NEET Exam | ഉത്തരേന്‍ഡ്യന്‍ ലോബി നീറ്റ് കയ്യടക്കുന്നു; ഗ്രാമീണ കുട്ടികള്‍ക്ക് മെഡികല്‍ സ്വപ്നം ബാലികേറാമല; എടിഎയെ നിയന്ത്രിക്കുന്നത് ആര്?
 

 
North Indian lobby takes over NEET, Thiruvananthapuram, News, NEET Exam, Education, Students, BJP, Kerala News


സാമൂഹ്യനീതിയും പാവപ്പെട്ടവരുടെ മെഡികല്‍ വിദ്യാഭ്യാസവും അട്ടിമറിക്കുന്നതാണ് നീറ്റ് എന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തമിഴ് നാട് സര്‍കാര്‍ ആരോപിക്കുന്നുണ്ട്


സി ബി എസ് ഇ സിലബസ് അടിസ്ഥാനമാക്കിയുള്ള നീറ്റ് പരീക്ഷയും ഉയര്‍ന്ന കോചിങ് ഫീസും ഗ്രാമീണ വിദ്യാര്‍ഥികള്‍ക്ക് താങ്ങാനാവുന്നതല്ല

പരീക്ഷാ നടത്തിപ്പ് സുതാര്യമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് വിദഗ് ധരും 
 

അര്‍ണവ് അനിത

തിരുവനന്തപുരം: (KVARTHA) കോടതി നടപടികളിലൂടെയോ, നിയമനിര്‍മാണം നടത്തിയോ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഇല്ലാതാക്കണമെന്നും ഹയര്‍സെകന്‍ഡറി പരീക്ഷയുടെ മാര്‍കിന്റെ അടിസ്ഥാനത്തില്‍ മെഡികല്‍ പ്രവേശനം നടത്തണമെന്നും മദ്രാസ് ഹൈകോടതി മുന്‍ ജഡ്ജ് എകെ രാജന്‍ ഈ മാസം 10ന് തമിഴ്നാട് സര്‍കാരിനോട് ആവശ്യപ്പെട്ടു. 


മേഖലയിലെ പ്രശ്നം സംബന്ധിച്ച് പഠിക്കാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഉന്നതതല സമിതിയുടെ അധ്യക്ഷനാണ് എകെ രാജന്‍. സാമൂഹ്യനീതിയും പാവപ്പെട്ടവരുടെ മെഡികല്‍ വിദ്യാഭ്യാസവും അട്ടിമറിക്കുന്നതാണ് നീറ്റ് എന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തമിഴ് നാട് സര്‍കാര്‍ ആരോപിക്കുന്നുണ്ട്. അത് ശരിവയ്ക്കുന്നതാണ് ഇക്കൊല്ലത്തെ നീറ്റ് പരീക്ഷാ ഫലം. ചോദ്യപേപര്‍ ചോര്‍ന്നെന്ന ആരോപണം ആദ്യമേ ഉയര്‍ന്നെങ്കിലും കേന്ദ്രസര്‍കാര്‍ അത് തള്ളിക്കളഞ്ഞു. അന്വേഷണത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അട്ടിമറി നടന്നെന്ന് സമ്മതിക്കാതെ കേന്ദ്രത്തിന് വേറെ വഴിയില്ലാതായി.


മിടുക്കരായിട്ടും പാവപ്പെട്ടവനും സാധാരണക്കാര്‍ക്കും മെഡികല്‍ വിദ്യാഭ്യാസമേഖല ബാലികേറാ മലയായി മാറുന്നതാണ് 2017 ല്‍ കേന്ദ്രസര്‍കാര്‍ നടപ്പാക്കിയ നീറ്റ് പരീക്ഷ. പരീക്ഷാ നടത്തിപ്പ്, സിലബസ്, ചോദ്യപേപറിന്റെ രീതി എന്നിവ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. അപ്പോഴെല്ലാം വിഷയം പരിഗണിക്കാന്‍ കേന്ദ്ര മാനവിഭവശേഷി മന്ത്രാലയം തയാറായില്ല. 

സി ബി എസ് ഇ സിലബസ് അടിസ്ഥാനമാക്കിയുള്ള നീറ്റ് പരീക്ഷയും ഉയര്‍ന്ന കോചിങ് ഫീസും ഗ്രാമീണ വിദ്യാര്‍ഥികള്‍ക്ക് താങ്ങാനാവുന്നതല്ല. സാമൂഹ്യനീതി അട്ടിമറിക്കപ്പെടുന്നു എന്നതിന് വ്യക്തമായ ഉദാഹരണമാണിത്. ഏഴ് വര്‍ഷമായി തമിഴ് നാട് നീറ്റ് പരീക്ഷയെ എതിര്‍ക്കുന്നു. പരീക്ഷ നടത്തുന്ന രീതിയിലും ഫലപ്രഖ്യാപനത്തിലും പലപ്പോഴും പിഴവുകളുണ്ടായിട്ടുണ്ട്. ഓരോ കൊല്ലവും 20 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് നീറ്റ് എഴുതുന്നത്. വിജയിക്കുന്നവര്‍ക്ക് മെഡികല്‍ വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കും. പരീക്ഷാ നടത്തിപ്പ് സുതാര്യമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് വിദഗ് ധരും ചൂണ്ടിക്കാട്ടുന്നു.


തമിഴ് നാട്ടിലെ ഡോ.എംജിആര്‍ മെഡികല്‍ യൂനിവേഴ് സിറ്റിക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള പ്രവേശനം 2007 ലെ ആക്ട് 3 പ്രകാരമാണ് നിയന്ത്രിക്കുന്നത്. ആ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് മെഡികല്‍ സീറ്റുകളിലെ പ്രവേശനം നടത്താം. ഇക്കാര്യത്തില്‍, നിയമപരവും ഭരണഘടനാപരവുമായ വ്യവസ്ഥകള്‍ പാലിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ സംസ്ഥാനത്തിന് പിന്തുടരാവുന്നതാണ്. 

അതുപോലെ മെഡികല്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ കോഴ് സുകളിലും  നീറ്റ് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്ന ആക്ട് 3/2007ന് സമാനമായ ഒരു നിയമം സംസ്ഥാന സര്‍കാരിന് പാസാക്കാം. സാമൂഹ്യനീതി ഉറപ്പാക്കാനും ദുര്‍ബലരായ എല്ലാ വിദ്യാര്‍ഥികളെയും സംരക്ഷിക്കാനും അതിന് രാഷ്ട്രപതിയുടെ അനുമതി നേടുകയും ചെയ്യാം. കാരണം മെഡികല്‍ വിദ്യാഭ്യാസ  പ്രവേശനത്തില്‍ സാമൂഹ്യ വിവേചനമുണ്ട്. 

ഇക്കാര്യങ്ങള്‍ ഉന്നതതല സമിതി സര്‍കാരിന് നല്‍കിയ റിപോര്‍ടിലുണ്ട്. തമിഴ് നാട് എന്തുകൊണ്ടാണ് നീറ്റ് പരീക്ഷയെ ഇത്രയും ശക്തമായി എതിര്‍ക്കുന്നതെന്ന് അറിയണമെന്നുണ്ടെങ്കില്‍, അവിടുത്തെ മിടുമിടുക്കരായ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം തിരിച്ചറിയണം.


ചത്രിയന്‍ മുത്തമി സെല്‍വന്‍ എന്ന 23കാരന്‍ അഞ്ച് തവണ നീറ്റ് എഴുതിയിട്ടും കടന്ന് കൂടാനായില്ല. അതിന്റെ കാരണങ്ങള്‍ അന്വേഷിക്കുമ്പോഴാണ് നീറ്റ് വരേണ്യ വര്‍ഗത്തിന്റെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് തിരിച്ചറിയാനാകൂ. ചത്രിയന്റെ പിതാവ് കൂലിപ്പണിക്കാരനാണ്.  ഒരു ലക്ഷം രൂപ കോചിങ് ഫീസ് നല്‍കാന്‍ കഴിയുമായിരുന്നില്ല. അഞ്ച് തവണയും സ്വന്തമായി തയാറെടുത്താണ് പരീക്ഷ എഴുതിയത്. അവസാന തവണത്തെ സ്‌കോര്‍ 280 ആയിരുന്നു. ചത്രിയന്‍ പഠനത്തില്‍ മിടുക്കനായിരുന്നു. എന്നാല്‍ നീറ്റ് പരീക്ഷയെ സംബന്ധിച്ച് യാതൊരു ധാരണയുമില്ലായിരുന്നു. 

മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ആരുമില്ലായിരുന്നു. ആദ്യം പരീക്ഷ എഴുതിയ ശേഷമാണ് സി ബി എസ് ഇ പുസ്തകം വാങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചത്രിയന്‍ മെഡികല്‍ സ്വപ്നം ഉപേക്ഷിച്ചു. ഇതുപോലുള്ള നിരവധി പേരാണ് തമിഴ് നാട്ടിലുള്ളത്. ചത്രിയന്‍ അഞ്ച് തവണ പരീക്ഷ എഴുതി കഴിഞ്ഞപ്പോഴേക്കും സഹോദരി പ്ലസ് ടു പാസായി. വീട്ടില്‍ സാമ്പത്തിക പ്രയാസങ്ങള്‍ കൂടിക്കൂടി വന്നു.


