പുനർവിവാഹിതരായ മാതാപിതാക്കളുടെ കുട്ടികൾക്ക് സംരക്ഷണം; സുരക്ഷാമിത്ര പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മാസത്തിലൊരിക്കൽ ഉദ്യോഗസ്ഥർ കുട്ടികളുടെ വീടുകൾ സന്ദർശിക്കും.
● പരാതി നൽകാൻ എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടികൾ സ്ഥാപിക്കും.
● കുട്ടികളുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും.
● പദ്ധതിയുടെ പുരോഗതി മൂന്ന് മാസത്തിലൊരിക്കൽ സർക്കാരിന് റിപ്പോർട്ട് ചെയ്യും.
തിരുവനന്തപുരം: (KVARTHA) പുനർവിവാഹിതരായ മാതാപിതാക്കളുടെ കുട്ടികൾക്ക് സ്‌കൂളുകളിൽ പ്രത്യേക സംരക്ഷണം ഒരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ മാനസികവളർച്ചയും പഠനവും ഉറപ്പാക്കുക, അതിക്രമങ്ങൾ തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് 'സുരക്ഷാമിത്ര' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

പുനർവിവാഹം ചെയ്ത വീടുകളിൽ ആദ്യ വിവാഹത്തിലെ കുട്ടികൾക്ക് ആവശ്യമായ പരിഗണന ലഭിക്കാത്ത സാഹചര്യങ്ങൾ പലയിടത്തുമുണ്ട്. ഇത്തരം അവഗണനകൾ കുട്ടികളുടെ മാനസിക വളർച്ചയെയും പഠനത്തെയും ദോഷകരമായി ബാധിക്കുന്നതിനാൽ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണ് സുരക്ഷാമിത്രയുടെ പ്രധാന ലക്ഷ്യം.
സുരക്ഷാമിത്ര പദ്ധതിയുടെ ഭാഗമായി പുനർവിവാഹിതരായ മാതാപിതാക്കളുള്ള കുട്ടികളുടെ വിവരങ്ങൾ സ്‌കൂളുകളിൽ ശേഖരിക്കും. തുടർന്ന് മാസത്തിലൊരിക്കൽ ഉദ്യോഗസ്ഥർ ഈ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും.
ഇതിനായി അധ്യാപകർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, സൗഹൃദ ക്ലബ്ബുകൾ എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തും. മാനസിക സമ്മർദ്ദം, അതിക്രമം, അവഗണന തുടങ്ങിയവ കുട്ടികൾ നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂളിലെ പ്രിൻസിപ്പലിനെയോ ഹെഡ് മാസ്റ്ററിനെയോ അറിയിച്ച് തുടർനടപടികൾ സ്വീകരിക്കും.
കുട്ടികൾക്ക് നേരിട്ടും പരാതികൾ നൽകാൻ പദ്ധതിയിൽ സൗകര്യമുണ്ട്. ഇതിനായി എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടികൾ സ്ഥാപിക്കും. ഒറ്റപ്പെട്ട വീടുകളിലും ഫ്ലാറ്റുകളിലുമുള്ള കുട്ടികൾ, ഒറ്റ മാതാപിതാക്കൾ മാത്രമുള്ള കുട്ടികൾ, ജോലിക്കാരായ മാതാപിതാക്കളുള്ള കുട്ടികൾ എന്നിവരുടെ സംരക്ഷണം ഉറപ്പാക്കാനും സുരക്ഷാമിത്ര സഹായിക്കും.
കൂടാതെ, സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും ബന്ധുക്കളിൽ നിന്നും ഉണ്ടാകുന്ന ദുരനുഭവങ്ങളും ഉപദ്രവങ്ങളും കുട്ടികൾക്ക് രഹസ്യമായി സുരക്ഷാമിത്രയിലൂടെ അറിയിക്കാം. കുട്ടികളുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും.
പദ്ധതിയുടെ തുടർനടപടികൾക്ക് പോലീസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, എക്‌സൈസ് തുടങ്ങിയ വകുപ്പുകളുടെ സേവനം ആവശ്യാനുസരണം പ്രയോജനപ്പെടുത്തും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരുടെ പ്രതിമാസ യോഗങ്ങളിൽ പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യും.
ജില്ലയിൽ ലഭിച്ച പരാതികളും തീർപ്പാക്കിയ കേസുകളും രേഖപ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണം. മൂന്ന് മാസത്തിലൊരിക്കൽ പദ്ധതിയുടെ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് നൽകും.
കുട്ടികളുടെ മാനസിക - ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും നിയമങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കുന്നതിനുമായി സുരക്ഷാമിത്ര പദ്ധതിയുടെ ഭാഗമായി 200 അധ്യാപകർക്ക് മാസ്റ്റർ പരിശീലനം നൽകിക്കഴിഞ്ഞു.
ഈ മാസ്റ്റർ പരിശീലനം ലഭിച്ച അധ്യാപകരെ ഉപയോഗിച്ച് ഒക്ടോബറിൽ നടക്കുന്ന ജില്ലാതല പരിശീലനത്തിൽ 4200 അധ്യാപകർക്ക് പരിശീലനം നൽകും. ഇതിന് ശേഷം ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി തലത്തിലുള്ള 80,000 അധ്യാപകർക്ക് ഫീൽഡ് തലത്തിലും പരിശീലനം നൽകും.
ഈ പദ്ധതിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? മറ്റുള്ളവർക്കും ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Kerala launches 'Surakshamitra' project for children's safety.
#KeralaEducation #ChildSafety #Surakshamitra #PublicEducation #KeralaGovernment #StudentWelfare