Admission | 'സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു', അഹമ്മദാബാദ് ഐ.ഐ.എമ്മിൽ പ്രവേശനം നേടി അമിതാഭ് ബച്ചന്റെ ചെറുമകൾ നവ്യ നവേലി നന്ദ
വലിയ സിനിമാ കുടുംബത്തിലാണ് ജനിച്ചതെങ്കിലും സാമൂഹ്യ പ്രവർത്തനം ഇഷ്ടപ്പെടുന്നയാളാണ് നവ്യ നവേലി നന്ദ
അഹ്‌മദാബാദ്: (KVARTHA) ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെ ചെറുമകൾ നവ്യ നവേലി നന്ദ, അഹ്‌മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎം) ബിപിജിപി (Blended Post Graduate Programme) എംബിഎ കോഴ്സിൽ പ്രവേശനം നേടിയിരിക്കുകയാണ്. രണ്ട് വർഷമാണ് കോഴ്‌സിന്റെ കാലാവധി. നവ്യ ഇൻസ്റ്റാഗ്രാമിൽ വിവരം പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറത്തു വന്നത്.
'സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു, അടുത്ത 2 വർഷം, മികച്ച ആളുകളുടെയും ഫാക്കൽറ്റിയുടെയും കൂടെ! 2026 ലെ ബ്ലെൻഡഡ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (BPGP) ക്ലാസ്', എന്ന അടിക്കുറിപ്പോടെയാണ് നവ്യ പോസ്റ്റ് പങ്കുവെച്ചത്. ഐഐഎമ്മിന്റെ പച്ചപ്പു നിറഞ്ഞ കാമ്പസിൽ കറുത്ത വസ്ത്രം ധരിച്ച നവ്യയും സുഹൃത്തുക്കളും ചിരിച്ചുനിൽക്കുന്നത് പങ്കുവെച്ച ചിത്രങ്ങളിൽ കാണാം. സഹായം നൽകിയ തന്റെ അധ്യാപകൻ പ്രസാദിനെ അഭിനന്ദിച്ച്, കേക്ക് മുറിക്കുന്ന ചിത്രവും നവ്യ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരുന്നു.
വലിയ സിനിമാ കുടുംബത്തിലാണ് ജനിച്ചതെങ്കിലും സാമൂഹ്യ പ്രവർത്തനം ഇഷ്ടപ്പെടുന്നയാളാണ് നവ്യ നവേലി നന്ദ. 2021-ൽ, ഇന്ത്യയിലെ ലിംഗ അസമത്വത്തിനെതിരെ പോരാടാൻ ലക്ഷ്യമിട്ട് നവ്യ 'പ്രോജക്റ്റ് നവേലി' എന്ന സംരംഭം ആരംഭിച്ചിരുന്നു. കൂടാതെ തന്റെ ആശയങ്ങളെ പറ്റി മറ്റുള്ളവരോട് പറയാൻ വാട്ട് ദ ഹെൽ നവ്യ എന്ന ഒരു പോഡ്കാസ്റ്റും തുടങ്ങി. ഈ പോഡ്കാസ്റ്റിൽ നവ്യ പല വിഷയങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്. പ്രത്യേകിച്ച് പെൺകുട്ടികളെ സംബന്ധിച്ച വിഷയങ്ങളെക്കുറിച്ച്.
സിനിമാ ലോകത്തുള്ള പ്രശസ്തരായ ജയ ബച്ചൻ, അമ്മ ശ്വേത ബച്ചൻ എന്നിവരും ഈ പോഡ്കാസ്റ്റിൽ പങ്കാളികളായി. ചെറുപ്പം മുതൽ മികച്ച വിദ്യാഭ്യാസം നേടിയിരിക്കൊണ്ടിരിക്കുന്ന നവ്യ, ഇപ്പോൾ അക്കാദമിക രംഗത്തും തന്റേതായ കരിയർ ഉയർത്തിക്കൊണ്ട് വരികയാണ്.
#NavyaNaveliNanda, #IIMAhmedabad, #AmitabhBachchan, #BPGPProgram, #Bollywood, #CareerAchievement