Cabinet Decision | സ്‌കൂള്‍ പരീക്ഷകളില്‍ സബ്ജക്ട് മിനിമം നടപ്പാക്കാന്‍ തീരുമാനം; മൂല്യനിര്‍ണയത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങള്‍

 
Kerala education, school exams, subject-wise minimum marks, Outer Ring Road, government decision

Photo Credit: Facebook / Pinarayi Vijayan

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിനായി മേയ് 26 ന് സംഘടിപ്പിച്ച ഏകദിന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണിത്.  

തിരുവനന്തപുരം: (KVARTHA) സ്‌കൂള്‍ പരീക്ഷകളില്‍ സബ്ജക്റ്റ് മിനിമം നടപ്പാക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2024-25 അക്കാദമിക വര്‍ഷം 8-ാം ക്ലാസ്സിലും 2025-26 അക്കാദമിക വര്‍ഷം 8, 9 ക്ലാസ്സുകളിലും 2026-27 അക്കാദമിക വര്‍ഷം 8, 9, 10 ക്ലാസ്സുകളിലും സബ്ജക്റ്റ് മിനിമം നടപ്പാക്കാനാണ് തിരുമാനം. നിരന്തര മൂല്യനിര്‍ണയത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കും. ഇതിന്റെ ആദ്യ പടിയായി 1 മുതല്‍ 10 വരെയുളള ക്ലാസ്സുകളില്‍ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടി രൂപീകരിക്കും.

 

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിനായി മേയ് 26 ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണിത്.  

 

ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മ്മാണത്തിന്റെ 1629 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

 

വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിന്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നല്‍കി. 45 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയ പാത അതോറിറ്റി, ക്യാപിറ്റല്‍ റീജിയണ്‍ ഡെവലപ്മെന്റ് പ്രോജക്റ്റ് -II (CRDP), പൊതുമരാമത്ത് വകുപ്പ് എന്നിവര്‍ ഉള്‍പ്പെട്ട കരട് ചതുര്‍കക്ഷി കരാറാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ചത്. 

ഔട്ടര്‍ റിംഗ് റോഡ് നിര്‍മ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 50% ( ഏകദേശം 930.41 കോടി രൂപ) കിഫ്ബി മുഖേന നല്‍കും. സര്‍വീസ് റോഡുകളുടെ നിര്‍മ്മാണത്തിനാവശ്യമായ തുക (ഏകദേശം 477.33 കോടി രൂപ ) MIDP (Major Infrastructure Development Projects) യുടെ ഭാഗമാക്കാവുന്നതും, ഈ തുക 5 വര്‍ഷത്തിനുള്ളില്‍ കേരള സര്‍ക്കാര്‍ ദേശീയപാത അതോറിറ്റിക്ക് നല്‍കുന്നതുമാണ്.

ഇതിനു പുറമെ റോയല്‍റ്റി, ജിഎസ്ടി ഇനങ്ങളില്‍  ലഭിക്കുന്ന തുകയും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവെക്കും. ചരക്ക് സേവന നികുതി ഇനത്തില്‍ ലഭിക്കുന്ന 210.63 കോടി രൂപയും, റോയല്‍റ്റി ഇനത്തില്‍ ലഭിക്കുന്ന 10.87 കോടി രൂപയുമാണ് വേണ്ടെന്നുവെക്കുക.  

ഔട്ടര്‍ റിംഗ് റോഡിന്റെ നിര്‍മ്മാണത്തിനിടെ ലഭ്യമാകുന്ന കരിങ്കല്‍ ഉല്‍പ്പന്നങ്ങളും മറ്റ് പാറ ഉല്‍പ്പന്നങ്ങളും റോയല്‍റ്റി ഇളവ് ലഭിക്കുന്ന ഉല്‍പ്പന്നങ്ങളും ഈ ദേശീയപാതയുടെ നിര്‍മ്മാണത്തിന് മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ.

ദേശിയപാത അതോറിറ്റി നിയോഗിക്കുന്ന എഞ്ചിനീയര്‍, ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ ജിയോളജിസ്റ്റ് എന്നിവരുടെ സംയുക്ത ടീം റോയല്‍റ്റി ഇളവ് ലഭിക്കേണ്ട ഉല്‍പ്പന്നങ്ങളുടെ അളവ് സര്‍ട്ടിഫൈ ചെയ്യേണ്ടതാണ്.

ഔട്ടര്‍ റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന ചരക്ക് സേവന നികുതി വിഹിതം, ദേശീയപാത അതോറിറ്റിക്ക് ഗ്രാന്റ് ആയി നല്‍കും.  ദേശീയപാത അതോറിറ്റി സമര്‍പ്പിക്കുന്ന നിര്‍ദ്ദേശം സൂക്ഷ്മപരിശോധന നടത്തി ഗ്രാന്റ് നല്‍കുന്നതിന് നികുതി-ധനകാര്യ വകുപ്പുകള്‍ ചേര്‍ന്ന് നടപടിക്രമം വികസിപ്പിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണിത്. 

വിസിലിന് സര്‍ക്കാര്‍ ഗ്യാരണ്ടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്കായി നബാര്‍ഡില്‍ നിന്നും 2100 കോടി രൂപ വായ്പ എടുക്കുന്നതിന് നബാര്‍ഡ് നല്കിയിട്ടുള്ള വായ്പാ അനുമതി കത്തിലെ നിബന്ധനകളും വ്യവസ്ഥകളും ഭേദഗതിയോടെ അംഗീകരിക്കും.

തുറമുഖ നിര്‍മ്മാണത്തിന് വേണ്ടി നബാര്‍ഡ് വായ്പ എടുക്കുന്നതിനായി, നേരത്തേ ഹഡ്‌കോയില്‍ നിന്നും ലോണ്‍ എടുക്കുന്നതിന് അനുവദിച്ച ഗവണ്‍മെന്റ് ഗ്യാരന്റി റദ്ദ് ചെയ്യും. നബാര്‍ഡില്‍ നിന്നും 2100 കോടി രൂപ വായ്പ എടുക്കുന്നതിന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന് ഗവണ്‍മെന്റ് ഗ്യാരന്റി അനുവദിക്കും

കരാറുകള്‍ ഒപ്പു വയ്ക്കുന്നതിന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ക്ക് അനുമതി നല്‍കും. നബാര്‍ഡില്‍ നിന്നും എടുക്കുന്ന വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. 

കാലാവധി  ദീര്‍ഘിപ്പിച്ചു

ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ ഡയറക്ടറായുള്ള ഡോ.കെ.ജെ. ജോസഫിന്റെ കാലാവധി 19/07/2024  മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു.

തസ്തിക സൃഷ്ടിക്കും

സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഒരു തസ്തിക പൊതുഭരണവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിക്ക് തുല്യമായി സൃഷ്ടിക്കും.

സര്‍ക്കാര്‍ ഗ്യാരണ്ടി

കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന് കേരള ബാങ്കില്‍ നിന്നും വായ്പ എടുക്കുന്നതിന് 5 വര്‍ഷത്തേയ്ക്ക് 8 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി, വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കും.

നിയമനം

ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറായി കോട്ടയം, ഗാന്ധിനഗര്‍ സ്വദേശി  ഡോ.പി.ടി ബാബുരാജിനെ  നിയമിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia