Malayalam Script | ലിപി പരിഷ്ക്കരണം 2 മാസത്തിനുള്ളില്‍; തുടര്‍ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍; പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലായാല്‍ കൂട്ടക്ഷരങ്ങള്‍ 26-ല്‍ നിന്ന് 65 എണ്ണമാകും, കടമ്പകള്‍ ഏറെ
May 12, 2022, 17:25 IST
തിരുവനന്തപുരം: (www.kvartha.com) സര്‍കാര്‍ തല ലിപി പരിഷ്കരണം രണ്ടു മാസത്തിനുള്ളില്‍ നടപ്പിലാകും. അതിന്റെ ഭാഗമായി ഫോണ്ട് പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ മീറ്റിംഗ് നടന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും.
മലയാളത്തില്‍ ഏകീകൃത ലിപിയും എഴുത്തുഘടനയും നടപ്പാക്കാനുള്ള ഭാഷാ മാര്‍ഗനിര്‍ദേശക വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ ഉടന്‍ പ്രാബല്യത്തിലാക്കുമെന്ന് സര്‍കാര്‍ ഉത്തരവിറക്കിയെങ്കിലും മുന്നിലുള്ളത് പല കടമ്പകള്‍. പല രീതിയിലുള്ള ലിപിയാണു നിലവില്‍ എഴുത്തിലും ടൈപിങ്ങിലും അച്ചടിയിലുമെല്ലാം ഉപയോഗിക്കുന്നത്. കംപ്യൂടറില്‍ ടൈപിങ് ഘടന മാറ്റാതെ തന്നെ പുതിയ ലിപി അനുസരിച്ച് ഫോണ്ടുകളില്‍ പരിഷ്കാരം വരുത്തി ഇത് പരിഹരിക്കാനാകും.
പഴയ കൂട്ടക്ഷരങ്ങളെ തിരികെ കൊണ്ടുവന്നും ഉ, ഊ( ു, ൂ) എന്നിവയുടെ ചിഹ്നങ്ങളെ പുതിയ രീതിയില്‍ വേര്‍തിരിച്ചുമുള്ള ലിപി പരിഷ്കരണത്തിന് സി- ഡിറ്റ്, ഐ സി ഫോസ് എന്നീ സ്ഥാപനങ്ങളെയാണ് ഏല്പിച്ചിരിക്കുന്നത്.
സ്വതന്ത്ര മലയാള കംപ്യൂടിംഗ് ഫോണ്ടുകളില്‍ പരിഷ്കരണം വരുത്തി സൗജന്യമായി എല്ലാവര്ക്കും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കും. പരീക്ഷണാടിസ്ഥാനത്തില്‍ മഞ്ജരി ഫോണ്ടില്‍ ചില മാറ്റങ്ങള്‍ വരുത്തി മഞ്ജുള 22 എന്ന പുതിയ ഫോണ്ട് തയ്യാറാക്കിയിട്ടുണ്ട്. നിള ഫോണ്ടില്‍ മാറ്റം വരുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.
ഏഴ് വേരിയന്റുകള്‍ ഉണ്ട് എന്നതാണ് നിളയെ പരിഗണിക്കാനുള്ള കാരണം. 'റ'കാരം ചേര്‍ത്തെഴുതണം. 'വ്യക്തം' എന്ന വാക്കില്‍ കയും തയും പിരിച്ചെഴുതുന്നതിന് പകരം 'വ്യക്തം' എന്ന് ചേര്‍ത്തെഴുതണം. ക്ളിപ്തം എന്നത് കയും ചന്ദ്രക്കലയും ളയും എഴുതുന്നതിന് പകരം 'ക്ള' എന്നെഴുതണം. പ്ളാവ് എന്നതിന് പ്ളാവ് എന്നെഴുതണം. ഇതോടെ പുതിയ നിര്‍ദേശങ്ങള്‍ നടപ്പായാല്‍ കൂട്ടക്ഷര ലിപികള്‍ 65 എണ്ണമാകും. എഴുത്തിനും അച്ചടിക്കും ഒരേ ലിപി തന്നെ ഉപയോഗിക്കണമെന്നതാണ് ലിപി പരിഷ്കരണത്തിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്.
1971 ല്‍ നടപ്പാക്കിയ ലിപി പരിഷ്കരണം പ്രകാരം മലയാളത്തില്‍ 90 ലിപികളാണുള്ളത്. സ്വരങ്ങളും ഉപചിഹ്നങ്ങളും 23, വ്യഞ്ജനങ്ങള്‍ 36, ചില്ലുകള്‍ 5, കൂട്ടക്ഷരങ്ങള്‍ 26 എന്നിങ്ങനെയാണത്.
* ഉ, ഊ : അക്ഷരങ്ങള്‍ക്കൊപ്പം 'ഉ', 'ഊ' എന്നിവ ചേര്‍ക്കാന്‍ 'ു' , 'ൂ' എന്നിവ മാത്രം ഉപയോഗിക്കണം. കൂട്ടക്ഷരമായി ഇവ എഴുതുന്ന രീതി ഉപേക്ഷിക്കണം. ഓരോ അക്ഷരത്തിനൊപ്പവും 'ഉ'കാരവും 'ഊ'കാരവും ചേര്‍ക്കുമ്പോള്‍ ലിപികള്‍ക്ക് ഏകീകൃത ഘടനയല്ല എന്നതാണ് കാരണം.
* കൂട്ടക്ഷരം: 1971 ലെ ലിപി പരിഷ്കരണം അനുസരിച്ച് 26 കൂട്ടക്ഷരങ്ങള്‍ ഒഴികെയുള്ളവ ചന്ദ്രക്കലയിട്ട് ഇണക്കിയെഴുതാമായിരുന്നു. ഇതുമാറ്റി പിരിച്ചെഴുത്ത് അനിവാര്യമായവ ഒഴികെ എല്ലാ കൂട്ടക്ഷരങ്ങളും ചേര്‍ത്തെഴുതണം.
ഒരേ വര്‍ണത്തിന്റെ ഇരട്ടിപ്പ് പിരിച്ചെഴുതരുത്. ഉദാ: ക്ക, ച്ച. രണ്ടു വര്‍ണങ്ങള്‍ ചേര്‍ന്നുള്ള കൂട്ടക്ഷരങ്ങള്‍ ആവശ്യമെങ്കില്‍ ചന്ദ്രക്കല ചേര്‍ത്ത് ഇണക്കിയെഴുതാം. എന്നാല്‍ 'ന', 'റ' എന്നിവ ചേര്‍ത്തുള്ള കൂട്ടക്ഷരം 'ന്റ' എന്നു തന്നെ എഴുതണം; 'ന്റ' എന്നെഴുതരുത്. 'റ്റ' മറ്റൊരു അക്ഷരത്തിന്റെ അടിയില്‍ വരുന്ന വിധം ചേര്‍ത്തെഴുതുമ്പോള്‍ മാത്രം 'ററ' ആകാം.
* ള: 1971 ലെ ലിപി പരിഷ്കരണ ഉത്തരവില്‍ 'ള'കാരം ഉപചിഹ്നമായി ഉള്‍പെടുത്തിയിരുന്നില്ല. അത് ഉള്‍പെടുത്താമെന്നും ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ ലിപി പരിഷ്കാരം പാഠപുസ്തകങ്ങളില്‍ ഉടന്‍ നടപ്പാക്കാന്‍ സാധ്യതയില്ലെന്ന് സൂചന. ഒരു അധ്യയന വര്‍ഷത്തിന്റെ പകുതിയില്‍ പാഠപുസ്തക ലിപി മാറുന്നത് പ്രശ്നമാകുമെന്നതാണ് കാരണം. രണ്ടാം ടേം മുതല്‍ പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ച ലിപി അനുസരിച്ച് അച്ചടിക്കണോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
വിദഗ്ധ സമിതിയുടെ പ്രധാന ശുപാര്‍ശകളിലൊന്ന് അക്ഷരമാല പാഠപുസ്തകങ്ങളില്‍ വീണ്ടും ഉള്‍പെടുത്തണമെന്നതായിരുന്നു. സ്വരാക്ഷരങ്ങള്‍ കൊടുക്കുമ്പോള്‍ 'അം' എന്നതിനൊപ്പം 'അനുസ്വാരം' എന്നും 'അഃ' എന്നതിനൊപ്പം 'വിസര്‍ഗം' എന്നും ബ്രാകറ്റില് രേഖപ്പെടുത്തണമെന്നും സമിതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാവും പുസ്തകങ്ങളില്‍ സ്വര, വ്യഞ്ജന അക്ഷരങ്ങള്‍ ഉള്‍പെടുത്തുക.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.