Minister | സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങള്‍ സമൂഹത്തിന്റെ പുനര്‍നിര്‍മാണത്തിന് അനിവാര്യമെന്ന് മന്ത്രി ഡോ.ആര്‍  ബിന്ദു 
 

 
Minister Dr. R Bindu says innovative ideas in technology are essential for the reconstruction of society, Thiruvananthapuram, News, Minister Dr. R Bindu, Innovative ideas, Education, Technology, Reconstruction, Society, Kerala News


കേരള സര്‍ക്കാരിന്റെ സഹകരണത്തോടെ ടെക് നോപാര്‍ക്കില്‍  പ്രവര്‍ത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരളയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ് ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്ന നാലു വര്‍ഷ ബിരുദ കോഴ് സുകളില്‍ നൈപുണ്യ പ്രോഗ്രാമുകള്‍ അനിവാര്യം
 

തിരുവനന്തപുരം: (KVARTHA) വിവര സാങ്കേതിക വിദ്യയുടെയും നിര്‍മിത ബുദ്ധിയുടെയും റോബോട്ടിക്‌സിന്റെയും  മേഖലകളില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റവും നൂതന ആശയങ്ങളെ സമൂഹത്തിന്റെ പുനര്‍നിര്‍മാണത്തിന് ഉപയോഗിച്ച് മാത്രമേ ഈ കാലഘട്ടത്തില്‍ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയൂ എന്ന്  ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കേരള സര്‍ക്കാരിന്റെ സഹകരണത്തോടെ ടെക് നോപാര്‍ക്കില്‍  പ്രവര്‍ത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരളയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ് ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തെ നവ വൈജ്ഞാനിക സമൂഹമായി രൂപീകരിക്കുന്നതില്‍ ഐസിടി അക്കാദമി ഓഫ് കേരള (ICTAK) യുടെ പങ്ക് വളരെ വലുതാണെന്ന്   മന്ത്രി പറഞ്ഞു. അഭ്യസ്ഥവിദ്യരായ  ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് തൊഴില്‍ രംഗവും വിദ്യാഭ്യാസവും തമ്മില്‍ നിലനില്‍ക്കുന്ന നൈപുണ്യ വിടവ് പരിഹരിക്കുന്നതിനാവശ്യമായ തൊഴില്‍ നൈപുണ്യ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതില്‍ ഐസിടി അക്കാദമി ഓഫ് കേരള വലിയ സംഭാവനയാണ് കഴിഞ്ഞ ഒരു ദശകമായി കേരളത്തിന് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്ന നാലു വര്‍ഷ ബിരുദ കോഴ് സുകളില്‍ നൈപുണ്യ പ്രോഗ്രാമുകള്‍ അനിവാര്യമാണ്. സാധ്യമാകുന്ന എല്ലാ പ്ലാറ്റ് ഫോമുകളിലും നൈപുണ്യ പ്രോഗ്രാമുകള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. എ ഐ-യുടെ വരവോടെ വിജ്ഞാന അധിഷ്ഠിത തൊഴില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക പരിജ്ഞാനം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


 എല്ലാ കലാലയങ്ങളിലും ഇന്നൊവേറ്റീവ്, സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. സര്‍ഗാത്മക രംഗത്ത് പോലും നിര്‍മ്മിത ബുദ്ധി ഇടപെടുന്ന സാഹചര്യത്തില്‍ യുവജനതയ്ക്ക് ഈ രംഗത്ത് പരിശീലനം നല്‍കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചു. പുതിയ തൊഴില്‍ അവസരങ്ങള്‍ ആത്മവിശ്വാസത്തോടെ പ്രയോജനപ്പെടുത്താന്‍ യുവതലമുറയെ പ്രാപ്തമാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഒരു ദശകത്തില്‍ ആയിരക്കണക്കിന് യുവാക്കളെ ലോകത്തെ വിവിധ കമ്പനികളില്‍ തൊഴില്‍ നേടുന്നതിനായി പരിശീലിപ്പിക്കാന്‍ ഐസിടി അക്കാദമിക്ക് കഴിഞ്ഞെന്നും, ഇതുവഴി തൊഴിലുടമകള്‍ അന്വേഷിക്കുന്ന ഏറ്റവും കഴിവുള്ള യുവാക്കളുടെ സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രത്യേക സന്ദേശത്തിലൂടെ ചടങ്ങില്‍ അറിയിച്ചു. 

ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് ഐസിടി അക്കാദമി പത്തുവര്‍ഷം പൂര്‍ത്തിയാക്കിയതെന്നും, ഇനിയുമേറെ ചെയ്യാനാവുമെന്നും സ്ഥാപക ചെയര്‍മാന്‍ എസ് ഡി ഷിബുലാല്‍ തന്റെ വീഡിയോ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എന്നിവരുമായി നൈപുണ്യ പരിശീലനത്തിനും അണ്‍സ്റ്റോപ്പ്, നാസ് കോം, സി ഐ ഒ അസോസിയേഷന്‍ എന്നിവരുമായി കേരളത്തിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള  ധാരണാപത്രങ്ങളുടെ കൈമാറ്റവും നടന്നു.

ഐസിടി അക്കാദമിയുടെ തുടക്കം മുതല്‍ ഇതുവരെ കമ്പനിയുടെ വളര്‍ച്ചയ്ക്കായി മികച്ച സംഭാവന നല്‍കിയ അംഗങ്ങളെ, അവരുടെ ദീര്‍ഘകാല സേവനത്തെ മുന്‍നിര്‍ത്തി, ചടങ്ങില്‍ മന്ത്രി ആര്‍ ബിന്ദു ആദരിച്ചു.

ടെക് നോപാര്‍ക്കിലെ സി-ഡാക് ആംഫി തിയേറ്ററില്‍ വച്ച് നടന്ന ചടങ്ങില്‍ ഐസിടി അക്കാദമി ഓഫ് കേരള ചെയര്‍മാന്‍ ഡോ. ടോണി തോമസ് അധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ് സിറ്റി വൈസ്-ചാന്‍സലര്‍ ഡോ. ജഗതി രാജ് വിപി, ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. ഐസിടിഎകെ സിഇഒ  മുരളീധരന്‍ മന്നിങ്കല്‍ സ്വാഗതവും നോളജ് ഓഫീസ് ഹെഡ്  റിജി എന്‍ ദാസ് നന്ദിയും പറഞ്ഞു. 

ചടങ്ങില്‍  ഇ വൈ പാര്‍ട്ണര്‍  സായ് അദ്വൈത് കൃഷ്ണമൂര്‍ത്തി, അണ്‍സ്റ്റോപ്പ് സിഇഒ അങ്കിത് അഗര്‍വാള്‍,  വൈ ഐ പി (YIP) പ്രോഗ്രാം ഹെഡ്  ബിജു പരമേശ്വരന്‍, പ്രൊഫ. ഏബല്‍ ജോര്‍ജ് (മാര്‍ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജി) എന്നിവര്‍ ഐസിടി അക്കാദമി ഓഫ് കേരള (ICTAK) യുമായുള്ള ദീര്‍ഘകാല അനുഭവ പരിചയം പങ്കുവെച്ചു. കൂടാതെ, അക്കാദമിയുടെ ഒരു ദശാബ്ദത്തെ പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശനവും നടന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia