New Law | 10 വർഷം തടവും ഒരു കോടി പിഴയും! ചോദ്യ പേപ്പർ ചോർച്ച തടയുന്നതിനുള്ള പുതിയ കേന്ദ്ര സർക്കാർ നിയമത്തെ വിശദമായി അറിയാം; രാജ്യത്ത് പ്രബല്യത്തിൽ വന്നു


നീറ്റ്, യുജിസി-നെറ്റ് പരീക്ഷകൾ വിവാദമായ സാഹചര്യത്തിലാണ് ചോദ്യപേപ്പർ ചോർച്ച തടയാനുള്ള കേന്ദ്രസർക്കാർ നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നത്
ന്യൂഡെൽഹി: (KVARTHA) മത്സര പരീക്ഷകളിലെ ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും തടയാൻ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ. വെള്ളിയാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. നീറ്റ്, യുജിസി-നെറ്റ് പരീക്ഷകൾ വിവാദമായ സാഹചര്യത്തിലാണ് ചോദ്യപേപ്പർ ചോർച്ച തടയാനുള്ള കേന്ദ്രസർക്കാർ നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
10 വർഷം തടവും ഒരു കോടി പിഴയും
ഈ വർഷം ഫെബ്രുവരിയിലാണ് പുതിയ നിയമം പാസാക്കിയത്. വെള്ളിയാഴ്ച രാത്രി മുതൽ പ്രാബല്യത്തിൽ വന്നു. 'പബ്ലിക് എക്സാമിനേഷൻ ആക്റ്റ് 2024' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പുതിയ നിയമപ്രകാരം നിയമ ലംഘകർക്ക് 10 വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കാം. വഞ്ചനക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് അഞ്ച് മുതൽ 10 വരെ തടവുമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. സംഘടിത കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയാൽ സ്ഥാപനത്തിന്റെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്യും. അതുവഴി പരീക്ഷയിലുണ്ടായ സാമ്പത്തിക നഷ്ടം നികത്താനാകും. സംശയാസ്പദമായ കേസുകളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം നടത്തും.
ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
പരീക്ഷാ സേവന ദാതാക്കൾക്കും ഈ നിയമം ബാധകമാണ്. അന്വേഷണത്തിൽ, പരീക്ഷാ സമയത്തെ ക്രമക്കേടുകൾ പരീക്ഷാ സേവന ദാതാവിന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും എന്നിട്ടും ഒന്നും ചെയ്തിട്ടില്ലെന്നും കണ്ടെത്തിയാൽ ഒരു കോടി രൂപ വരെ പിഴ ചുമത്താം. കൂടാതെ, സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥനും പങ്കുണ്ടെന്ന് അന്വേഷണത്തിൽ എന്തെങ്കിലും തെളിവുകൾ കണ്ടെത്തിയാൽ, ആ വ്യക്തിക്കും 10 വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ചുമത്താം.
എല്ലാ പൊതുപരീക്ഷകളിലും കൂടുതൽ സുതാര്യത കൊണ്ടുവരികയും ക്രമക്കേടുകളില്ലെന്ന് പരീക്ഷാർത്ഥികൾക്ക് ഉറപ്പുനൽകുകയുമാണ് ഈ നിയമത്തിൻ്റെ ലക്ഷ്യം. നേരത്തെ രാജസ്ഥാനിലെ ടീച്ചർ റിക്രൂട്ട്‌മെൻ്റ് പരീക്ഷ, ഹരിയാനയിലെ ഗ്രൂപ്പ്-ഡി തസ്തികകളിലേക്കുള്ള കോമൺ എലിജിബിലിറ്റി ടെസ്റ്റ് (സിഇടി), ഗുജറാത്തിലെ ജൂനിയർ ക്ലർക്ക് റിക്രൂട്ട്‌മെൻ്റ് പരീക്ഷ, ബിഹാറിലെ പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷ എന്നിവയിലും ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
നിയമത്തിൻ്റെ പരിധിയിൽ വരുന്നവർ
പൊതു പരീക്ഷാ സ്ഥാപനങ്ങളോ കേന്ദ്രസർക്കാരിൻ്റെ അംഗീകാരമുള്ള സ്ഥാപനങ്ങളോ നടത്തുന്ന എല്ലാ പരീക്ഷകളും പുതിയ നിയമത്തിൻ്റെ പരിധിയിൽ വരും. പല പ്രമുഖ പരീക്ഷകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യു.പി.എസ്.സി., എസ്.എസ്.സി, റെയിൽവേ നടത്തുന്ന മത്സര പരീക്ഷകൾ, ബാങ്കിംഗ് റിക്രൂട്ട്‌മെൻ്റ് പരീക്ഷകൾ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന എല്ലാ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളും നിയമത്തിൻ്റെ പരിധിയിൽ വരും.
അതേസമയം നിയമം പരീക്ഷയിൽ ഹാജരായ ഉദ്യോഗാർത്ഥികളെ ശിക്ഷാനടപടികളിൽ നിന്ന് സംരക്ഷിക്കുന്നുണ്ട്. മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർ ഈ നിയമത്തിൻ്റെ പരിധിയിൽ വരുന്നവരല്ല. നിയമം കൂടുതൽ കാര്യക്ഷമമാക്കാൻ കംപ്യൂട്ടർ വഴി നടത്തുന്ന പരീക്ഷകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഉന്നതതല ദേശീയ സാങ്കേതിക സമിതി രൂപീകരിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാനും വ്യവസ്ഥ ചെയ്യാവുന്നതാണ്.