അങ്ങനെ വീട്ടുകാരെ സഹായിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ പോസ്റ്റോഫീസില്‍ കരാര്‍ ജീവനക്കാരനാണ്. തമിഴ് നാട് സര്‍കാര്‍ സിലബസിലാണ് ചത്രിയന്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. അതില്‍ നിന്ന് വ്യത്യസ്തമായൊരു കരിക്കുലത്തെ അടിസ്ഥാനമാക്കിയുള്ള പരീക്ഷ എങ്ങനെ വിജയിക്കാനാകുമെന്നും ചത്രിയന്‍ ചോദിക്കുന്നു. ഇത് വളരെ പ്രസക്തമായ ചോദ്യമാണ്. സ്വകാര്യ മെഡികല്‍ കോളജില്‍ 15 ലക്ഷം ഫീസ് നല്‍കി ദന്തല്‍ കോഴ് സിന് ചേരാനുള്ള അവസരം വന്നെങ്കിലും അതിനുള്ള സാഹചര്യമില്ലെന്നും ഈ ചെറുപ്പക്കാരന്‍ പറയുന്നു. ഇയാളെ പോലെ മെഡികല്‍ സ്വപ്നം സഫലമാക്കാന്‍ കഴിയാത്ത ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ രാജ്യത്തുണ്ട്.

പരീക്ഷാ സമ്പ്രദായം ഗ്രാമീണ വിദ്യാര്‍ഥികളോട് പക്ഷപാതം കാട്ടുന്നുവെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും വിദ്യാഭ്യാസ വിദഗ്ധര്‍ ആരോപിക്കുന്നു.  നീറ്റ് പരീക്ഷ വലിയ പ്രതിബന്ധമായതോടെയാണ്, കുട്ടിക്കാലം മുതലേ ഡോക്ടറാകാന്‍ ആഗ്രഹിച്ച അനിത എന്ന തമിഴ് പെണ്‍കുട്ടി 2017ല്‍ ആത്മഹത്യ ചെയ്തത്. 

അനിതയുടെ സഹോദരന്‍ മണിരത്തിനം യു പി എസി, തമിഴ് നാട് പി എസ് എസി പരീക്ഷാ കോചിങ് സെന്റര്‍ നടത്തുകയാണിപ്പോള്‍. പ്ലസ് ടുവിന് മികച്ച മാര്‍ക്ക് നേടിയിട്ടും നീറ്റ് വിജയിക്കാനാകാത്തതോടെയാണ് സഹോദരി ജീവനൊടുക്കിയതെന്ന് സഹോദരന്‍ പറഞ്ഞു. നീറ്റ് പരീക്ഷ വരുന്നതിന് മുമ്പും ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളാണ് മെഡികല്‍ പ്രവേശനത്തില്‍ മുന്നിട്ട് നിന്നിരുന്നത്. അതിനുശേഷമാകട്ടെ അവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. പ്രാദേശിക ഭാഷകളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ ഏറെ പിന്നിലാവുകയും ചെയ്തു.


ഹയര്‍സെകന്‍ഡറി പരീക്ഷയില്‍ മികച്ച വിജയം നേടിയ എല്ലാ വിദ്യാര്‍ഥികളും നീറ്റ് പരീക്ഷയില്‍ മോശം പ്രകടനം നടത്തുന്നതിന് കാരണം സാമൂഹിക, സാമ്പത്തിക, ജനസംഖ്യാപരമായ പ്രതിസന്ധികളാണ്.  പിന്നോക്കം നില്‍ക്കുന്നവരും അധഃസ്ഥിതരുമായ വിദ്യാര്‍ഥികള്‍ പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയിട്ടും നീറ്റ് കടക്കാനാകാത്തതിന് പരിഹാരം കാണാന്‍ തമിഴ് നാട് സര്‍കാര്‍ തീരുമാനിച്ചു കഴിഞ്ഞു. 

നീറ്റ് പരീക്ഷ ഒഴിവാക്കുന്നതിനുള്ള ബില്‍ തമിഴ് നാട് നിയമസഭ ഏകകണ്ഠമായി പാസാക്കിയതാണ്. നിയമമാക്കുന്നതിന് രാഷ്ട്രപതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. എന്നാല്‍ കേന്ദ്രസര്‍കാര്‍ തമിഴ് നാടിന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്ന ആശങ്കയുണ്ട്. രാഷ്ട്രീയമായ കാരണങ്ങളാണ് അതിന് പലരും ചൂണ്ടിക്കാട്ടുന്നത്. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ ശക്തമായ വികാരമാണ് തമിഴ് നാട്ടിലുള്ളത്. ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും അവര്‍ക്ക് വിജയിക്കാനായില്ല. ഈ സാഹചര്യത്തില്‍ സാമൂഹ്യനീതി എന്ന സ്വപ്നം പൂവണിയുമോ എന്ന് കാത്തിരുന്ന് കാണാം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia