Plus One | മുഴുവൻ എ പ്ലസ് നേടിയിട്ടും പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാർഥികൾ; സര്‍ക്കാര്‍ ന്യായീകരണം മാത്രം നിരത്തുന്നു; യഥാര്‍ത്ഥ പ്രശ്‌നം അധികൃതർ മനസിലാക്കുമോ?

 
Students


വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി പ്രാദേശികതലത്തില്‍ സീറ്റുകള്‍ അനുവദിച്ചിട്ടില്ല

ആദിത്യന്‍ ആറന്മുള

തിരുവനന്തപുരം: (KVARTHA) 'പത്താം ക്ലാസ് ആരംഭിച്ചപ്പോള്‍  മുതല്‍ കേട്ടത് മുഴുവന്‍ എ പ്ലസ് ഉള്ളവര്‍ക്ക് മാത്രമേ പ്ലവണ്ണിന് സീറ്റുള്ളൂ. എന്നാല്‍, ഇന്ന് മുഴുവന്‍ മാര്‍ക്ക് നേടിയിട്ടും അഡ്മിഷന്‍ ലഭിക്കാതായപ്പോള്‍ വല്ലാത്ത മാനസികാവസ്ഥയാണുള്ളത്'. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിട്ടും അഡ്മിഷന്‍ ലഭിക്കാതെ റയ സമീര്‍ എന്ന വിദ്യാര്‍ത്ഥിനി വീട്ടിലിരിക്കുകയാണ്. ഇതേക്കുറിച്ച് റയ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

Plus One Students

ട്രയല്‍ ഉള്‍പ്പെടെ മൂന്ന് അലോട്ട്‌മെന്റുകളിലും സീറ്റ് ലഭിച്ചില്ല. തന്റെ കുറ്റം കൊണ്ടല്ലെന്ന് പലരും ആശ്വസിപ്പിക്കുമ്പോഴും ഉള്ളില്‍ ആളിക്കത്തുന്ന തീയുടെ എരിച്ചിലും നീറ്റലും കനത്ത നിരാശയുമാണെന്ന് റയ പറയുന്നു. 'ഓരോ അലോട്ട്‌മെന്റ് വരുമ്പോഴും നിരാശയോടെ ഞാനും എന്റെ കുടുംബവും മുഖത്തോട് മുഖം നോക്കുമ്പോള്‍ പലരും 'അടുത്തതില്‍ വരും' എന്നു  ആശ്വസിപ്പിച്ചു. എന്നാല്‍, ഇനി അടുത്തതൊന്നില്ല!. ക്ലാസുകള്‍ തുടങ്ങാറായി. ഞാനും എന്നെ പോലുള്ള എത്രയോ പേരും വീട്ടിലിരിപ്പാണ്.

മതിയായ സീറ്റുകളുണ്ടായിട്ടും അതത് പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി വിന്യസിക്കാത്തത് കൊണ്ട് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്ലസ്ടു പഠനം അന്യമാകുന്നു. ആകെ 4.66ലക്ഷം പേരാണ് പ്ലസ് വണ്ണിന് അപേക്ഷിച്ചത്. ഇതില്‍ 3.05 ലക്ഷം പേര്‍ക്ക് അഡ്മിഷന്‍ കിട്ടി. ഇനി ഒഴിവുള്ളത് 3588 മെറിറ്റ് സീറ്റുകള്‍ മാത്രമാണ്. മൊത്തം 3,09,142 മെറിറ്റ് സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇത് ഭിന്നശേഷിക്കാരുടെയടക്കമാണ്. 

അതേസമയം എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് ക്വാട്ടായില്‍ 38,672 സീറ്റുകളുള്ളതില്‍ 36,187 ഉം കമ്മ്യൂണിറ്റി ക്വാട്ടയിലുള്ള 24,253 സീറ്റുകളില്‍ 9547 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. അപ്പോഴാണ് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ ഭാവി എന്തെന്ന് അറിയാതെ നടുക്കടലില്‍ അകപ്പെട്ട പോലെ നില്‍ക്കുന്നത്. മാനേജ്‌മെന്റുകള്‍ കാശ് വാങ്ങി പ്രവേശനം നടത്തുന്ന സമയം അതിക്രമിച്ചിരിക്കുന്നു എന്നാണിത് വ്യക്തമാക്കുന്നത്.

ഹയര്‍ സെക്കന്ററി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി 2024 മെയ് എട്ടിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2023-24 ല്‍ താല്‍ക്കാലികമായി അനുവദിച്ചതും നിലനിര്‍ത്തിയതും ഷിഫ്റ്റ് ചെയ്തതുമായ ബാച്ചുകള്‍ ഈ അധ്യയന വര്‍ഷവും തുടരുമെന്നാണ് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ അറിയിച്ചത്. മലബാര്‍ മേഖലയില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും മുപ്പത് ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനയും, എല്ലാ എയ്ഡഡ് സ്‌കൂളുകള്‍ക്കും ഇരുപത് ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനയും, ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് അധികമായി പത്ത് ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനയും അനുവദിച്ച് ഉത്തരവായിട്ടുള്ളതാണ് എന്നും പറഞ്ഞു. 

എന്നിട്ടും റയയെ പോലെ മിടുക്കരായ പലര്‍ക്കും സീറ്റുകള്‍ ലഭിക്കാത്തത് എന്തുകൊണ്ട്. ഉത്തരം വളരെ ലളിതമാണ്. വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി പ്രാദേശികതലത്തില്‍ സീറ്റുകള്‍ അനുവദിച്ചിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ ഇത്തരത്തിലുള്ള പ്രയാസം ഉണ്ടാകില്ലായിരുന്നു. കഴിഞ്ഞതവണയും ഇതേ പ്രതിസന്ധിയുണ്ടായിരുന്നു. എസ്എഫ്‌ഐ വരെ സമരത്തിനിറങ്ങിയത് ചുമ്മതല്ല. സര്‍ക്കാരിന് ഇപ്പോഴും കാര്യങ്ങള്‍ ബോധ്യം വന്നിട്ടില്ല.

മലപ്പുറം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 77,951 വിദ്യാര്‍ത്ഥികള്‍ വിജയിക്കുകയും 12,377 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുകയും ചെയ്തു. 2024ല്‍ 79,748 വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടുകയും 12,525 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സീറ്റ് ക്ഷാമമില്ലാതെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആകെയുണ്ടായിരുന്ന 70,976 സീറ്റുകളില്‍ 66,024 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുകയും 4,952 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയും ചെയ്തു. 

ഈ വര്‍ഷം പ്രവേശനത്തിനായി ഹയര്‍ സെക്കണ്ടറി മേഖലയില്‍ 71,456 സീറ്റുകളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 2,850 സീറ്റുകളും ഐ.ടി.ഐ. മേഖലയില്‍ 5,484  സീറ്റുകളും പോളിടെക്നിക് മേഖലയില്‍ 880 സീറ്റുകളും ഉള്‍പ്പെടെ 80,670 സീറ്റുകള്‍ മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി. പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി ഉണ്ട്. ഇതു കൂടാതെ തന്നെ സ്‌കോള്‍ കേരളയിലും പ്രവേശനം നേടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 12,895  വിദ്യാര്‍ത്ഥികളാണ് സ്‌കോള്‍ കേരളയില്‍ പ്രവേശനം നേടിയത്.

പ്ലസ് വണ്‍ പ്രവേശനത്തിന്റെ നിലവിലെ സ്ഥിതി ഇങ്ങിനെയാണ്, മലപ്പുറം ജില്ലയില്‍ ആകെ അപേക്ഷകര്‍ -82,466. ഇതില്‍ 7,606 ജില്ലയ്ക്ക് പുറത്തുള്ളവരും 74,860 പേര്‍ ജില്ലയ്ക്ക് അകത്തുള്ളവരുമാണ്. മലപ്പുറം ജില്ലയില്‍ അപേക്ഷ സമര്‍പ്പിച്ച 82,466ൽ 4,352 പേര്‍ക്ക് മറ്റു ജില്ലകളില്‍ പ്രവേശനം ലഭിച്ചു. തൃശ്ശൂര്‍ - 543, പാലക്കാട് - 2,370; കോഴിക്കോട് - 1,383; ഈ മൂന്ന് ജില്ലകളും മലപ്പുറവും ഒഴിച്ച് മറ്റ് ജില്ലകളില്‍ 56 പേര്‍ക്കും അഡ്മിഷന്‍ കിട്ടി. ജില്ലയില്‍ ശേഷിക്കുന്ന അപേക്ഷകര്‍ -78,114. എന്തുകൊണ്ട് ഇങ്ങിനെ സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍ അധികൃതര്‍ക്ക് വ്യക്തമായ മറുപടിയുണ്ടാവില്ല. 

അതത് പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് ബാച്ചുകളുടെ എണ്ണം കൂട്ടുകയും അധ്യാപകരെ വിന്യസിക്കുകയും വേണം. സീറ്റുകള്‍ കൂടുതല്‍ ഒഴിഞ്ഞുകിടക്കുന്നിടത്തെ ബാച്ചുകള്‍ ആവശ്യമുള്ളിടത്തേക്ക് മാറ്റുകയും അവിടേക്ക് അധ്യാപകരെ നിയമിക്കുകയോ, പുനര്‍വിന്യസിക്കുകയോ ചെയ്യണം. അത് ചെയ്യാത്തിടത്തോളം കാലം പ്ലസ് വണ്‍ പ്രവേശനം കീറാമുട്ടിയായി തുടരും. അധ്യാപകരെ നിയമിക്കുന്നതിനും പുതിയ ബാച്ച് അനുവദിക്കുന്നതിനും സര്‍ക്കാരിന് ആലോചനയില്ല. കാരണം അത് കാശ് ചെലവുള്ള ഏര്‍പ്പാടാണ്.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia