New Guidelines | സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് യൂനിഫോമും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധം; വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

 



തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ ബസുകള്‍ക്ക് ആവശ്യമായ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ മോടോര്‍ വാഹന വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുന്‍പിലും പുറകിലും എജുകേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ വാഹനം എന്ന് വ്യക്തമായി പ്രദര്‍ശിപ്പിക്കണം. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളില്‍ ഓണ്‍ സ്‌കൂള്‍ ഡ്യൂടി എന്ന ബോര്‍ഡ് വയ്ക്കണം. 

സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി യന്ത്രക്ഷമത ഉറപ്പാക്കി മോടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന ക്യാംപുകളില്‍ ഹാജരാക്കി പരിശോധന സ്റ്റികര്‍ വാഹനത്തില്‍ പതിക്കണം. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോര്‍ അറ്റന്‍ഡര്‍മാര്‍ വേണം. സുരക്ഷിതമായി ബസില്‍ കയറാനും ഇറങ്ങാനും അവര്‍ കുട്ടികളെ സഹായിക്കണം. സീറ്റിംഗ് കപാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തില്‍ കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കാവൂ. 12 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു സീറ്റില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാം. നിന്ന് യാത്ര ചെയ്യുവാന്‍ കുട്ടികളെ അനുവദിക്കരുത്.

വാഹനങ്ങളുടെ പരമാവധി വേഗം 50 കിലോമീറ്ററായും നിജപ്പെടുത്തുമെന്നും ഗതാഗതവകുപ്പിന്റെ മാര്‍ഗരേഖയില്‍ പറയുന്നു. സ്പീഡ് ഗവര്‍ണറും ജിപിഎസ് സംവിധാനവും വാഹനത്തില്‍ സ്ഥാപിക്കണം. ഓരോ വാഹനത്തിലും റൂട് ഓഫീസറായി അധ്യാപക/ അനദ്ധ്യാപകരോ ആയ ഒരാളെ നിയോഗിക്കേണ്ടതാണ്. സ്‌കൂളിന്റെ പേരും ഫോണ്‍ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദര്‍ശിപ്പിക്കണം. വാഹനത്തിന്റെ പുറകില്‍ ചൈല്‍ഡ് ലൈന്‍ (1098) പൊലീസ് (100) ആംബുലന്‍സ് (102) ഫയര്‍ഫോഴ്സ് (101) മുതലായ ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം.

ഓരോ ട്രിപിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ രെജിസ്റ്റര്‍ സൂക്ഷിക്കണം. മോടോര്‍ വാഹന വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പരിശോധനാ സമയത്ത് ഇത് ഹാജരാക്കണം. ഡോറുകള്‍ക്ക് ലോകുകളും ജനലുകള്‍ക്ക് ഷടറുകളും സൈഡ് ബാരിയറുകളും ഉണ്ടായിരിക്കണം. ഫസ്റ്റ് എയ്ഡ് ബോക്സ് എല്ലാ സ്‌കൂള്‍ വാഹനത്തിലും സൂക്ഷിക്കണം.

സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികള്‍ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള കോണ്‍വെക്സ് ക്രോസ് വ്യൂ കണ്ണാടിയും വാഹനത്തിനകത്ത് കുട്ടികളെ പൂര്‍ണമായി ശ്രദ്ധിക്കാന്‍ പറ്റുന്ന രീതിയിലുള്ള പാരബോളിക് റിയര്‍വ്യൂ മിററും ഉണ്ടായിരിക്കണം. വാഹനത്തിനകത്ത് ഫയര്‍ എക്സ്റ്റിന്‍ഗ്യുഷര്‍ കാണാവുന്ന രീതിയില്‍ ഘടിപ്പിച്ചിരിക്കണം. കൂളിംഗ് ഫിലിം, കര്‍ടന്‍ എന്നിവ പാടില്ല. എമര്‍ജന്‍സി എക്സിറ്റ് സംവിധാനം ഉണ്ടായിരിക്കണം.

New Guidelines | സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് യൂനിഫോമും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധം; വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി


മാര്‍ഗരേഖയില്‍ സ്‌കൂള്‍ ബസുകളുടെ ഡ്രൈവര്‍മാര്‍ക്ക് 10 വര്‍ഷത്തെ പരിചയം നിര്‍ബന്ധമാക്കി. ഹെവി വാഹനങ്ങളാണ് ഓടിക്കുന്നതെങ്കില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. മദ്യപിച്ച് വാഹനമോടിക്കാന്‍ പാടില്ല. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയും ഡ്രൈവറായി ഉള്‍പെടുത്തരുത്. ഡ്രൈവര്‍മാര്‍ യൂനിഫോം ധരിക്കണം. 

ഡ്രൈവര്‍മാര്‍ക്ക് വെള്ള ഷര്‍ടും കറുത്തപാന്റും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കി. കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സര്‍വീസ് വാഹനത്തിലെ ഡ്രൈവര്‍ കാക്കി കളര്‍ യൂനിഫോം ധരിക്കണം. ഡ്രൈവര്‍മാര്‍ അമിതവേഗതയ്‌ക്കോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങള്‍ക്കോ ശിക്ഷിക്കപ്പെട്ടവരല്ലെന്നും വെറ്റില മുറുക്ക്, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ ദുശീലങ്ങളില്ലാത്തവരാണെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തണം. വിശദമായ മാര്‍ഗരേഖ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് കൈമാറി.

Keywords:  News,Kerala,State,Thiruvananthapuram,Education,school,Back-To-School,Students,School Bus,Top-Headlines, MVD issues guidelines for school buses to ensure students safety
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia