ 317 നഗരങ്ങളിലായി 1205 പരീക്ഷാ കേന്ദ്രങ്ങളിലാണ് യുജിസി-നെറ്റ് നടത്തിയത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നെറ്റ് പരീക്ഷയും വിവാദത്തിലായിരിക്കുന്നത്.