SWISS-TOWER 24/07/2023

മര്‍കസ് നോളജ് സിറ്റി നിര്‍മാണോദ്ഘാടനം ജനുവരിയില്‍, ആദ്യഘട്ടം മൂന്നു വര്‍ഷത്തിനകം: കാന്തപുരം

 



മര്‍കസ് നോളജ് സിറ്റി നിര്‍മാണോദ്ഘാടനം ജനുവരിയില്‍, ആദ്യഘട്ടം മൂന്നു വര്‍ഷത്തിനകം: കാന്തപുരം
മര്‍ക്കസ് നോളജ് സിറ്റി നിര്‍മാണത്തിന് സമസ്ത പ്രസിഡന്റ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിക്കുന്നു.

കോഴിക്കോട്: കാരന്തൂര്‍ സുന്നി മര്‍കസിന്റെ കീഴില്‍ ആരംഭിക്കുന്ന നോളജ് സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനം ജനുവരിയില്‍ തുടങ്ങുമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ മേഖലയില്‍ വന്‍കിട പദ്ധതികള്‍ ഉള്‍കൊള്ളുന്നതാണ് നോളജ് സിറ്റി. 300 കോടി ചെലവുവരുന്ന നോളജ് സിറ്റിയുടെ ആദ്യഘട്ടം മൂന്നു വര്‍ഷത്തിനകം സജ്ജമാവുമെന്നും കൈതപ്പൊയിലിലെ പദ്ധതിപ്രദേശത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.


നോളജ് സിറ്റി പ്രഖ്യാപനവും ഭൂമി ഏറ്റെടുക്കല്‍ കര്‍മവും സമസ്ത പ്രസിഡന്റ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തിങ്കളാഴ്ച നിര്‍വഹിച്ചു. 313 സയ്യിദന്‍മാരും മുതിര്‍ന്ന പണ്ഡിതരും നൂറുകണക്കിനു പ്രവര്‍ത്തകരും ചടങ്ങിനു സാക്ഷ്യംവഹിച്ചു. നോളജ് സിറ്റിയോടനുബന്ധിച്ചോടുള്ള യുനാനി മെഡിക്കല്‍ കോളജ് ഒരുവര്‍ഷത്തിനകം പ്രവര്‍ത്തനം ആരംഭിക്കും.

മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, ഐ.ടി പാര്‍ക്ക്, ലോ കോളജ്, സ്‌പെഷ്യല്‍ സ്‌കൂള്‍, ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, സാങ്കേതിക വിദ്യാഭ്യാസ സമുച്ചയം തുടങ്ങിയവയാണ് നോളജ് സിറ്റിയിലെ മറ്റു സ്ഥാപനങ്ങള്‍. പദ്ധതി അവതരിപ്പിച്ച ശേഷം പൊതുജനങ്ങളില്‍ നിന്നു ഫണ്ട് സമാഹരിക്കുന്നതിനനുസരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പരമാവധി അഞ്ചുവര്‍ഷത്തിനകം മുഴുവന്‍ സ്ഥാപനങ്ങളും യാഥാര്‍ഥ്യമാവുമെന്നാണു പ്രതീക്ഷയെന്നും കാന്തപുരം പറഞ്ഞു.

നോളജ് സിറ്റിക്കായി 100 ഏക്കറിലേറെ സ്ഥലം സജ്ജമായിട്ടുണ്ട്. 20,000 പേര്‍ക്ക് ഇവിടെ വിവിധ ഘട്ടങ്ങളില്‍ തൊഴില്‍ നല്‍കുമെന്നും കാന്തപുരം അറിയിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹക്കിം അസ്ഹരി, മീഡിയാ സെക്രട്ടറി പി എം യൂസുഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords:  Kozhikode, Press Meet, Kanthapuram A.P.Aboobaker Musliyar, Anniversary, Hospital, Education, Kerala, Kerala News, Kerala Vartha, Markaz knowledge city foundation stone laid
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia