ഗവര്‍ണറെ വെല്ലുവിളിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വകലാശാലാ സെനറ്റ് യോഗം

 


കണ്ണൂര്‍: (www.kvartha.com 31.01.2020) ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച് കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് യോഗം പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം പാസാക്കി.

ഇന്ത്യന്‍ ഭരണഘടനയ്ക്കും നാടിന്റെ മതനിരപേക്ഷതയ്ക്കും ഭീഷണിയായ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക, ജെഎന്‍യു, ജാമിയ മിലിയ, അലിഗഡ് തുടങ്ങിയ രാജ്യത്തെ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ്, സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ഗുണ്ടാരാജ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സിന്‍ഡിക്കേറ്റ് അംഗം ബിജു കണ്ടക്കൈ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഗവര്‍ണറെ വെല്ലുവിളിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വകലാശാലാ സെനറ്റ് യോഗം

കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് യോഗം അടിയന്തരപ്രമേയത്തിലൂടെ ഈ ആവശ്യം അംഗീകരിച്ചു. കണ്ണൂര്‍ സര്‍വകലാശാല സെനറ്റിന്റെ പ്രഥമ യോഗത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവിന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സെനറ്റില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി പ്രതിനിധിയെ സിന്‍ഡിക്കേറ്റിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മാര്‍ച്ചില്‍ ചേരുന്ന വാര്‍ഷിക സെനറ്റ് യോഗത്തിലേക്ക് മാറ്റിവെച്ചതായി അധ്യക്ഷന്‍ അറിയിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്.

രാവിലെ 11 മണി വരെ നീണ്ട ചോദ്യോത്തര വേളയില്‍ സെനറ്റ് അംഗങ്ങള്‍ 65 ചോദ്യങ്ങള്‍ ചോദിക്കുകയും എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍ മറുപടി പറയുകയും ചെയ്തു. മഹാത്മാ ഗാന്ധിയുടെ 72-ാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് രണ്ടു മിനുട്ട് മൗനം ആചരിച്ചു.

സ്റ്റാറ്റിയൂട്ടറി ഫിനാന്‍സ് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയായി പി ജെ സാജുവിനെ തിരഞ്ഞെടുത്തു.സെനറ്റിന് കീഴിലെ വിവിധ ഉപസമിതികള്‍ രൂപീകരിച്ചു. സര്‍വകലാശാലയില്‍ ഗവേഷണം ചെയ്യുന്നവര്‍ക്ക് ഗൈഡിന്റെ റിട്ടയര്‍മെന്റിന് ശേഷം അതേ ഗൈഡിന് കീഴില്‍ ഗവേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നിലവിലെ ഉത്തരവ് പുനഃപരിശോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സെനറ്റംഗം ജോബി കെ ജോസ് നല്‍കിയ പ്രമേയം അംഗീകരിച്ചു.

പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പിടി രവീന്ദ്രന്‍, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മുഹമ്മദ് ഇ വി പി, എം എല്‍ എ കെ സി ജോസഫ്, മറ്റ് സെനറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Kannur University Senate passes resolution on Citizenship Amendment Act, Kannur, News, Education, Governor, Trending, Students, Police, attack, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia